വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹൈജീനിക് കോഫ് ഷോപ്പുകള്‍ തുടങ്ങാന്‍ ടൂര്‍ഫെഡിന് അനുമതി

moonamvazhi

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഹൈജീനിക് കോഫി ഷോപ്പുകള്‍ തുടങ്ങാന്‍ സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന് (ടൂര്‍ഫെഡ്) അനുമതി. സിവില്‍ സ്റ്റേഷനുകളിലും ഇത്തരം ഷോപ്പുകള്‍ തുടങ്ങാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറെണ്ണമാണ് തുടക്കത്തില്‍ തുടങ്ങുക. ഇതിനുള്ള പദ്ധതി രേഖ ടൂര്‍ഫെഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ഷോപ്പിന് ആറ് ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിച്ചു. ഇതനുസരിച്ച് 36 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

2022 നവംബറില്‍ ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് ടൂര്‍ഫെഡിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതുസരിച്ച് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ രണ്ട് കത്ത് സര്‍ക്കാരിന് നല്‍കിയിരുന്നു. വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശയും സഹകരണ സംഘം രജിസ്ട്രാറുടെ കത്തും പരിഗണിച്ചാണ് ഇപ്പോള്‍ സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.

ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വിപുലപ്പെടുത്താന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വികസിപ്പിക്കാവുന്ന ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് പദ്ധതി വിപുലപ്പെടുത്തുന്നത്. കോവിഡിന് ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് സംസ്ഥാനുണ്ടായിട്ടുള്ളത്. ഇതനുസരിച്ച് ടൂര്‍ഫെഡിന്റെ ടൂറിസം പാക്കേജുകളും പരിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അടക്കം ഉള്‍പ്പെടുത്തി ടൂര്‍ഫെഡ് നടപ്പാക്കിയ കായല്‍ ടൂറിസം പദ്ധതി ഏറെ ജനപ്രീയമായിരുന്നു.

ആഭ്യന്തര ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ളതാണ് കോഫി ഷോപ്പ് പദ്ധതി. ടൂറിസം കേന്ദ്രങ്ങളില്‍ അതത് പ്രദേശങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ കോഫി ഷോപ്പുകള്‍ തുടങ്ങാനാണ് ടൂര്‍ഫെഡ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഹൈജീനിക് കോഫ് സെന്റര്‍ എന്ന രീതിയില്‍തന്നെ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. ഒപ്പം ആശുപത്രികള്‍, സിവില്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂടി ടൂര്‍ഫെഡിന്റെ കോഫി ഷോപ്പ് പദ്ധതി വ്യാപിപ്പിക്കാനായാല്‍ അത് ഏറെ വിജയകരമായി മാറുമെന്നാണ് കണക്കാക്കുന്നത്. ഇതിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News