വൈന്‍നിര്‍മ്മാണം പഠിക്കാന്‍ കയ്യൂര്‍ ബാങ്ക് സംഘം ഹംഗറിയില്‍ പോകുന്നു

[mbzauthor]

പഴങ്ങളില്‍നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യപഠിക്കാന്‍ കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ ഹംഗറി സന്ദര്‍ശിക്കുന്നു. ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് പോകുന്നത്. ഈ യാത്രയ്ക്കും യാത്ര ചെലവിനത്തില്‍ 5.60ലക്ഷം ചെലവഴിക്കുന്നതിനും സഹകരണ വകുപ്പ് അനുമതി നല്‍കി.

കാസര്‍ക്കോട് ജില്ലയിലെ സുലഭമായ പഴങ്ങളെ വൈനാക്കി മാറ്റാനുള്ള പദ്ധതിക്ക് കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രൂപം നല്‍കിയിട്ടുണ്ട്. കശുമാങ്ങ, ചക്ക, കൈതച്ചക്ക, തുടങ്ങിയവ ഉപയോഗിച്ച് വൈന്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റ് തുടങ്ങുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ആവശ്യമായ ആധുനിക സാങ്കേതിക വിദ്യ പഠിക്കാനാണ് ഹംഗറി സന്ദര്‍ശിക്കുന്നതെന്നാണ് 2022 നവംബര്‍ പത്തിന് ഭരണസമിതി സഹകരണ സംഘ രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇത്തരമൊരു ദൗത്യത്തിന് പിന്തുണ നല്‍കാവുന്നതാണെന്ന ശുപാര്‍ശയാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയത്. ഈ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ വിദേശ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്. സഹകരണ സംഘങ്ങള്‍ക്ക് വൈന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള അനുമതി നല്‍കാവുന്ന വിധത്തില്‍ അബ്കാരി ചട്ടത്തില്‍ നേരത്തെ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സഹകരണ ബാങ്ക് ഇതിനുള്ള അനുമതി നേടുകയും ചെയ്തു. കൈതച്ചക്ക, കശുമാങ്ങ, പേരക്ക, മാങ്ങ, ചക്ക, പപ്പായ, കരിമ്പ്, ഉരുളക്കിഴങ്ങ്, ഏത്തയ്ക്ക, ആപ്പിള്‍, ജാതിക്ക, മത്തങ്ങ, തക്കാളി എന്നിവയില്‍നിന്നെല്ലാം വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന് അനുമതി നല്‍കാമെന്നാണ് അബ്കാരി ചട്ടത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. ഈ വൈനിന് പരമാവധി വീര്യം 15.5 ശതമാനം ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.