റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും

moonamvazhi

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ ഇത്തവണയും വര്‍ധനവില്ല. പലിശനിരക്ക് നിലവിലെ 6.5 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതിയുടെ തീരുമാനം ഗവര്‍ണര്‍ ശക്തികാന്തദാസാണു വ്യാഴാഴ്ച ( ആഗസ്റ്റ് 10 ) അറിയിച്ചത്.

നടപ്പു സാമ്പത്തികവര്‍ഷം ഇതു മൂന്നാംതവണയാണു റിസര്‍വ് ബാങ്ക് പലിശ വര്‍ധിപ്പിക്കാതെ പഴയ നിരക്ക് നിലനിര്‍ത്തുന്നത്. കഴിഞ്ഞ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ പണനയസമിതിയോഗങ്ങളും വര്‍ധന ശുപാര്‍ശ ചെയ്യുകയുണ്ടായില്ല. പണപ്പെരുപ്പം കൂടുകയാണെങ്കിലും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണു ഇത്തവണയും നിരക്കില്‍ മാറ്റം വരുത്താത്തതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനുള്ള മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി നിരക്ക് 6.75 ശതമാനമായി തുടരും.

2022 മെയ്മാസത്തിനുശേഷം തുടര്‍ച്ചയായി ആറു തവണയാണു റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചത്. മേയില്‍ 0.4 ശതമാനവും ജൂണിലും ആഗസ്റ്റിലും ഒക്ടോബറിലും 0.5 ശതമാനം വീതവും ഡിസംബറില്‍ 0.35 ശതമാനവും 2023 ഫെബ്രുവരിയില്‍ 0.25 ശതമാനവും വര്‍ധിപ്പിച്ചാണ് ഇപ്പോഴത്തെ 6.5 ശതമാനത്തിലെത്തിച്ചത്. ഇത്തവണയും റിപ്പോനിരക്ക് കൂട്ടാത്തതിനാല്‍ ഭവന, വാഹനവായ്പകള്‍ക്കുള്ള പലിശനിരക്കുകള്‍ ഉയരാനിടയില്ല.

Leave a Reply

Your email address will not be published.