നെല്‍ക്കര്‍ഷകരുടെ രക്ഷയ്ക്കും സഹകരണം
ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും മുടങ്ങാതെ നിര്‍ത്താനുള്ള
പെടാപ്പാടിലാണു കേരളസര്‍ക്കാര്‍. സാമൂഹികഉത്തരവാദിത്തം നിറവേറ്റുന്നതില്‍
എന്നും സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിന്നിട്ടുള്ള സഹകരണമേഖല
ഇപ്പോഴിതാ നെല്ലുസംഭരണത്തിലും സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു.
വാണിജ്യബാങ്കുകളെ ആശ്രയിച്ചതിന്റെ പ്രശ്‌നം സര്‍ക്കാര്‍ തിരിച്ചറിഞ്ഞപ്പോഴാണു
സഹകരണപങ്കാളിത്തത്തിലൂടെ നെല്ലുസംഭരണം എന്ന ചിന്തയിലേക്കു മാറിയത്.
ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ചപ്പോള്‍
കര്‍ഷകര്‍ക്കു കൃത്യമായി പണം നല്‍കാന്‍ കഴിയാതെപോയി. ഇത്തരം സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാനാണു നെല്ലുസംഭരണത്തില്‍ സഹകരണമേഖലയുടെ പങ്കാളിത്തം തേടുന്നത്.
സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടമാണിത്. ഇടപാടുകാരെ ആശങ്കയിലാക്കുന്ന പെരുപ്പിച്ച വാര്‍ത്തകളുടെ കുത്തൊഴുക്കുകള്‍ നടക്കുന്ന ഘട്ടം. കര്‍ഷകരും തൊഴിലാളികളും അംഗങ്ങളായ പ്രാദേശിക ജനകീയ ധനകാര്യസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. ഒരു പ്രദേശത്തെ ജനങ്ങള്‍ അംഗങ്ങളാവുകയും അവരുടെ ഹിതപരിശോധനയാല്‍ ഭരണസമിതിയംഗങ്ങളെ നിശ്ചയിക്കുകയും ആ അംഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് സഹകരണസംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യം. ഇത്തരം സ്ഥാപനങ്ങളെ പ്രൊഫഷണലുകളുടെ ഭരണമികവില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുമായല്ല താരതമ്യം ചെയ്യേണ്ടത്. ഇനി ആ താരതമ്യം നടത്തുന്നുണ്ടെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ മനുഷ്യനന്മയും സാമൂഹികമുന്നേറ്റ ലക്ഷ്യവും എത്രത്തോളം ഉണ്ടെന്നുകൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ സഹകരണസംഘങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടും. സാങ്കേതികമികവും ജീവനക്കാരുടെ ഉയര്‍ന്ന അക്കാദമിക് മികവും മാത്രം പരിഗണിച്ചാല്‍ സഹകരണസംഘങ്ങള്‍ ഒരുപാട് താഴെയാണെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ, തട്ടിപ്പുമികവുമായി എത്തുന്നവര്‍ക്ക് അവരുടെ ലക്ഷ്യം നേടാന്‍ കുറച്ചുകൂടി എളുപ്പമായിരിക്കും. അതാണു കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടത്. എന്നാല്‍, അത്തരമൊരു ചെയ്തിയുടെ പേരില്‍ ഈ മേഖലയുടെ സാമൂഹികഉത്തരവാദിത്തബോധം ചോദ്യം ചെയ്യുന്നതു തെറ്റാണെന്നു മാത്രമല്ല അബദ്ധവുമാണ്. സഹകരണപ്രസ്ഥാനത്തിനു സംഭവിക്കുന്ന ക്ഷീണം പ്രാദേശികമായി ജനങ്ങളുടെ ജീവിതാവസ്ഥയില്‍ തകര്‍ച്ചയുണ്ടാക്കുമെന്ന് ഒട്ടേറെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാനാവും.
കേരളം അതിഭീകരമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും മുടങ്ങാതെ നിര്‍ത്താനുള്ള പെടാപ്പാടിലാണു സര്‍ക്കാര്‍. ചെലവുകള്‍ വെട്ടിച്ചുരുക്കി സാമ്പത്തികനിയന്ത്രണത്തിനുള്ള വഴി തേടുകയാണ്. സര്‍ക്കാര്‍ജീവനക്കാര്‍ക്കു ഡി.എ. അടക്കമുള്ള ആനുകൂല്യങ്ങള്‍ പലതും കുടിശ്ശികയാണ്. കെ.എസ്.ആര്‍.ടി.സി. പോലുള്ള ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുടങ്ങാതെ ശമ്പളം നല്‍കാന്‍പോലും കഴിയാത്ത സ്ഥിതിയുണ്ട്. ഈ ഘട്ടത്തില്‍, സഹകരണസംഘങ്ങള്‍ അതിന്റെ പ്രാദേശികസ്വഭാവം കൈവിടുകയും സര്‍ക്കാരിന്റെ ധനപ്രതിസന്ധിയെ മറികടക്കാനും ക്ഷേമപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും കൂടെ നില്‍ക്കുന്നുവെന്നത് ഒരു നിസ്സാര കാര്യമല്ല. അത്തരമൊരു സമീപനം സഹകരണപ്രസ്ഥാനത്തിനു മാത്രമേ സ്വീകരിക്കാന്‍ കഴിയൂവെന്നു വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മാത്രമല്ല, പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുപോലും സഹകരണസ്ഥാപനങ്ങളുടെ മാതൃകയിലുള്ള സാമൂഹിക ഉത്തരവാദിത്തം സര്‍ക്കാരിനൊപ്പം ചേര്‍ന്നു നിര്‍വഹിക്കാനാവില്ല. അതു പ്രളയവും കോവിഡും വന്ന ഘട്ടത്തില്‍ കേരളം തിരിച്ചറിഞ്ഞതാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കു സൗജന്യമായി വീടും ജീവനോപാധി ഇല്ലാതായാവര്‍ക്ക് അതുണ്ടാക്കിയെടുക്കുന്നതിനു പലിശരഹിത വായ്പയും നാട്ടിലെ ദുരിതം പരിഹരിക്കാന്‍ പൊതുസേവനകേന്ദ്രങ്ങളും ഒരുക്കിയതു സഹകരണപ്രസ്ഥാനമാണ്.
ക്ഷേമ പെന്‍ഷനു
പിന്നിലെ ശക്തി
ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ ലഭിച്ചതിന്റെ ആശ്വാസം കേരളത്തിലെ സാധാരണക്കാരുടെ കുടുംബങ്ങളില്‍ പ്രകടമായിരുന്നു. അതു സര്‍ക്കാരിന്റെ നേട്ടമായി നില്‍ക്കുമ്പോഴും, അതിനു പിന്നില്‍ സഹകരണപ്രസ്ഥാനത്തിന്റെ പിന്തുണയാണെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. 4000 കോടി രൂപയാണ് ഇതുവരെ സഹകരണസംഘങ്ങള്‍ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരിനു വായ്പയായി നല്‍കിയിട്ടുള്ളത്. പലിശരഹിത കാര്‍ഷിക വായ്പ, കാര്‍ഷിക കടാശ്വാസക്കമ്മീഷന്റെ സഹായം എന്നിവയെല്ലാം സഹകരണസംഘങ്ങള്‍ സാമ്പത്തികബാധ്യത അനുഭവിച്ചതിന്റെ പേരില്‍ ജനങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സര്‍ക്കാര്‍സഹായങ്ങളാണ്. കോവിഡ് കാലത്തു കുറഞ്ഞ പലിശയ്ക്കു സാധാരണക്കാര്‍ക്കു 4000 കോടിയോളം രൂപയാണു സഹകരണസംഘങ്ങളിലൂടെ വായ്പയായി നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലാത്ത വായ്പയാണ്. ഇത്തരം ചെലവുകളും കുടിശ്ശികയും സംഘങ്ങള്‍ക്കുണ്ടാകുമ്പോള്‍ അവയ്ക്കു ചെറിയ സാമ്പത്തികപ്രതിസന്ധിയുമുണ്ടാകും. നിക്ഷേപങ്ങള്‍ സ്വീകരിച്ചാണു സാമൂഹികപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനം സഹകരണസംഘങ്ങള്‍ നടത്തുന്നത്. നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ പോകുന്നുവെന്നു നിക്ഷേപകരോട് വിളിച്ചുപറയുന്നവര്‍ സഹകരണസംഘങ്ങളെ ഇല്ലാതാക്കുമ്പോള്‍ നിങ്ങളുടെ നാടിനു ലഭിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സേവനങ്ങള്‍കൂടി ഇല്ലാതാകുമെന്നു തിരിച്ചറിയുന്നതു നന്നാകും.
ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ജനപക്ഷമനോഭാവം വേണ്ടെന്നുവെയ്ക്കുന്ന സമീപനമല്ല സഹകരണപ്രസ്ഥാനം കൈക്കൊള്ളുന്നത്. അങ്ങനെ ചെയ്യുന്നതു സഹകരണകാഴ്ചപ്പാടുമല്ല. അതിനാല്‍, നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങളും സഹകരണപ്രസ്ഥാനം ഏറ്റെടുക്കാന്‍ പോവുകയാണ്. നെല്ലളക്കുന്ന കര്‍ഷകന് അപ്പപ്പോള്‍ പണം കിട്ടുന്ന രീതി കൊണ്ടുവരുന്നതിനാണു സഹകരണസംഘങ്ങളെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത്. അധ്വാനിച്ചുണ്ടാക്കിയ വിള നല്‍കിയിട്ടും അതിന്റെ പണം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണു കുറച്ചുകാലമായി നെല്‍ക്കര്‍ഷകര്‍ക്കുണ്ടാകുന്നത്. വാണിജ്യബാങ്കുകളിലൂടെയാണു നെല്‍ക്കര്‍ഷകര്‍ക്കു പണം നല്‍കുന്നത്. അതിനു നിബന്ധനകളേറെയുണ്ട്. വാണിജ്യബാങ്കുകളെ ആശ്രയിച്ചതിന്റെ പ്രശ്‌നം സര്‍ക്കാര്‍ തിരിച്ചറിഞ്ഞപ്പോഴാണു സഹകരണപങ്കാളിത്തത്തിലൂടെ നെല്ലുസംഭരണം എന്ന ചിന്തയിലേക്കു മാറിയത്. ഇതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
നെല്ലുസംഭരണത്തിലെ
പ്രശ്‌നം
വളരെ വിപുലവും ഒട്ടേറെ ഘട്ടങ്ങള്‍ അടങ്ങിയതുമായ ഒരു പ്രക്രിയയാണു നെല്ലുസംഭരണം. മില്ലുകളുമായി ചര്‍ച്ച ചെയ്തു കരാറിലേര്‍പ്പെട്ട് പാടശേഖരങ്ങള്‍ അനുവദിച്ചുകൊടുക്കുക, കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കുക, അതു കുത്തി അരിയാക്കി ഗോഡൗണുകളില്‍ സൂക്ഷിക്കുക, അവിടെനിന്നു റേഷന്‍കടകളില്‍ എത്തിച്ചു വിതരണം ചെയ്യുക, വിതരണത്തിന്റെ കണക്കുകള്‍ ബോധ്യപ്പെടുത്തി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളില്‍നിന്നു നെല്ലിന്റെ സംഭരണവിലയുടെ വിഹിതം വാങ്ങുക എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഈ പ്രക്രിയകളെ ഏകോപിപ്പിക്കുന്നതിനായി സപ്ലൈകോയെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏതു സംസ്ഥാനത്തേക്കാളും മികച്ച നിലയില്‍ കേരളത്തില്‍ നെല്ലുസംഭരണം നടന്നുവരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയും നല്‍കിവരുന്നതു കേരളത്തിലാണ്. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ സഹകരിച്ചു നടപ്പാക്കുന്ന വികേന്ദ്രീകൃത ധാന്യസംഭരണ, സംസ്‌കരണ, വിതരണപദ്ധതിയുടെ ഭാഗമാണു കേരളത്തിലെ നെല്ലുസംഭരണവും. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ അന്നവിതരണ്‍ പോര്‍ട്ടല്‍ വഴി കേന്ദ്രത്തില്‍ കിട്ടുമ്പോള്‍മാത്രമേ താങ്ങുവില അഥവാ മിനിമം സപ്പോര്‍ട്ട് പ്രൈസ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയുള്ളു. ഈ പ്രക്രിയ്ക്കു ചുരുങ്ങിയത് ആറുമാസം വരെ എടുക്കും.
2022-23 സാമ്പത്തികവര്‍ഷത്തില്‍ നെല്‍ക്കര്‍ഷകര്‍ക്കു പണം കൊടുക്കുന്നതില്‍ വലിയ പ്രശ്‌നമാണുണ്ടായത്. 2,50,373 കര്‍ഷകരില്‍നിന്നായി 7,31,184 മെട്രിക് ടെണ്‍ നെല്ലാണു സപ്ലൈകോ സംഭരിച്ചത്. കര്‍ഷകനു താങ്ങുവിലയും സംസ്ഥാനപ്രോത്സാഹന ബോണസ്സും ചേര്‍ത്ത് ഒരു കിലോ ഗ്രാം നെല്ലിനു രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 28.20 രൂപയാണു നല്‍കുന്നത്. കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വിലയായി ആകെ നല്‍കേണ്ടിയിരുന്നതു 2070.71 കോടി രൂപയാണ്. ഇതില്‍ 1,96,004 കര്‍ഷകര്‍ക്കായി 1637.71 കോടി രൂപ യഥാസമയം വിതരണം ചെയ്തു വെങ്കിലും 54,369 കര്‍ഷകര്‍ക്കായി 433 കോടി രൂപ നല്‍കാന്‍ കുടിശ്ശിക വന്നു. ഇതു വേഗത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. സംഭരണവില നല്‍കുന്നതിനു വാണിജ്യബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു പണം നല്‍കുന്നത്. വായ്പയായാണ് ഈ തുക നല്‍കുന്നത്. അതു കിട്ടുന്നതിലുണ്ടായ തടസ്സമാണു പ്രശ്‌നങ്ങളുണ്ടാക്കിയത്. 2017-18 വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നു 600 കോടിയിലധികം രൂപ കിട്ടാനുണ്ട്. ഇതു വായ്പാ തിരിച്ചടവിനെ ബാധിച്ചു. അതിനാല്‍, വീണ്ടും വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിച്ചു. ഈ ഘട്ടത്തില്‍ കേരളസര്‍ക്കാര്‍ 180 കോടി രൂപ അനുവദിക്കുകയും അമ്പതിനായിരം രൂപ വരെ നല്‍കാനുള്ള കര്‍ഷകര്‍ക്കു മുഴുവന്‍ തുകയും നല്‍കുകയും അവശേഷിച്ചവര്‍ക്കു ഭാഗികമായി നല്‍കുകയും ചെയ്തു. ബാങ്കുകളുമായി നിരന്തരമായി ചര്‍ച്ച ചെയ്ത് അവശേഷിക്കുന്ന മുഴുവന്‍ തുകയും നല്‍കുന്നതിനാവശ്യമായ വായ്പ ഓണത്തിനു മുമ്പേതന്നെ അനുവദിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബാങ്കുകളുടെ സാവകാശത്തിലുള്ള വായ്പാനടപടിക്രമങ്ങള്‍ മൂലം വിതരണത്തില്‍ കാലതാമസമുണ്ടായി.
കര്‍ഷകര്‍ സപ്ലൈകോയ്ക്കു നെല്ല് നല്‍കുമ്പോള്‍ പാഡീ റസീപ്റ്റ് ഷീറ്റ്‌സ് ( പി.ആര്‍.എസ് ) ആണു നല്‍കുന്നത്. ഈ പാഡി റസീപ്റ്റ് ബാങ്കുകളില്‍ നല്‍കുമ്പോഴാണു കര്‍ഷകര്‍ക്കു പണം കിട്ടുക. ബാങ്കുകളുമായി സപ്ലൈകോ ഉണ്ടാക്കിയ വായ്പാധാരണയനുസരിച്ചാണ് ഈ തുക കര്‍ഷകര്‍ക്ക് അനുവദിക്കുക. അതിനാല്‍, സപ്ലൈകോയ്ക്കു വായ്പ നല്‍കുന്നതില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കര്‍ഷകനു പണം കിട്ടുന്നതും മുടങ്ങും. ഇതാണു കഴിഞ്ഞ സീസണില്‍ സംഭവിച്ചത്. 2022-23 ല്‍ എസ്.ബി.ഐ., ഫെഡറല്‍, കാനറ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു സപ്ലൈകോയ്ക്കു വായ്പ നല്‍കുന്നത്. സംഭരിക്കുന്ന നെല്ലും അതില്‍നിന്നു ലഭിക്കുന്ന അരിയും സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട തുകകളും ഈടാക്കി നല്‍കിയാണു സപ്ലൈകോ കണ്‍സോര്‍ഷ്യം ബാങ്കുകളില്‍നിന്നു വായ്പ എടുക്കുന്നത്. അതിനാല്‍, സപ്ലൈകോ മറ്റു ബാങ്കുകളില്‍നിന്നു വായ്പയെടുക്കുന്നതിനു മുമ്പു കണ്‍സോര്‍ഷ്യം ബാങ്കുകളില്‍നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. അതുകൊണ്ട്, കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പ ലഭിച്ചില്ലെങ്കില്‍ മറ്റു ബാങ്കുകളില്‍നിന്നു വായ്പ എടുക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇതാണു നെല്ലുസംഭരണത്തില്‍ സംഭവിച്ചത്.
സഹകരണ
പങ്കാളിത്തത്തിലേക്ക്
കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ചപ്പോള്‍ കര്‍ഷകര്‍ക്കു കൃത്യമായി പണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതുപോലെ ഇനി ഉണ്ടാകരുതെന്നാണു സര്‍ക്കാരിന്റെ തീരുമാനം. ഇതിനാണു നെല്ലുസംഭരണത്തില്‍ സഹകരണപങ്കാളിത്തം തേടുന്നത്. നെല്ലു സംഭരിച്ചാലുടന്‍ കര്‍ഷകര്‍ക്കു പണം നല്‍കുന്നതിനു സഹകരണബാങ്കുകളുടെ സഹായം സ്വീകരിക്കും. കേരളത്തിലെ കര്‍ഷകരുടെ രക്തബന്ധുവായ സഹകരണപ്രസ്ഥാനം ഈ കടമ നിര്‍വ്വഹിച്ചുകൊണ്ട് നെല്ലുസംഭരണപ്രക്രിയ ശക്തിപ്പെടുത്തും. മറ്റുള്ള പ്രവര്‍ത്തനങ്ങളെല്ലാം സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ നിലവിലുള്ളതുപോലെ തുടരും. ഇക്കാര്യങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിനു സഹകരണ-ഭക്ഷ്യ-ധനകാര്യ വകുപ്പ്മന്ത്രിമാരുടെ ഒരു ഉപസമിതി സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. കൊയ്തു കഴിഞ്ഞിരിക്കുന്ന നെല്ല് താമസംകൂടാതെ സംഭരിക്കാനും കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണവില നല്‍കാനുമാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ ഉപസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേരള ബാങ്കില്‍ നിന്നു വായ്പ കിട്ടാനുള്ള ചര്‍ച്ചകളാണു നടക്കുന്നത്. കേരള ബാങ്കിനു പി.ആര്‍.എസ്. വായ്പ ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കും. 200 കോടി രൂപയാണു നേരത്തെ പി.ആര്‍.എസ്. വായ്പ അനുവദിച്ചവകയില്‍ സപ്ലൈകോ കേരള ബാങ്കിനു നല്‍കുന്നത്. കേരള ബാങ്കില്‍നിന്നു വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങള്‍ നീക്കുന്നതിനു കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. കണ്‍സോര്‍ഷ്യത്തിന്റെ അനുമതിയോടെ മാത്രമേ ഇതു സാധ്യമാകൂ. അതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കര്‍ഷകര്‍ക്കു താമസമില്ലാതെ പണം നല്‍കുന്നതു മാത്രമല്ല നെല്ലുസംഭരണത്തിലെ പ്രശ്‌നം. ഔട്ട് ടേണ്‍ റേഷ്യോ സംബന്ധിച്ച ഒരു വിഷയം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഔട്ട് ടേണ്‍ റേഷ്യോ 68 ശതമാനമാണ്. അതായത,് ഒരു ക്വിന്റല്‍ നെല്ലില്‍നിന്നു 68 കിലോ ഗ്രാം അരി ലഭിക്കണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ 68 കിലോ ഗ്രാം അരി പൊതുവിതരണസമ്പ്രദായം വഴി ഗുണഭോക്താക്കള്‍ക്കു നല്‍കുമ്പോഴാണ് ഒരു ക്വിന്റല്‍ നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുക. എന്നാല്‍, കേരളത്തിന്റെ കാലാവസ്ഥാസവിശേഷതകള്‍ മൂലം ഈ അനുപാതത്തില്‍ എല്ലാ പ്രദേശങ്ങളിലും അരി ലഭിക്കുന്നില്ല എന്ന വസ്തുത പരിഗണിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതു 64.5 ശതമാനമായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കുകയുണ്ടായി. ഈ മൂന്നര ശതമാനത്തിന്റെ വ്യത്യാസം മൂലമുണ്ടാകുന്ന സാമ്പത്തികബാധ്യതയും സംസ്ഥാനസര്‍ക്കാരാണു വഹിച്ചുപോന്നത്. എന്നാല്‍, സമീപകാലത്തുണ്ടായ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്രകാരം അനുപാതം താഴ്ത്തി നിശ്ചയിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുകയും അപ്രകാരമുള്ള അനുപാതത്തില്‍ അരി നല്‍കാന്‍ മില്ലുടമകളുമായി കരാര്‍ വെയ്ക്കുന്നതിനു നിയമപരമായി കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. മില്ലുടമകളുടെ സംഘടനകളാകട്ടെ 68 ശതമാനം എന്ന അനുപാതത്തില്‍ കരാര്‍ ഒപ്പിടാന്‍ തയാറാകാതെ നില്‍ക്കുകയാണ്. ഏതാനും മില്ലുകള്‍ മാത്രമാണ് ഇതിനകം സപ്ലൈകോയുമായി കരാറിലെത്തി ഈ സീസണില്‍ നെല്ലെടുത്തുതുടങ്ങിയിട്ടുള്ളത്. ഈ സ്ഥിതിയെയും ഏറ്റവുമടുത്ത ദിവസങ്ങളില്‍ സര്‍ക്കാരിനു മറികടക്കേണ്ടതുണ്ട്.
നിലവില്‍ പത്തു മില്ലുകളാണു നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കാന്‍ തയാറായിട്ടുള്ളത്. ഈ മില്ലുകള്‍ക്കായി ഇതിനകം 25,023.61 മെട്രിക് ടണ്‍ നെല്ല് ശേഖരിക്കുന്നതിനായി പാടശേഖരങ്ങള്‍ അലോട്ട്‌ചെയ്തു നല്‍കിയിട്ടുണ്ട്. 2954.653 ടണ്‍ നെല്ല് കര്‍ഷകരില്‍നിന്നു സംഭരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു വിഭാഗം മില്ലുടമകള്‍ ഔട്ട് ടേണ്‍ റേഷ്യോയുടെ വിഷയത്തിലുള്ള തര്‍ക്കമുന്നയിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ സംഭരിക്കേണ്ട നെല്ലില്‍നിന്നു ലഭിക്കേണ്ട അരിയുടെ അനുപാതം 100:68 എന്നു നിശ്ചയിച്ചിരുന്നുവെങ്കിലും കേരളത്തിലെ കാലാവസ്ഥാസവിശേഷതകള്‍ പരിഗണിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതു 100:64.5 ആയി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഈയടുത്തുണ്ടായ കേരള ഹൈക്കോടതി വിധിയില്‍ ഇപ്രകാരം വ്യത്യാസപ്പെടുത്തി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിയമപരമായി അധികാരമില്ല എന്നു വ്യക്തമാക്കിയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച അനുപാതപ്രകാരമേ മില്ലുടമകളുമായി കരാറിലേര്‍പ്പെടാന്‍ സപ്ലൈകോയ്ക്കു സാധ്യമാവുകയുള്ളൂ. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് നെല്ലുസംഭരണ നടപടികളുമായി സഹകരിക്കാന്‍ മില്ലുടമകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും താങ്ങായി മാറുന്നതു സഹകരണസംഘങ്ങളും അവയുടെ മൂലധനവുമാണ്. അതാണു ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിലും പലിശരഹിത വായ്പ അനുവദിക്കുന്നതിലും ഇപ്പോള്‍ നെല്ലുസംഭരണത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. സാമൂഹികപ്രതിബദ്ധതയുള്ള ഇത്തരം ഇടപെടലിലാണു കേരളത്തിലെ സഹകരണമേഖലയുടെ പ്രസക്തി നിലനില്‍ക്കുന്നത്.
(മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)