‘ നിധി ‘യും സഹകരണ ബാങ്കുകളുടെ വിധിയും

[mbzauthor]

സി.എന്‍. വിജയകൃഷ്ണന്‍
( ചെയര്‍മാന്‍, കേരള സഹകരണ ഫെഡറേഷന്‍ )

സാമ്പത്തിക സാക്ഷരതയും സാമ്പത്തിക അച്ചടക്കവും കേരള സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തതില്‍ സഹകരണ മേഖല വഹിച്ച പങ്ക് വലുതാണ്. ധനകാര്യ സ്ഥാപനങ്ങള്‍ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന അനാരോഗ്യ പ്രവണത ഇപ്പോള്‍ ഇവിടെയും പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇതു നമ്മളെ അപകടത്തിലെത്തിക്കും.

ഒരു പ്രദേശത്തു ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ അത് അവിടത്തെ സാമൂഹിക , സാമ്പത്തിക മുന്നേറ്റത്തിന്റെ അടയാളമായി കണക്കാക്കാമെന്നത് ഒരു സാമാന്യ പ്രയോഗമാണ്. ഈ നിഗമനത്തിന് അടിസ്ഥാനമാകുന്ന മൂന്നു കാരണങ്ങള്‍ നമുക്കു പറയാം. ഒരു പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ തോതു കൂടുന്നുവെന്നതാണ് ആദ്യത്തേത്. നിക്ഷേപം ലഭിക്കാനും അതിനനുസരിച്ച് വായ്പ നല്‍കാനും കഴിയുന്ന ഒരു സാമൂഹികാന്തരീക്ഷമുണ്ടെന്നതാണു രണ്ടാമത്തേത്. വായ്പ വാങ്ങുന്നവര്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരും തിരിച്ചടവ് ഉറപ്പുവരുത്തുന്നവരുമാണെന്നു ബോധ്യപ്പെടുത്തുന്നുവെന്നതാണു മൂന്നാമത്തേത്. നിക്ഷേപം പെരുകുന്നതും വായ്പ തിരിച്ചടവില്ലാതാകുന്നതും ഒരേപോലെ ധനകാര്യ സ്ഥാപനങ്ങളെ അപകടത്തിലാക്കുന്ന പ്രവണതയാണ്. അത്തരം സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നിടത്തു ധനകാര്യസ്ഥാപനങ്ങള്‍ പെരുകാനിടയില്ല. മികച്ച സാമൂഹിക, സാമ്പത്തിക സാഹചര്യം നിലനില്‍ക്കുന്ന ഇടത്തിനു കേരളം ഒരു ഉദാഹരണമാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിലും പൊതു, സ്വകാര്യ, സഹകരണ മേഖലകളിലായി ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നു നിലവിലുണ്ട്. ഇതു പൊടുന്നനെ സംഭവിച്ച ഒന്നല്ല. സാമ്പത്തിക സാക്ഷരതയും സാമ്പത്തിക അച്ചടക്കവും സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക് വലുതാണ്.

ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ളതാണു കേരളത്തിലെ സഹകരണ മേഖല. എണ്ണയാട്ട് സംഘങ്ങളും ഐക്യ നാണയ സംഘങ്ങളുമെല്ലാം സമൂഹത്തെ സാമ്പത്തികമായി പരുവപ്പെടുത്തുന്നതില്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ പലിശക്കാര്‍ വാണിരുന്ന അവസ്ഥയാണു സഹകരണ ബദല്‍ പിറവികൊള്ളാന്‍ കാരണം. തിരുവിതാംകൂറില്‍ അതു ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു രൂപം കൊണ്ടതെങ്കില്‍ മലബാറില്‍ അതു ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി വന്നതാണ്. ഇതു രണ്ടിനും ഒരു ജനകീയ സ്വഭാവമുണ്ട്. കൈയിലുള്ളത് സ്വരുക്കൂട്ടിയെടുക്കുകയും അത് ഉല്‍പ്പാദനശേഷിക്ക് ഉപയോഗിക്കുകയും ചെയ്യുകയെന്നതാണു സഹകരണ സംഘങ്ങള്‍ പൊതുതത്വമായി സ്വീകരിച്ചത്. ഈ ബോധമാണ് കേരളത്തിന്റെ സാമൂഹിക , സാമ്പത്തിക അന്തരീക്ഷം മാറ്റിയത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധത്തില്‍ സഹകരണ സംഘങ്ങള്‍ക്കു കേരളത്തില്‍ വിശ്വാസ്യതയും ജനകീയതയും ഉണ്ടായത് അതുകൊണ്ടാണ്. ലാഭമല്ല, നാട്ടുനന്മയും അവിടത്തെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതവുമാണു മുഖ്യമെന്നു പണ്ടേ പഠിപ്പിച്ചുവെച്ച സഹകരണ പാഠമാണ് ഇന്നും സഹകരണ സംഘങ്ങളിലെ ജനാധിപത്യ വ്യവസ്ഥയെ വിള്ളലില്ലാതെ കാക്കുന്നത്. പേരുപോലും ഓര്‍ക്കാത്ത മഹാരഥന്മാരായ ഒരുപാട് സഹകാരികളോട് നമ്മള്‍ അതിനു കടപ്പെട്ടിരിക്കുന്നു.

പറഞ്ഞുവന്നത്, സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സാക്ഷരതയും ആവോളമുള്ള അന്തരീക്ഷം കേരളത്തിലുണ്ടായത് എങ്ങനെയാണെന്ന് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ്. ഇന്നു ധനകാര്യ സ്ഥാപനങ്ങള്‍ക്കു പ്രിയപ്പെട്ട മണ്ണാണു കേരളം. വന്‍കിട വാണിജ്യ ബാങ്കുകള്‍ കേരളത്തില്‍നിന്നു പിറവിയെടുത്തു. സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ ഒട്ടേറെ വന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളം പ്രവര്‍ത്തന മേഖലയാക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒടുവിലത്തേതാണ് ‘നിധി ലിമിറ്റഡ് ‘. ഇനിയും പലതുമുണ്ടായേക്കാം. ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നത് ഒരു പ്രദേശത്തിന്റെ സമൂഹിക , സാമ്പത്തിക മുന്നേറ്റത്തിന്റെ അടയാളമാകുന്നുവെന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യം ഇനിയൊന്നു തിരുത്തുകയാണ്. അനാരോഗ്യ പ്രവണതകളോടെ ധനകാര്യ സ്ഥാപനങ്ങള്‍ മത്സരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥിതി ഒരു സമൂഹത്തിലുണ്ടായാല്‍ അവിടെ സാമ്പത്തിക അരാജകത്വമുണ്ടാകും. പല സ്ഥാപനങ്ങളില്‍നിന്ന് ഒരാള്‍ ഒരേസമയം കടമെടുക്കുന്ന സ്ഥിതിയുണ്ടായാല്‍ അതു സാമ്പത്തിക അച്ചടക്കം താളം തെറ്റിക്കും. അത്തരക്കാരുടെ എണ്ണം കൂടിയാല്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകും. കേരളത്തില്‍ ഈ പ്രവണത പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിസന്ധിയിലാകുന്നതു സഹകരണ ബാങ്കുകളും സംഘങ്ങളുമാണ് എന്നതാണു മറ്റൊരു കാര്യം. അതു പതിറ്റാണ്ടുകളായി നമ്മള്‍ ആര്‍ജിച്ചെടുത്ത ജനാധിപത്യത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയെയാണ് ഇല്ലാതാക്കുന്നതെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.

സഹകരണ മേഖലയില്‍ സംഭവിക്കുന്നത്

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിധി ബാങ്കുകളും സംസ്ഥാനത്തിനു നിയന്ത്രണാധികാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളാണ്. കേന്ദ്ര സഹകരണ രജിസ്ട്രാറുടെ കീഴിലാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍. കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴില്‍ കമ്പനികളായാണു ‘നിധി ‘യുടെ പ്രവര്‍ത്തനം. ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ക്രെഡിറ്റ് സംഘങ്ങള്‍ ഇന്നു കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരനിക്ഷേപത്തിനു പന്ത്രണ്ടര ശതമാനം പലിശവരെയാണ് ഈ സംഘങ്ങള്‍ നല്‍കുന്നത്. സ്ഥിരനിക്ഷേപത്തിന് ഇതേ പലിശ നല്‍കുമെന്നാണു ‘നിധി ‘യും വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ടു സ്ഥാപനങ്ങളും സഹകരണ മേഖലയ്ക്കു വിശ്വാസമുള്ള മണ്ണില്‍ അതേ സ്വഭാവത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. അതേസമയം, സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലായിരത്തിലധികം വരുന്ന വായ്പാ സഹകരണ സംഘങ്ങളുടെ പലിശനിരക്കിനു ഇതുമായി ഒരു സാമ്യവുമില്ല. സ്ഥിരനിക്ഷേപത്തിന് ഒമ്പതു ശതമാനം പലിശയാണു കേരളത്തിലെ സഹകരണ വായ്പാ സംഘങ്ങള്‍ക്കു നല്‍കാനാവുന്നത്. അതിനപ്പുറം നല്‍കിയാന്‍ നടപടിയുണ്ടാകുമെന്ന അന്ത്യശാസനം സര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാനത്തെ ഓരോ സഹകരണ ബാങ്കിനു മുമ്പിലും മള്‍ട്ടി സ്റ്റേറ്റ് ബാങ്കുകളും നിധി ബാങ്കുകളും തുറക്കുന്നത് ഈ ഒറ്റക്കാരണം കൊണ്ടാണ്. നിക്ഷേപകനു കൂടുതല്‍ പലിശ ‘ഓഫര്‍ ‘ ചെയ്ത് മറ്റൊരു സഹകരണ സ്ഥാപനം തൊട്ടടുത്ത് ഉണ്ടാകുമ്പോള്‍ ആരാണു ഇനി കേരളത്തിലെ സഹകരണ ബാങ്കുകളെ ആശ്രയിക്കുക ?

സാധാരണ ഇടപാടുകാരെ സംബന്ധിച്ച് സഹകരണ സംഘങ്ങള്‍ എല്ലാം ഒരേപോലെയാണ്. അവയുടെ നിയന്ത്രണം കേന്ദ്രത്തിന്റേതാണോ സംസ്ഥാനത്തിന്റേതാണോ എന്നൊന്നും അവര്‍ക്കറിയില്ല. അതിനാല്‍, നിക്ഷേപകര്‍ പണം തിരിച്ചുകിട്ടാതെ വഞ്ചിക്കപ്പെട്ടാലും പേരുദോഷം കേരളത്തിലെ സഹകരണ മേഖലയ്ക്കാണ്. സഹകരണ സംഘങ്ങളുടെ മാതൃകയില്‍ അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കു മാത്രം വായ്പ കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണു ‘നിധി ‘. അതിനാല്‍, അവയ്ക്കു മുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമില്ല. അതായത്, വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശനിരക്ക് ഏഴു പേര്‍ ചേര്‍ന്നു രൂപവത്കരിക്കുന്ന കമ്പനി നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകുന്നു.

റിസര്‍വ് ബാങ്കിന്റെ കണ്ണില്‍ ‘ നിധി ‘ യും കേരളത്തിലെ സഹകരണ വായ്പാ സംഘങ്ങളും ഒരേ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍, എല്ലായിടത്തുനിന്നും ഉയര്‍ന്ന പലിശയ്ക്കു നിക്ഷേപം സ്വീകരിച്ച് ‘നിധി ‘യുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നാളെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനു വഴിയൊരുക്കും. അതിന്റെ ആഘാതം കേരളത്തിലെ സഹകരണ സംഘങ്ങളായിരിക്കും നേരിടേണ്ടിവരിക എന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. ‘ ഹിന്ദു ബാങ്കു ‘ കളായി ‘നിധി’ തുടങ്ങുന്നുവെന്നതാണു പുതിയ വാര്‍ത്ത. ആയിരം ബാങ്കുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നുവെന്നും നൂറു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണു മാധ്യമങ്ങളിലെ വാര്‍ത്ത. സഹകരണ സംഘങ്ങളുടെ ഇടപാടുകാരാണ് അവരുടെ ഉന്നം എന്നും കേള്‍ക്കുന്നു. സാമ്പത്തിക മേഖലയില്‍ വര്‍ഗീയ മനോഭാവം ഉണ്ടാക്കുന്നുവെന്നു മാത്രമല്ല, ജനകീയ കൂട്ടായ്മയായ സഹകരണ സംഘങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്നതും കൂടി അവരുടെ ലക്ഷ്യമാകുന്നത് അങ്ങേയറ്റം അപകടകരമാണ്.

അടിയന്തര ഇടപെടല്‍ വേണം

കേന്ദ്ര , സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനത്തിനും എവിടെയും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവയുടെ പ്രവര്‍ത്തനം നിയമത്തിന്റെ പരിധിയില്‍നിന്നാവണം എന്നേയുള്ളൂ. ആ നിലയ്ക്കു നിധി ബാങ്കിനും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാം. പക്ഷേ, സംസ്ഥാനത്ത് അനാരോഗ്യകരമായ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതാണ്. ഇവിടെ ഇപ്പോഴുള്ള അവസ്ഥ അതാണ്. റിസര്‍വ് ബാങ്കും സഹകരണ സംഘം രജിസ്ട്രാറും നിശ്ചയിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നിരക്ക് നിക്ഷേപത്തിനു നല്‍കാന്‍ നിധി , മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ അനുവദിക്കരുത്. ഇക്കാര്യത്തില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കണമെങ്കില്‍ അതു സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍, കേരളത്തിലെ സഹകരണ സംഘങ്ങളിലെ പലിശനിരക്ക് അതിനനുസരിച്ച് ക്രമീകരിക്കണം. ഇതിനു ‘നിധി ‘യിലെ നിക്ഷേപത്തിനുള്ള വ്യവസ്ഥ സഹകരണ സംഘങ്ങളില്‍ക്കൂടി കൊണ്ടുവന്നാല്‍ മതിയാകും. പന്ത്രണ്ടര ശതമാനം പലിശ നല്‍കുന്ന സ്ഥിരനിക്ഷേപം സ്വീകരിക്കുമ്പോള്‍ അതു മൂന്നു മാസത്തേക്കു പിന്‍വലിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയാണു ‘നിധി ‘ക്കുള്ളത്. ആറു മാസത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ പലിശ നല്‍കുകയുമില്ല. അതിനുശേഷം പിന്‍വലിക്കാമെങ്കിലും കാലാവധിക്കു മുമ്പാണെങ്കില്‍ പലിശനിരക്ക് ഗണ്യമായി കുറയും. ഇത്തരത്തില്‍ ഏതെങ്കിലും നിക്ഷേപ സ്‌കീമുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനിവാര്യമാകുന്ന ഘട്ടമാണിത്.

പ്രാഥമിക സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് ഏകീകൃത സാമ്പത്തിക ഇടപാടിനുള്ള സംവിധാനമുണ്ടാക്കിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ ശൃംഖലയാകുമത്്. ‘ നിധി ‘ യും മള്‍ട്ടി സംഘങ്ങളും നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം ഇതിലൂടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു നല്‍കാനാവും. അതുണ്ടാക്കാന്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ വേണമെന്നില്ല. ഇടപാട് നടത്താന്‍ പാകത്തിലുള്ള സാങ്കേതിക സംവിധാനമാണു വേണ്ടത്. പലിശ കൂട്ടിയുള്ള മത്സരം ഗുണകരമായ ഒരു സംവിധാനമല്ല. നല്ല സേവനം ഉറപ്പാക്കുകയാണു വേണ്ടത്. അതിനു സഹകരണ ബാങ്കുകള്‍ കാലോചിതമായി മാറാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ മത്സരം അപകടത്തിലേക്ക് എത്തിക്കും. തൃശ്ശൂരിലെ ഒരു സര്‍വീസ് സഹകരണ ബാങ്ക് നേരിടുന്ന തകര്‍ച്ചയുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. കരുതലോടെയും ദീര്‍ഘവീക്ഷണത്തോടെയും സഹകരണ മേഖലയ്ക്കുവേണ്ടി ഇടപെടാനാണു സഹകാരികളും സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. ‘നിധി ‘ വരുന്നതോടെ കേരളത്തിലെ സഹകരണ മേഖലയുടെ വിധി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.