റബ്‌കോ നവീകരണത്തിനുള്ള പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കും; 80.47 ലക്ഷം നല്‍കും
കേരള സ്റ്റേറ്റ് റബ്ബര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) കാലോചിതമായി മാറ്റാനുള്ള ശ്രമത്തിന് സര്‍ക്കാരിന്റെ സഹായം. കോഴിക്കോട് ഐ.ഐ.എം. ആണ് ഇതിനുള്ള പഠനം നടത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ സംഘം രജിസ്ട്രാറാണ് ഐ.ഐ.എമ്മുമായി ധാരണപത്രം ഒപ്പിട്ടിട്ടുള്ളത്. ഈ പഠനത്തിനുവേണ്ടിവരുന്ന ചെലവിനുള്ള പണം സര്‍ക്കാര്‍ അനുവദിക്കാനാണ് തീരുമാനം. ഇതിനായ സഹകരണ വകുപ്പ് പ്രത്യേകം ഉത്തരവിറക്കി.
ഒരുസഹകരണ സ്ഥാപനത്തിന്റെ നവീകരണത്തിനുള്ള വിദഗ്ധ സമിതിയുടെ പഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നത് ആദ്യമാണ്. റബ്ബര്‍ ഉല്‍പാദനം ഏറെയുണ്ടായിട്ടും അത് ഉപയോഗിച്ചുള്ള സംരംഭങ്ങള്‍ സഹകരണ മേഖലയില്‍ തുടങ്ങാതിരുന്ന കാലത്താണ് റബ്‌കോ തുടങ്ങുന്നത്. വലിയ മുന്നേറ്റമാണ് ഈ മേഖലയില്‍ റബ്‌കോ നടത്തിയത്. ഫര്‍ണീച്ചറുകള്‍, മാട്രസ്, റബ്ബര്‍ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെയുള്ളവ വിദേശ രാജ്യങ്ങളിലേക്ക് വരെ റബ്‌കോ നല്‍കിയിരുന്നു. പക്ഷെ, സാമ്പത്തികമായ വലിയ നേട്ടമുണ്ടാക്കാനും, കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാനും കഴിഞ്ഞില്ല. സര്‍ക്കാരിന്റെ സഹായം ഉറപ്പാക്കാന്‍ റബ്‌കോ ഒരു പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വെറുമൊരു പദ്ധതിരേഖയുടെ അടിസ്ഥാനത്തില്‍ റബ്‌കോയുടെ നവീകരണം സാധ്യമാവില്ലെന്നും അതിനായി വിദഗ്ധപഠനം നടത്തണമെന്നുമുള്ള നിര്‍ദ്ദേശമുണ്ടായത്. അങ്ങനെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഐ.ഐ.എമ്മുമായി ധാരണ പത്രം ഒപ്പുവെച്ചത്.
80.47ലക്ഷം രൂപയാണ് പഠനത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ‘മറ്റു സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി’യില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്നായിരുന്നു സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശ. അത് അംഗീകരിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അടിയന്തര ആവശ്യം കണക്കിലെടുത്ത് ഈ തുകയുടെ പകുതിയെങ്കിലും റിലീസ് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 40.23ലക്ഷം രൂപ 2023-24 സാമ്പത്തിക വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് അനുവദിക്കാന്‍ അനുമതി നല്‍കി സഹകരണ വകുപ്പ് ഉത്തരവിറക്കി.