മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ക്കും പലിശസംരക്ഷണം നല്‍കണം- രജിസ്ട്രാര്‍
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍പ്പെടുന്ന മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്കു പലിശസംരക്ഷണം നല്‍കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ കേരള ബാങ്കിനു നിര്‍ദേശം നല്കി. ഒക്ടോബര്‍ 31 നു കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കയച്ച കത്തിലാണു രജിസ്ട്രാര്‍ ഈ നിര്‍ദേശം നല്‍കിയത്.
മിസലേനിയസ് സഹകരണ സംഘം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ പരാതിയെത്തുടര്‍ന്നാണു സഹകരണ സംഘം രജിസ്ട്രാര്‍ ഈ നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപപ്പലിശ വര്‍ധിപ്പിച്ച് ഒക്ടോബര്‍ 14 നു രജിസ്ട്രാര്‍ പുറപ്പെടുവിച്ച 42 / 2022 നമ്പര്‍ സര്‍ക്കുലറിനുശേഷം മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്കു കേരള ബാങ്ക് പലിശസംരക്ഷണം നിഷേധിക്കുന്നു എന്നായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ പരാതി.
സംസ്ഥാനത്തെ മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്കും പലിശസംരക്ഷണം നല്‍കണമെന്നു കാണിച്ച് 2022 ജൂലായ് 13 നു രജിസ്ട്രാര്‍ഓഫീസില്‍ നിന്നു പുറപ്പെടുവിച്ച സി.ബി.1 / 3639 / 2020 നമ്പര്‍ കത്തിലെ നിര്‍ദേശം പിന്‍വലിച്ചിട്ടില്ലെന്നു രജിസ്ട്രാര്‍ കേരള ബാങ്കിനെ ഓര്‍മിപ്പിച്ചു. ഈ സാഹചര്യത്തില്‍ മള്‍ട്ടി പര്‍പ്പസ് / മിസലേനിയസ് സംഘങ്ങള്‍ക്കു പലിശസംരക്ഷണം നല്‍കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
മിസലേനിയസ് സഹകരണ സംഘങ്ങളുടെ കേരള ബാങ്കിലെ നിക്ഷേപം വ്യക്തിഗത നിക്ഷേപമായി മാത്രമേ പരിഗണിക്കാനാവൂ എന്ന നിലപാടാണു കേരള ബാങ്ക് സ്വീകരിക്കുന്നത്. പലിശസംരക്ഷണം നല്‍കേണ്ട വിഭാഗത്തില്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ പേരാണു നല്‍കിയിട്ടുള്ളതെന്നും മറ്റു പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിനു പലിശസംരക്ഷണം നല്‍കേണ്ടതില്ലെന്നുമുള്ള നിലപാടിലാണു കേരള ബാങ്ക് ഉറച്ചുനില്‍ക്കുന്നത്. നേരത്തേയും ഇതേ പ്രശ്നമുണ്ടായപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണു ആഗസ്റ്റ് ഒന്നു മുതല്‍ മിസലേനിയസ് സംഘങ്ങള്‍ക്കും പലിശസംരക്ഷണം ഏര്‍പ്പെടുത്തിയത്.
2022 ഒക്ടോബര്‍ പതിനാലിനു ചേര്‍ന്ന പലിശനിര്‍ണയ ഉന്നതതലസമിതിയോഗമാണു സഹകരണ നിക്ഷേപപ്പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.