നഷ്ടപ്പെടലിന്റെ വേദനയില്‍ ജീവിതം കെട്ടിപ്പടുത്തവര്‍
(2021 ഫെബ്രുവരി ലക്കം)
ബംഗ്ലാദേശിലെ വിധവകളുടെ ഗ്രാമമായിരുന്ന താനാപര ഇന്നു അറിയപ്പെടുന്നത് വസ്ത്ര നിര്‍മാണ കേന്ദ്രമായാണ്. ഈ രൂപമാറ്റത്തിനു പിന്നില്‍ സ്ത്രീകൂട്ടായ്മയുടെ കരുത്തുണ്ട്.
വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനമാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ക്കുള്ളത്. ബംഗ്ലാദേശിലെ താനാപര ഗ്രാമത്തില്‍ അത്തരത്തിലൊരു സംരംഭത്തിനാണ് ഏതാനും സ്ത്രീകള്‍ തുടക്കം കുറിച്ചത്. വസ്ത്ര നിര്‍മാണത്തില്‍ പേരെടുത്തു കഴിഞ്ഞ ഇവരുടെ കൂട്ടായ്മ ഇന്നു വിവിധ രാജ്യങ്ങളിലേക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.
താനാപര ഗ്രാമത്തിനു ചോര പുരണ്ട കഥകള്‍ അയവിറക്കാനുണ്ട്. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ചോരക്കറ. ( കിഴക്കന്‍ പാകിസ്താനായി അറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് 1971 ഡിസംബര്‍ പതിനാറിനാണ് പാകിസ്താനില്‍ നിന്നു വിമോചനം നേടിയത്. ഏതാണ്ട് ഒമ്പതു മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് എന്ന രാജ്യമായി മാറിയത് ). കിഴക്കന്‍ പാകിസ്താനില്‍ വടക്കു പടിഞ്ഞാറായി ഗംഗാനദീ തീരത്തു കിടക്കുന്ന താനാപര എന്ന കൊച്ചു ഗ്രാമത്തില്‍ 1971 ഏപ്രില്‍ 13 നാണ് പാക് സൈനികരുടെ കടന്നാക്രമണമുണ്ടായത്. ഗ്രാമത്തിലെ നൂറോളം പുരുഷന്മാരെ സൈന്യം കൊന്നു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ ഗ്രാമത്തെ സര്‍ക്കാര്‍ വിധവകളുടെ ഗ്രാമമായി പ്രഖ്യാപിച്ചു. 1972 ല്‍ രാജ്യപുനര്‍നിര്‍മാണത്തിനായി ബംഗ്ലാദേശ് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വീഡനിലെ സ്വാലോസ് എന്ന സന്നദ്ധസംഘടന സഹായവാഗ്ദാനവുമായി താനാപരയില്‍ എത്തി.
കുടുംബനാഥന്മാരില്ലാതെ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്ക് ജീവിതോപാധി കണ്ടെത്താനാണ് സ്വാലോസ് ശ്രദ്ധിച്ചത്. സ്വയം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംഘടന ഗ്രാമത്തില്‍ ആദ്യം ഒരു നെയ്ത്തുശാല സ്ഥാപിച്ചു. തുടക്കത്തില്‍ 13 വിധവകള്‍ക്ക് പരിശീലനം നല്‍കി. പിന്നീട്, രാജ്ഷാഹി ജില്ലയിലെ അവഗണിക്കപ്പെട്ട സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ഒരു പ്രാദേശിക എന്‍.ജി.ഒ. യായി ‘ താനാപര സ്വാലോസ് ഡെവലപ്മെന്റ് സൊസൈറ്റി ‘ രൂപവത്കരിച്ചു. ഈ സൊസൈറ്റിയുടെ കരകൗശല പദ്ധതികളില്‍ ഇരുനൂറോളം ഗ്രാമീണ സ്ത്രീകളെ പങ്കാളികളാക്കി. നൂല്‍ മുക്കാനുള്ള ചായങ്ങളുണ്ടാക്കിയും വസ്ത്രങ്ങളുണ്ടാക്കിയും കൈകൊണ്ട് എംബ്രോയിഡറി ചെയ്തും അവര്‍ മുന്നേറി. ഇപ്പോള്‍ ഈ ഗ്രാമത്തില്‍ നിന്നു ഏഴ് രാജ്യങ്ങളിലേക്ക് കൈത്തറി വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
തൊഴിലാളികള്‍ക്ക് ന്യായമായ വേതനം സൊസൈറ്റി ഉറപ്പാക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. കുട്ടികളുടെ ഡേ കെയറും പ്രാഥമിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
ശാക്തീകരണം ലക്ഷ്യം
നിരക്ഷരത ഇല്ലാതാക്കിയും ആരോഗ്യ അവബോധം സൃഷ്ടിച്ചും ഭൂമിയുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചും ദരിദ്രരും നിരാലംബരുമായ ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് സ്വാലോസ് സൊസൈറ്റിയുടെ ദൗത്യം. പ്രശസ്ത ബ്രാന്‍ഡുകളായ യു.കെ.യി ലെ പീപ്പിള്‍ ട്രീ, ജപ്പാനിലെ ഫെയര്‍ ട്രേഡ് കമ്പനി തുടങ്ങിയവയ്ക്ക് താനാപര സ്വാലോസ് സൊസൈറ്റി പരുത്തി വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
[mbzshare]