പി.എം.സി. ബാങ്കിനെയൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിച്ചതില്‍ പരക്കെ എതിര്‍പ്പ്
നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും അഭ്യര്‍ഥനകള്‍ പാടെ തള്ളിക്കൊണ്ട് റിസര്‍വ് ബാങ്ക് പഞ്ചാബ് ആന്റ് മഹാരാഷ്ട്ര അര്‍ബന്‍ ബാങ്കിനെ ( പി.എം.സി. ബാങ്ക് ) ഡല്‍ഹി ആസ്ഥാനമായുള്ള യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡില്‍ ( USFBL ) ലയിപ്പിച്ചതില്‍ പരക്കെ എതിര്‍പ്പുയര്‍ന്നു. വിജ്ഞാപനം പുറപ്പെടുവിച്ച ജനുവരി 25 നു ഏറ്റെടുക്കല്‍ പ്രാബല്യത്തില്‍ വന്നു. പി.എം.സി. ബാങ്കിന്റെ നിക്ഷേപമടക്കം എല്ലാ ആസ്തി ബാധ്യതകളും USFBL ഏറ്റെടുക്കും. പി.എം.സി. ബാങ്കിന്റെ എല്ലാ ശാഖകളും USFBL ന്റെ ശാഖകളായി മാറും. ആര്‍.എസ്.എസ്. അനുകൂല സംഘടനയായ സഹകാര്‍ ഭാരതി റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ എതിര്‍ത്തു രംഗത്തു വന്നിട്ടുണ്ട്. ഈ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കാനൊരുങ്ങുകയാണു സംഘടന. ‘ വളരെ ദു:ഖകരം. വാക്കുകള്‍ക്കതീതം ‘ എന്നായിരുന്നു സഹകാര്‍ ഭാരതിയുടെ പ്രതികരണം.
വളരെക്കാലം തുടര്‍ന്നുപോന്ന കൃത്രിമത്വം കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ട ഓഡിറ്റര്‍മാരും പരിശോധനാ ഉദ്യോഗസ്ഥരുമാണു പി.എം.സി. ബാങ്കിന്റെ തകര്‍ച്ചക്കുത്തരവാദികള്‍ എന്നു സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് ജോഷി അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളും മുതിര്‍ന്ന പൗരന്മാരും ഓഡിറ്റു ചെയ്ത കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും വിശ്വസിച്ചാണു തങ്ങളുടെ നിക്ഷേപം പി.എം.സി. ബാങ്കിലിട്ടത്. അതുകൊണ്ട് നിക്ഷേപകര്‍ ഇതില്‍ തെറ്റുകാരല്ല. വഞ്ചനക്കിരയായിത്തീര്‍ന്ന നിസ്സഹായരായ നിക്ഷേപകര്‍ക്കു നീതി കിട്ടണം – അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക ക്രമക്കേടുകള്‍ കാരണം റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പി.എം.സി. ബാങ്കിനെ USFBL ല്‍ ലയിപ്പിക്കുന്ന കരടു നിര്‍ദേശത്തെ നേരത്തേ ഓഹരിയുടമകളും നിക്ഷേപകരും ഒരുമിച്ചെതിര്‍ത്തിരുന്നു. റിസര്‍വ് ബാങ്കിന്റെ കരടു നിര്‍ദേശങ്ങളെ അസംബന്ധം എന്നാണ് അവര്‍ വിശേഷിപ്പിച്ചിരുന്നത്. ഏറ്റെടുക്കാനുള്ള അന്തിമ പദ്ധതി തയാറാക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായവും കേള്‍ക്കണമെന്നു അവര്‍ അഭ്യര്‍ഥിച്ചിരുന്നു. അതൊന്നും പക്ഷേ, പാലിക്കപ്പെട്ടില്ല.
ആറു സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയായുണ്ടായിരുന്ന പി.എം.സി. ബാങ്ക് എന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കില്‍ 2019 സെപ്റ്റംബര്‍ 23 നാണു റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. അന്നു മുതല്‍ നിക്ഷേപകര്‍ക്കു പണം പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. 1983 ല്‍ ആരംഭിച്ച ബാങ്കിനു മഹാരാഷ്ട്രയിലെ നൂറു ശാഖകളടക്കം 137 ശാഖകളുണ്ടായിരുന്നു. സഹകാര്‍ ഭാരതിയും കരടു പദ്ധതിയിലെ പല നിര്‍ദേശങ്ങളിലും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
തങ്ങള്‍ക്കുവേണ്ടി ഒരാശ്വാസ നടപടിയും കൈക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഏറ്റെടുക്കലുമായി മുന്നോട്ടുപോയതിനെ പി.എം.സി. ബാങ്കിലെ നിക്ഷേപകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതായി ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം ഓഹരി മൂലധനവും തുടച്ചുനീക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് നടപടി ഓഹരിയുടമകളുടെ താല്‍പ്പര്യങ്ങളെ ഹനിച്ചതായി പി.എം.സി. ബാങ്ക് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ദീപിക സഹാനി അഭിപ്രായപ്പെട്ടു. പി.എം.സി ബാങ്കിന്റെ എല്ലാ ആസ്തിയും യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനു ദാനമായി കിട്ടിയെന്നു ദീപിക കുറ്റപ്പെടുത്തി. എല്ലാ ഉദ്യോഗസ്ഥരുടെയും വാതിലില്‍ മുട്ടിയ നിക്ഷേപകര്‍ ഇനിയെങ്ങോട്ടു പോകുമെന്നു ഫോറത്തിന്റെ മറ്റൊരംഗമായ മഞ്ജുള കോട്ടിയാന്‍ ചോദിച്ചു. ഏറ്റെടുക്കല്‍ വാര്‍ത്ത കേട്ട രണ്ടു നിക്ഷേപകര്‍ ഹൃദയം തകര്‍ന്നു മരിച്ചെന്നും പലരും വിഷാദാവസ്ഥയിലായെന്നും അവര്‍ പറഞ്ഞു. എല്ലാവരും ആശയക്കുഴിപ്പത്തിലാണ്. എവിടെപ്പോകണമെന്നറിയില്ല, ആരെ സമീപിക്കണമെന്നറിയില്ല – മഞ്ജുള പറഞ്ഞു. പി.എം.സി. ബാങ്കിലിട്ട നിക്ഷേപങ്ങളെല്ലാം നഷ്ടപ്പെട്ട മുതിര്‍ന്ന പൗരന്മാരായ തങ്ങളുടെ കൈയില്‍ ഭക്ഷണത്തിനോ മരുന്നിനോ കാശില്ലെന്നും ഈ വാര്‍ത്ത കേട്ട റിപ്പബ്ലിക് ദിനം മുതല്‍ തങ്ങള്‍ മരണം കാത്തിരിക്കുകയാണെന്നും മറ്റൊരു നിക്ഷേപകനായ എ. പഞ്ചാപകേശന്‍ സങ്കടത്തോടെ എഴുതി. ‘ ഇതു ഞങ്ങളൊരിക്കലും പൊറുക്കില്ല – അദ്ദേഹം പറഞ്ഞു.
വലിയ തുക നിക്ഷേപിച്ചവരാണ് ഏറ്റെടുക്കല്‍ തീരുമാനമനുസരിച്ച് ഏറെ കഷ്ടപ്പെടുക. അവര്‍ക്കു പത്തു വര്‍ഷം കഴിഞ്ഞേ നിക്ഷേപത്തുക പൂര്‍ണമായി തിരിച്ചു കിട്ടുകയുള്ളു. ആദ്യ വര്‍ഷാവസാനം നിക്ഷേപകരാവശ്യപ്പെട്ടാല്‍ 50,000 രൂപ തിരിച്ചു കൊടുക്കും. രണ്ടാം വര്‍ഷാവസാനവും 50,000 കൊടുക്കും. മൂന്നാം വര്‍ഷാവസാനം ഒരു ലക്ഷവും നാലാം വര്‍ഷാവസാനം രണ്ടര ലക്ഷവും അഞ്ചാം വര്‍ഷാവസാനം അഞ്ചര ലക്ഷവും തിരിച്ചുകൊടുക്കും.