മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ നിയമാവലിയില്‍ മാറ്റം വരുത്തണം

moonamvazhi

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമഭേദഗതി അനുസരിച്ച് രാജ്യത്തെ മുഴുവന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിയമാവലിയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം. നിയമഭേദഗതിക്കൊപ്പം ചടങ്ങളും മാറ്റം വരുത്തി കേന്ദ്രസഹകരണ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ആറുമാസത്തിനുള്ളില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെല്ലാം അവയുടെ നിയമാവലിയിലും മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി നാലിന് ഈ സമയപരിധി കഴിഞ്ഞു. സമയം നീട്ടിനല്‍കണമെന്ന് ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സപ്തംബര്‍ 30വരെ സമയം നീട്ടി സഹകരണ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്.

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ കാതലായ മാറ്റങ്ങളാണ് പുതിയ നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിട്ടുള്ളത്. ഭരണസമിതി അംഗങ്ങളില്‍ സംവരണം, ഭരണസമതി തീരുമാനങ്ങള്‍ക്കുള്ള പരിധിയും ഉത്തരവാദിത്തവും, പൊതുയോഗത്തിനുള്ള വ്യവസ്ഥ, ഓഡിറ്റ്, വാര്‍ഷിക കണക്ക് അവതരണം, കേന്ദ്ര രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ബൈലോയില്‍ വ്യവസ്ഥ ഉണ്ടാകുന്നതും അതനുസരിച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് മാറ്റം വരുത്താന്‍ സമയം നീട്ടി നല്‍കിയത്.

ബൈലോയില്‍ എങ്ങനെയൊക്കെ മാറ്റം വരുത്തണമെന്നതും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാതൃകകളാണ് തയ്യാറാക്കിയിട്ടുള്ളത്. ക്രഡിറ്റ് സംഘങ്ങള്‍, നോണ്‍ക്രഡിറ്റ് സംഘങ്ങള്‍, ഫെഡറല്‍ സംഘങ്ങള്‍ എന്നിങ്ങനെ മൂന്നുരീതിയിലാണ് മാതൃകകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ മാതൃക അടിസ്ഥാനമാക്കി ഓരോ സംഘങ്ങളും അവയുടെ ബൈലോ വ്യവസ്ഥകള്‍ ഏകീകകരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബൈലോ ഭേദഗതിക്കുള്ള സംഘത്തിന്റെ തീരുമാനവും അപേക്ഷയും ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിനായി കേന്ദ്രസഹകരണ സംഘം രജിസ്ട്രാറുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News