പ്രാഥമിക സംഘങ്ങള്‍ ഗുണഭോക്താക്കള്‍ക്കായി തുക പിന്‍വലിക്കുമ്പോള്‍ ടി.ഡി.എസ്. പിടിക്കരുത് – മദ്രാസ് ഹൈക്കോടതി

moonamvazhi

കേന്ദ്ര സഹകരണ ബാങ്കില്‍നിന്നു ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യാനായി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു കിട്ടുന്ന തുക പിന്‍വലിക്കുമ്പോള്‍ ഉറവിടത്തില്‍നിന്നു നികുതി പിടിക്കുന്ന രീതി ( ടി.ഡി.എസ് ) ഒഴിവാക്കിക്കൊടുക്കണമെന്നു മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര ധനമന്ത്രാലയം, കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ( CBDT ) എന്നിവ മുമ്പാകെയാണു ജസ്റ്റിസ് ആര്‍. സുരേഷ്‌കുമാര്‍ ഇത്തരമൊരു നിര്‍ദേശം വെച്ചത്. തുക പിന്‍വലിക്കുമ്പോള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ സെക്ഷന്‍ 194 എന്‍ എന്ന വ്യവസ്ഥയില്‍ നിന്നൊഴിവാക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അപേക്ഷയില്‍ ആറാഴ്ചക്കകം കേന്ദ്ര ധനമന്ത്രാലയവും കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡും തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണു കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കാര്‍ഷികവും അതുമായി ബന്ധപ്പെട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സഹകരണസംഘങ്ങള്‍ അംഗങ്ങള്‍ക്കു വായ്പകള്‍ വിതരണം ചെയ്യുന്നത്. ഈ സംഘങ്ങള്‍വഴി സംസ്ഥാനസര്‍ക്കാര്‍ പൊങ്കല്‍ ക്ഷേമപദ്ധതി നടപ്പാക്കിയിരുന്നു. ഒരു ജില്ലക്കുള്ള തുക കേന്ദ്ര സഹകരണ ബാങ്കുവഴിയാണു സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഈ തുക ഹര്‍ജിക്കാരായ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ഒരുമിച്ചു പിന്‍വലിച്ചു ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യുമ്പോഴാണു ടി.ഡി.എസ്. ബാധകമാക്കാന്‍ തീരുമാനിച്ചത്. സെക്ഷന്‍ 194 എന്‍ അനുസരിച്ച് ഈ തുകയ്ക്കു രണ്ടു ശതമാനത്തോതില്‍ ടി.ഡി.എസ്. പിടിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണ ബാങ്ക് പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു സര്‍ക്കുലറയച്ചിരുന്നു. ക്ഷേമപദ്ധതിയിലെ തുക ഗുണഭോക്താക്കള്‍ക്കു കൈമാറുന്നതു സുഗമമാക്കുക മാത്രമാണു തങ്ങള്‍ ചെയ്യുന്നത് എന്നാണു സര്‍ക്കുലറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സംഘങ്ങള്‍ വാദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News