‘വയനാട്ടിലെ ടൂറിസം സാദ്ധ്യതകള്‍’ : സെമിനാര്‍ 19 ന്
സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി വയനാട് ടൂറിസം വികസന സഹകരണ സംഘം കേരള – ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘വയനാട്ടിലെ ടൂറിസം സാധ്യതകള്‍ ‘എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19 തിങ്കളാഴ്ച കല്‍പ്പറ്റ വുഡ്ലാന്‍റ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.
ടൂറിസം രംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങളും പോരായ്മകളും കണ്ടെത്തി പരിഹരിക്കൂന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ തേടുക, സാധാരണക്കാരെ ടൂറിസത്തിന്‍റെ മുഖ്യ ഗുണഭോക്താക്കളാക്കി മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയവയാണ് സെമിനാറിന്‍റെ ലക്ഷ്യങ്ങള്‍.
‘വയനാട് ടൂറിസം ഇന്നലെ , ഇന്ന്, നാളെ’ എന്ന വിഷയം കേരള ടൂറിസം ഗവേണിംഗ് ബോര്‍ഡ് മെംബര്‍ വി. വഞ്ചീശ്വരനും ‘ ഗ്രാമീണ ടൂറിസം രംഗത്തെ പുതിയ സാധ്യതകള്‍’ എന്ന വിഷയം കബനി കമ്മ്യൂണിറ്റി ടൂറിസം പദ്ധതി ഡയരക്ടര്‍ സുമേഷ് മംഗലശ്ശേരി യും ‘സഹകരണ മേഖലയില്‍ യുവജന വനിതാ പിന്നോക്ക വിഭാഗങ്ങളുടെ സഹകരണസംഘങ്ങളുടെ പ്രസക്തി’ എന്ന വിഷയം കുടുംബശ്രീ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ പി.സാജിതയും ‘പ്രളയാനന്തര വയനാട് : സാധ്യതകള്‍’ എന്ന വിഷയം മാതൃഭൂമി റിപ്പോര്‍ട്ടര്‍ എം.കമലും അവതരിപ്പിക്കും.
സെമിനാറിന്‍റെ വിജയത്തിനായി അഡ്വ.ജോര്‍ജ്ജ് പോത്തന്‍ ചെയര്‍മാനും കെ.ബി.രാജുകൃഷ്ണ ജനറല്‍ കണ്‍വീനറും ഡി.രാജന്‍ ഖജാന്‍ജിയുമായി കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ സംഘം പ്രസിഡന്‍റ് കെ.ബി. രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് പോത്തന്‍, ഡി.രാജന്‍, കെ.പ്രകാശന്‍, പി.കെ.രാജശേഖരന്‍, കെ.പി.മുരളീധരന്‍, അനില തോമസ്, ബിന്ദു ജോസ്, സനില്‍ ഐസക്ക് തുടങ്ങിയവര്‍ സംസാരിച്ചു.