മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ നടപടി തുടങ്ങി

moonamvazhi

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ പരാതികളെക്കുറിച്ചന്വേഷിക്കുന്നതിനു സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ ഓഫീസില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ കേന്ദ്ര സഹകരണമന്ത്രാലയം നടപടി തുടങ്ങി. ഓംബുഡ്‌സ്മാന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് സഹകരണമന്ത്രാലയം കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കി.

2023 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിയിലെ സെക്ഷന്‍ 85 പ്രകാരമാണു അധികാരാതിര്‍ത്തി നിശ്ചയിച്ചുകൊണ്ട് ഓംബുഡ്‌സ്മാനെ നിയമിക്കുന്നതെന്നു സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ അന്വേഷിക്കുന്നതിലുള്ള സഹകരണ ഓംബുഡ്‌സ്മാന്മാരുടെ പങ്കും ഉത്തരവാദിത്തവും അധികാരവും സെക്ഷന്‍ 85 അനുസരിച്ചായിരിക്കും നിര്‍ണയിക്കുക. നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചവര്‍ക്കും ഓംബുഡ്‌സ്മാന്‍തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റും സഹകരണമന്ത്രാലയ വെബ്‌സൈറ്റില്‍നിന്നും ( www.cooperation.gov.in ) കേന്ദ്ര സഹകരണസംഘം രജിസ്ട്രാറുടെ വെബ്‌സൈറ്റില്‍നിന്നും ( www.crcs.gov.in ) ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

1,23,100-2,15,900 രൂപ ശമ്പളനിരക്കിലാവും സഹകരണ ഓംബുഡ്‌സ്മാനെ നിയമിക്കുക. പത്തു വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയം വേണം. ബിരുദാനന്തരബിരുദവും സഹകരണമാനേജ്‌മെന്റ്, ബാങ്കിങ്, അക്കൗണ്ടന്‍സി, നിയമം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പ്രത്യേക അറിവോ പരിചയമോ ഉള്ളവരുമാകണം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത പദവിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവരോ വിരമിച്ചവരോ ആയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഡയറക്ടറുടെ റാങ്കില്‍ കുറയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

എല്ലാ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ മറ്റൊരു സര്‍ക്കുലറില്‍ സഹകരണമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും മാനേജ്‌മെന്റിനെയുംകുറിച്ചുള്ള വിവരങ്ങള്‍ അംഗങ്ങളെ അറിയിക്കാനാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ നിയമിക്കുന്നത്. സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയിലേക്കു ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിനും കേന്ദ്ര സഹകരണമന്ത്രാലയം നടപടികളാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News