റിസർവ് ബാങ്കിനെതിരെ നൽകിയ കേസ് സഹകരണ ബാങ്കുകൾപിൻവലിച്ചു
റിസർവ് ബാങ്കിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ രണ്ട് അർബൻ ബാങ്കുകൾ കേസിൽനിന്ന് പിൻമാറി. ആർ.ബി.ഐ. നടപടി ഭയന്നും കേസിന് സർക്കാരിൽ നിന്നോ അർബൻ ബാങ്ക് ഫെഡറേഷനിൽനിന്നോ കാര്യമായ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. കേസ് നൽകിയ ഒരു ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി എടുത്തിരുന്നു. ഈ കേസിൽ പങ്കാളിയായ രണ്ടാമത്തെ ബാങ്കിനെയും ഭീതിയിലാക്കി. ഇതോടെയാണ് രണ്ട് ബാങ്കുകളും കേസിൽ നിന്ന് പിൻമാറിയത്.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കും റിസര്‍വ് ബാങ്കിന്റെ പരിഷ്‌കാരങ്ങള്‍ക്കുമെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതിയുടെ ഘടനയ്ക്ക് പോലും റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ആര്‍.ബി.ഐ. പരസ്യവും നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് അര്‍ബന്‍ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അര്‍ബന്‍ ബാങ്കുകളിലുള്ള പരിഷ്‌കാരം മാത്രമാണ് ഈ ബാങ്കുകള്‍ ഹരജിയില്‍ ചോദ്യം ചെയ്തത്. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് ആര്‍.ബി.ഐ. തടയുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ കോടതിയില്‍ പോയില്ല. മാത്രവുമല്ല, ഹൈക്കോടതിയെ സമീപിച്ച ഒരു അര്‍ബന്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്കിന്റെ നടപടിയും വന്നു. ‘ബാങ്കിങ് ബിസിനസ്’ ചെയ്യുന്നതിനുതന്നെ വിലക്കേര്‍പ്പെടുത്തിയായിരുന്നു നടപടി. കൂടുതല്‍ തിരിച്ചടി ഭയന്നാണ് ഇപ്പോള്‍ ബാങ്കുകളും കേസില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.
അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു രണ്ട് അര്‍ബന്‍ ബാങ്കുകള്‍ ആര്‍.ബി.ഐ.ക്കെതിരെ കേസിന് പോയത്. എന്നാല്‍, ആര്‍.ബി.ഐ.യുടെ ഇടിവെട്ട് നടപടി ബാങ്കിനെതിരെ ഉണ്ടായപ്പോള്‍ സഹായിക്കാന്‍ ഫെഡറേഷനും രംഗത്തുണ്ടായില്ല. കേസ് നല്‍കിയ രണ്ടാമത്തെ ബാങ്കിനെതിരെ ഒരുനടപടിയും റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ചിട്ടില്ല. ആര്‍.ബി.ഐ. നടപടിക്ക് കേസുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതു ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയുള്ളതാണ്. അതുകൊണ്ടുതന്നെ എടുത്ത നടപടി റിസര്‍വ് ബാങ്ക് പിന്‍വലിച്ചിട്ടുമില്ല.