പാക്സ് ജീവനക്കാർക്ക് പോളിംഗ് ഡ്യൂട്ടി നൽകുന്നു: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തിനു എതിരാണ് ഇതെന്ന് ജീവനക്കാർ.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകുന്നതിനായി, ജീവനക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് സെക്രട്ടറിമാർക്ക് നിർദ്ദേശം ലഭിച്ചു.ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടർ ആണ് ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെതായി വന്ന സർക്കുലറിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ അർബൻ സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക് ജീവനക്കാരെ ഡ്യൂട്ടിക്ക് ഉപയോഗിക്കാം എന്നും പറയുന്നുണ്ട്.

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെകുറിച്ചു പ്രത്യേകം പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ സഹകരണ സംഘങ്ങൾ എന്ന രീതിയിൽ പാക്സ് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ല എന്നായിരുന്നു പൊതുധാരണ.എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ പറയുന്ന പ്രാഥമിക സഹകരണസംഘങ്ങൾ, സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഒഴികെയുള്ള മറ്റു സഹകരണ സംഘങ്ങളാണെന്നു തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട കളക്ടറേറ്റിലെ ജില്ലാ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തെ നിരവധി പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് ഇതിനകംതന്നെ കളക്ടർമാരുടെ നിർദേശം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ വഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ഉറപ്പാക്കണം എന്നാണ് സഹകരണ സംഘങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് ബാങ്ക് സെക്രട്ടറിമാരാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ എൻട്രി നടത്തേണ്ടത്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.

ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ചെയ്യേണ്ടതാണ്. സ്ഥാപന മേധാവിക്ക് ഉള്ള യൂസർ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. യൂസർ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം. സ്ഥാപന മേധാവി മുതൽ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് ഡാറ്റ എൻട്രി നടത്തേണ്ടതാണ്. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ റിമാർക്ക്സ് കോളത്തിൽ അടയാളപ്പെടുത്തണം. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അനുവദിച്ച കാരണങ്ങൾക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകൾ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനക്കായി സമർപ്പിക്കണം. ഈ രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ എൻട്രി നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പൂർത്തിയാക്കണം. ഡാറ്റ എൻട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡൽ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News