യൂണിഫോം കൂലിയും ഇന്‍സെന്റീവും കുടിശ്ശിക; കൈത്തറി സംഘങ്ങള്‍ പ്രതിസന്ധിയില്‍
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയുടെ പടുകുഴിയിലായിരുന്ന കൈത്തറി സഹകരണ സംഘങ്ങള്‍ ഇടക്കാലത്ത് നില മെച്ചപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ കൈവിട്ടു. പരുത്തിവില കുത്തനെ ഉയര്‍ന്നതോടെ നൂലിന്റെ വിലകൂടി. കൈത്തറി യൂണിഫോം പദ്ധതിയില്‍ കിട്ടേണ്ട കൂലിവിഹിതം സര്‍ക്കാര്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നാലു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്.
കോവിഡ് വ്യാപനം ഒന്നടങ്ങി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചപ്പോഴാണ് കൈത്തറി സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും ഊര്‍ജം വന്നത്. പൊതുവിപണിയിലും കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വന്നുതുടങ്ങിയിരുന്നു. സ്‌കൂള്‍ യൂണിഫോം പദ്ധതി തുടരുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള തുണിയൊരുക്കുന്നതിനുള്ള നിര്‍ദ്ദേശം കൈത്തറി സംഘങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോവിഡിന്റെ മൂന്നാം തരംഗവും പരുത്തിനൂലിന്റെ വിലവര്‍ദ്ധനവും വരുന്നത്. ഇത് രണ്ടും സംഘങ്ങളെ പിടിച്ചുലയ്ക്കുന്ന സ്ഥിതിയാണ്. പരുത്തി വില ഉയരുന്നതിന് ആനുപാതികമായി നൂലിന്റെ വില ഉയരുന്നതും ലഭ്യത കുറയുന്നതുമാണ് മേഖലയിലെ ഇപ്പോഴത്തെ ആശങ്കയ്ക്ക് പ്രധാന കാരണം. രാജ്യത്തെ മിക്ക വിപണികളിലും പരുത്തിവില റെക്കോഡ് ഉയരത്തിലാണ്. പരുത്തി സീസണ്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് കാരണമായി മേഖലയിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പരുത്തിനൂലിന് കിലോയ്ക്ക് ശരാശരി 25 ശതമാനം വരെ വില വര്‍ധിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൈത്തറി സൊസൈറ്റി അസോസിയേഷന്‍ പറയുന്നു. ഈ അധികച്ചെലവ് തുണിത്തരങ്ങളുടെ വില ഉയരാന്‍ കാരണമാകുന്നുണ്ട്. പൊതുവസ്ത്ര വിപണിയില്‍ കൈത്തറി മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനൊപ്പം വിലയിലുണ്ടാകുന്ന വര്‍ദ്ധന സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുക. വിലക്കയറ്റത്തിനിടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനും കൈത്തറി സംഘങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കു കീഴില്‍ 2021 സെപ്റ്റംബര്‍ വരെയുള്ള വേതനം മാത്രമാണ് ഇതുവരെ കിട്ടിയത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വേതന കുടിശ്ശികയിനത്തില്‍ 15 കോടി രൂപയോളം ഇനിയും കിട്ടാനുണ്ട്. മാത്രമല്ല, പദ്ധതിക്കു കീഴില്‍ നല്‍കിയിരുന്ന പ്രൊഡക്ഷന്‍ ഇന്‍സെന്റീവും കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഈ വകയിലും 25 കോടി രൂപയോളം കിട്ടാനുണ്ട്.സംസ്ഥാനത്തുനിന്നുള്ള കൈത്തറി കയറ്റുമതിയിലും ഇടിവുണ്ടായി. നേരത്തെ കണ്ണൂരില്‍നിന്നു മാത്രം പ്രതിവര്‍ഷം 500 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. നിലവില്‍ 60 കോടി രൂപയുടെ കയറ്റുമതിയെങ്കിലും നടക്കുന്നുണ്ടോയെന്നത് സംശയമാണെന്ന് കൈത്തറി സൊസൈറ്റി അസോസിയേഷന്‍ വ്യക്തമാക്കുന്നു. കേരളത്തില്‍നിന്നുള്ള കയറ്റുമതിയില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ കൈത്തറിക്കാണ്.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി കൈത്തറി മേഖലയില്‍ തൊഴിലും ഉല്‍്പാദനവും പ്രതിസന്ധിയിലാണ്. കഴിഞ്ഞ വിഷു, ഓണം സീസണുകളില്‍ കോവിഡ് വ്യാപനം കുറഞ്ഞത് മേഖലയ്ക്ക് ആശ്വാസമായെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളാണിപ്പോള്‍.