മുടങ്ങുന്ന വായ്പയുടെ പലിശ കൂട്ടിപുനര്‍വായ്പ നല്‍കിയാല്‍ നടപടി – മന്ത്രി

Deepthi Vipin lal

വായ്പ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തില്‍ പലിശ കൂട്ടി വായ്പ പുതുക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം രീതികള്‍ ഒഴിവാക്കുന്നതിന് കര്‍ശന നിലപാട് സ്വീകരിക്കുമെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. പലിശ കൂട്ടി പുതുക്കുന്നതിലൂടെ ഇടപാടുകാര്‍ക്കാണ് കൂടുതല്‍ ബാധ്യത വരിക. വായ്പാ കുടിശ്ശിക തിരികെയടയ്ക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ ഇടപാടുകാര്‍ ബാങ്കുകാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം അംഗീകരിക്കുകയാണ് പതിവെന്ന് നിയമ സഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി വാസവന്‍ പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരു മാസം കൂടി നീട്ടിയതായി മന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ ഈ സര്‍ക്കാര്‍ 20,578 പേര്‍ക്കാണ് ജോലി നല്‍കിയത്. ഐ.ടി, സിനിമ, ഡോക്യുമെന്ററി, നിര്‍മ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ യുവജനങ്ങള്‍ക്കായി 29 സഹകരണ സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

കോവിഡ് സുരക്ഷാ ഉപകരണങ്ങളായി പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്, ഹാന്‍ഡ് വാഷ് എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന 12 വനിതാ സംഘങ്ങള്‍ക്കും രൂപം നല്‍കി. രണ്ട് ലക്ഷം രൂപ ഓഹരിയും മൂന്ന് ലക്ഷം രൂപ സബ്സിഡിയുമടക്കം അഞ്ചു ലക്ഷം രൂപ സഹായമായും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News