വായ്പ സംഘങ്ങള്‍ക്ക് കേന്ദ്രതലത്തില്‍ നിയന്ത്രണം ഏജന്‍സിയെ നിയമിച്ചേക്കും

moonamvazhi

വായ്പ സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രതലത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്തരമൊരു കാര്യം കേന്ദ്ര സഹകരണ മന്ത്രാലയം പരിഗണിക്കുന്നത്. ജില്ലാസഹകരണ ബാങ്കുകളില്‍ നബാര്‍ഡ് വഴിയായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിരുന്നത്. സമാനമായ രീതിയില്‍ പ്രാഥമിക വായ്പ സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിനും പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്.

സഹകരണ ബാങ്കിങ് സംവിധാനത്തില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കര്‍ശനമാക്കാനുള്ള നടപടി നേരത്തെ തുടങ്ങിയിരുന്നു. ഇതിനാണ് ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. അര്‍ബന്‍ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിലും ഭരണപരമായ ഇടപെടലിനുള്ള ക്രമീകരണവും റിസര്‍വ് ബാങ്ക് വരുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപീകരിക്കാനുള്ള നിര്‍ദ്ദേശം, ബോര്‍ഡിലെ അംഗങ്ങള്‍ക്ക് യോഗ്യത നിശ്ചയിച്ചത്, മാനേജിങ് ഡയറക്ടര്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കിയത് എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്.

അംഗങ്ങളുമായി മാത്രമായി വായ്പ ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളിലും നിയന്ത്രണ സംവിധാനം വേണമെന്നാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ അതത് സംസ്ഥാനങ്ങളിലെ സഹകരണ നിയമം അനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരാണ് ഇവയുടെ നിയന്ത്രണ അതോറിറ്റി. ഈ നിയന്ത്രണം കാര്യക്ഷമമല്ലെന്നും പല സംഘങ്ങളും ബാങ്കിങ് ബിസിനസാണ് നടത്തുന്നതെന്നുമാണ് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നത്. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഇവ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് പ്രത്യേകമായ നിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യമുന്നയിക്കാന്‍ കാരണം.

റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഈ രീതിയില്‍ നടപ്പാക്കണമെന്നാണ് ആര്‍.ബി.ഐ.യുടെ ആവശ്യം. അര്‍ബന്‍ ബാങ്കുകള്‍ക്കും, വായ്പ സഹകരണ സംഘങ്ങള്‍ക്കുമായി കേന്ദ്രതലത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാനാണ് വിശ്വനാഥന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് കമ്പനി നിയമപ്രകാരം അംബ്രല്ല ഓര്‍ഗനൈസേഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തെ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിയന്ത്രണ അതോറിറ്റിയായി മാറ്റാനാണ് ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളും ഈ അംബ്രല്ല ഓര്‍ഗനൈസേഷന്റെ ഭാഗമാകേണ്ടിവരും. അല്ലെങ്കില്‍, കാര്‍ഷിക സംഘങ്ങളെന്ന രീതിയില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News