വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍
കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു. ഇതിനായി രണ്ടുകോടി രൂപ സര്‍ക്കാര്‍ സഹായമായി അനുവദിച്ചു. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയില്‍നിന്നാണ് ഈ തുക നല്‍കുന്നത്. കേരളത്തെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിന് കൂടുതല്‍ ഗവേഷണ കേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുടങ്ങണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെയും നടപടി.
സബ്‌സിഡി, ഓഹരി, വായ്പ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ രണ്ടുകോടി രൂപ നല്‍കുന്നത്. 42.85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്. ഇതേ തുകതന്നെ സര്‍ക്കാര്‍ ഓഹരിയായും മാറ്റും. 1.14 കോടി രൂപയാണ് വായ്പയായി നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടില്‍നിന്നുതന്നെ പണം അനുവദിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഹകരണ ആശുപത്രി മേഖലയെ ശക്തിപ്പെടുത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള് ത്രൈവാര്‍ഷിക കര്‍മ്മപദ്ധതിയായി തയ്യാറാക്കിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സഹകരണ ആശുപത്രി മേഖലയിലെ മാറ്റം. പ്രാദേശികതലം മുതല്‍ അപ്പക്‌സ് സ്ഥാപനം വരെ ഓരോ തലത്തിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതില്‍ നിശ്ചയിച്ചിട്ടുണ്ട്. ആധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ തീരുമാനിച്ചത് ഈ ദൗത്യത്തിന്റെ ഭാഗം കൂടിയാണ്.
കോവിഡ് വ്യാപനത്തിന് ശേഷമാണ് വൈറോളജി മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കിയുള്ള ആസൂത്രണം സര്‍ക്കാര്‍ നടത്തിയത്. ഇതിന്റെ പിന്‍പറ്റിയാണ് സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷനും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.റ്റി.പി.സി.ആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്‌സ്, കാര്‍ബണ്‍ ഡയോക്‌സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങിവയെല്ലാം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.
കേരളത്തെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ രംഗത്തെ ഹബ്ബാക്കി മാറ്റാനുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ലോകത്തെ പ്രധാനപ്പെട്ട എട്ട് മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മികച്ച ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയെ എല്ലാം ബന്ധപ്പെടുത്തി ഒരു ‘കൊറിഡോര്‍’ വേണമെന്നതാണ് മെഡിക്കല്‍ ഉപകരണ നിര്‍മ്മാണത്തിന്റെ പ്രധാന ആവശ്യം. ഇത് കേരളത്തില്‍ സാധ്യമാകുമെന്നാണ് വിദേശ കമ്പനികളുടെ വിലയിരുത്തല്‍. ജര്‍മ്മനിയില്‍ നടന്ന മെഡിക്കല്‍ എക്‌സ്‌പോയില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സംഘം പങ്കെടുത്താണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.