പുതുവര്‍ഷം പ്രവചനാതീതം; അനിശ്ചിതത്വത്തിന് സാധ്യത

ഡോ. ടി.പി. സേതുമാധവന്‍

പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുമ്പോഴും 2023 ല്‍ വരാനിരിക്കുന്നതു പ്രവചിക്കുക അസാധ്യം. അനിശ്ചിതത്വത്തിനാണു സാധ്യത. ആഗോള സാമ്പത്തികമാന്ദ്യം 2023 ല്‍ ലോകത്താകമാനം പ്രതിസന്ധികള്‍ സൃഷ്ടിക്കും. വര്‍ധിച്ചുവരുന്ന ഊര്‍ജത്തിന്റെ വില, പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, ഭക്ഷ്യക്കമ്മി, പലിശനിരക്കിലെ ഏറ്റക്കുറച്ചില്‍ മുതലായവ ലോകത്തെങ്ങുമുണ്ടാകും. തുടരുന്ന റഷ്യ -യുക്രൈന്‍ യുദ്ധം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടവരുത്തും. സാമ്പത്തികമാന്ദ്യത്തിന്റെ അലയടികള്‍ അമേരിക്കയില്‍ കൂടുതലായി അനുഭവപ്പെടില്ല. ഡോളറിന്റെ ഉയരുന്ന വിലയാണ് ഇതിനു കാരണം. കാലാവസ്ഥാവ്യതിയാനം പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ക്കു പ്രസക്തിയേകും. ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തില്‍വെച്ചേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഏപ്രില്‍ പതിനാലോടെ മാറും. 2024 ലെ തിരഞ്ഞെടുപ്പില്‍ യു.എസ്സില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും മത്സരിക്കാന്‍ ശ്രമിക്കും. ചൈന തായ്വാനെ ആക്രമിക്കാന്‍ തയാറായേക്കും.

ഭൂമിശാസ്ത്ര- രാഷ്ട്രീയ പ്രതിസന്ധികള്‍ 2023 ലും തുടരും. ടൂറിസംമേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കും. മെറ്റാവേഴ്‌സ് കൂടുതല്‍ വിപുലപ്പെടും. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍ മുതലായവ പാസ്‌വേഡിനു പകരം പാസ്്കീ പുറത്തിറക്കും. ചൈനയില്‍ തുടരുന്ന കോവിഡ് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും.

റഷ്യ- യുക്രൈന്‍ യുദ്ധം കാര്‍ഷികമേഖലയില്‍ പ്രതിസന്ധിയ്ക്കും ഭക്ഷ്യക്ഷാമത്തിനും പട്ടിണിയ്ക്കും ഇടവരുത്തും. തൊഴില്‍മേഖലയില്‍ പിരിച്ചുവിടല്‍ഭീഷണി തുടരും. ഓണ്‍ലൈന്‍, ടെക്‌നോളജി, വിദ്യാഭ്യാസ, സാങ്കേതിക രംഗത്ത് ഇതു കൂടുതല്‍ പ്രകടമാകും. ജപ്പാനില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചുവരുന്നതു വ്യവസായ, തൊഴില്‍മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അമേരിക്കയില്‍ കലിഫോര്‍ണിയ, ടെക്‌സാസ്, ന്യൂയോര്‍ക്ക്, ഫ്ളോറിഡ സംസ്ഥാനങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഭീഷണി തുടരും. കാലാവസ്ഥാമാറ്റങ്ങള്‍ പട്ടിണിയ്ക്ക് ആക്കം കൂട്ടും. ബ്രിട്ടനില്‍ സാമ്പത്തികപ്രതിസന്ധി തുടരും. തൊഴില്‍മേഖലയില്‍ മാന്ദ്യം തുടരും.

തൊഴില്‍

സാധ്യതകള്‍

സാങ്കേതികരംഗത്തു മിക്‌സഡ് റിയാലിറ്റി, ക്വാന്റം കമ്പ്യൂട്ടിങ്, വെര്‍ട്ടിപോര്‍ട്ട് എന്നിവ വളര്‍ച്ച കൈവരിക്കും. സ്‌പേസ് ടൂറിസം, സ്പേസ് സോളാര്‍ പവര്‍ എന്നിവ വിപുലമാകും. ഇന്ത്യ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 5 .1 ശതമാനം വളര്‍ച്ച കൈവരിക്കും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാന്‍ഷ്യല്‍ സര്‍വീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ.ടി, റീറ്റെയ്ല്‍, ടെലികോംമേഖല വളര്‍ച്ച കൈവരിക്കും. ഡ്രോണ്‍, റോബോട്ടിക്സ് എന്നിവ കൂടുതലായി പ്രാവര്‍ത്തികമാകും. ഫാര്‍മ, സംസ്‌കരണം എന്നിവ വളര്‍ച്ച കൈവരിക്കും. സാമ്പത്തികസേവനം, ആരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍സ്, പ്രതിരോധം, വ്യവസായമേഖലകളില്‍ ക്വാന്റം കമ്പ്യൂട്ടിങ് കൂടുതലായി പ്രയോജനപ്പെടുത്തും. ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യം തുടരും.

2023 ല്‍ ടെക്‌നോളജിയധിഷ്ഠിത തൊഴിലുകള്‍ക്കു സാധ്യതയേറും. കോഡേഴ്സ്, ബ്‌ളോക്ക് ചെയിന്‍ ഡെവലപ്പര്‍, വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്നീഷ്യന്‍, എത്തിക്കല്‍ ഹാക്കര്‍, ബിഗ്ഡേറ്റ അനലിസ്റ്റ്, എ.ഐ. തൊഴിലുകള്‍, ഡേറ്റ സയന്റിസ്റ്റ്, ജീന്‍ എഡിറ്റേഴ്‌സ്, ഡ്രോണ്‍ ടെക്നീഷ്യന്‍, സംരംഭകര്‍, മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍, മാര്‍ക്കറ്റിംഗ് അനലിസ്റ്റ്, നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, പ്രൊജക്റ്റ് മാനേജര്‍, നഴ്സിംഗ്, സൈക്കോളജിസ്‌റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍ഷ്യല്‍ മാനേജര്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും. ഗ്രാഫിക് ആന്റ് വെബ് ഡിസൈനിങ്, മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഐ.ടി, പോളിസി അനലിസ്റ്റ്, ഡെവലപ്മെന്റല്‍ സയന്‍സ്, ലിബറല്‍ ആര്‍ട്‌സ്, സോഷ്യോളജി, എക്കണോമിക്‌സ്, മെഷീന്‍ ലേണിംഗ്, മാനുഫാക്ച്ചറിങ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, പബ്ലിക് ഹെല്‍ത്ത്, മോളിക്യൂലര്‍ ബയോളജി, ക്വാന്റം കമ്പ്യൂട്ടിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, റോബോട്ടിക്സ്, ആര്‍ക്കിടെക്ചര്‍, ഗെയിമിംഗ് ടെക്‌നോളജി, വിഷ്വല്‍ ബേസിക്‌സ്, അനിമേഷന്‍, കോമിക്സ്, ഹൈബ്രിഡ് ടെക്‌നോളജി, ഇലക്ട്രിക്ക്‌വാഹനങ്ങള്‍, എനര്‍ജി മാനേജ്മന്റ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പോര്‍ട്ട് മാനേജ്‌മെന്റ് എന്നിവയില്‍ 2023 ല്‍ അവസരങ്ങളേറും. സൈക്കോളജി, ഡത ഡിസൈന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ഡാറ്റ സയന്‍സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ക്ലോസ്ഡ് കമ്പ്യൂട്ടിങ്, പ്രൊഡക്ട് മാനേജ്മെന്റ്, ബിഗ്‌ഡേറ്റ

അനലിറ്റിക്‌സ്, ബിസിനസ് അനലിറ്റിക്സ് എന്നീ കോഴ്സുകള്‍ക്കു തൊഴില്‍ സാധ്യതയേറും.

മികച്ച തൊഴില്‍

ലഭിക്കാന്‍

അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കു മികച്ച തൊഴില്‍ ലഭിക്കാന്‍ സ്‌കില്‍ വികസനം, സോഫ്റ്റ് സ്‌കില്‍സ്, ഇംഗ്ലീഷ് പ്രാവീണ്യം, കമ്പ്യൂട്ടര്‍ ലാംഗ്വേജ്, കമ്പ്യൂട്ടര്‍ പ്രാവീണ്യം, പൊതുവിജ്ഞാനം എന്നിവ ആവശ്യമായി വരും. വിദേശപഠനത്തിനു പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. എന്നാല്‍, സ്‌കോളര്‍ഷിപ്, അസിസ്റ്റന്റ്ഷിപ്, ഫെല്ലോഷിപ്പ് എന്നിവയുടെ എണ്ണത്തില്‍ കുറവുണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി ആരംഭിക്കുമെങ്കിലും സുസ്ഥിരത നേടുന്നതില്‍ 50 ശതമാനത്തോളം പരാജയപ്പെടും. സുസ്ഥിരവികസനം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, കൃഷി, ഭക്ഷ്യ സംസ്‌കരണം മുതലായവയില്‍ ഗവേഷണ സാധ്യതകളേറും. ബിരുദധാരികള്‍ പഠിച്ച വിഷയത്തില്‍ ഉപരിപഠനം നടത്തുന്നതിനു പകരം ടെക്‌നോളജിയധിഷ്ഠിത വിഷയങ്ങള്‍ തിരഞ്ഞെടുക്കും. എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ധിച്ചുവരും.

Leave a Reply

Your email address will not be published. Required fields are marked *

Latest News