മായമില്ലാത്ത കറി പൗഡറുകളുമായി വൈബ്‌കോസ്
യുവജന സഹകരണ സംഘമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്‌കോസ്) ഉല്‍പ്പന്നമായ വൈബ് ഫുഡ്‌സ് കറി പൌഡറുകള്‍ വിപണിയിലെത്തുന്നു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ കറി പൗഡറിന്റെ പ്രോഡക്റ്റ് ലോഞ്ച് നിര്‍വ്വഹിച്ചു. ഏകദേശം ഒരു വര്‍ഷം മുമ്പ് വൈബ്പ്രോഡക്ട്സിന്റെ സഞ്ചരിക്കുന്ന മത്സ്യ മാര്‍ക്കറ്റായ നല്ലമീന്‍ ഉദ്ഘാടനം ചെയ്തതും താന്‍ തന്നെയായിരുന്നുവെന്നും ആ സംരംഭം വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു എന്ന് അറിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും വൈബ്കോസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി വൈബ്‌കോസിന് കീഴില്‍ 7 ഉപഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൊന്നായ വൈബ് പ്രോഡക്ട്‌സിന്റെ പുതിയ ബ്രാന്റാണ് വൈബ് ഫുഡ്‌സ് എന്ന പേരില്‍ പുറത്തിറക്കിയ കറിപൌഡറുകള്‍. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള മല്ലി, മഞ്ഞള്‍, മുളക് എന്നിവ ഉല്‍പ്പാദകരില്‍ നിന്നും നേരിട്ട് ശേഖരിച്ച് കഴുകി ഉണക്കി പൊടിച്ചാണ് പാക്ക് ചെയ്യുന്നത്. വൈബ്‌കോസിന്റെ പ്രസിഡന്റ് സി.എസ് രതീഷ്, സെക്രട്ടറി രാധിക രാമചന്ദ്രന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.സുരേഷ് കുമാര്‍, സംരംഭകരായ രാജേഷ്, മഹേഷ്, വൈബ് ചാരിറ്റബിള്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
[mbzshare]