നബാര്‍ഡ് കാര്‍ഷിക സഹായപദ്ധതി വിലയിരുത്താന്‍ സംസ്ഥാനത്ത് പ്രത്യേകസമിതി
നബാര്‍ഡിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ട് പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് സഹകരണ-കൃഷി വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇതിനായി രണ്ടുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാന-ജില്ലാ- താലൂക്ക് തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. കാര്‍ഷിക-അനുബന്ധ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് നബാര്‍ഡ് നാലുശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ഇത് ഒരുശതമാനം പലിശയ്ക്ക് ലഭിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ കേരളത്തിന് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നബാര്‍ഡിന്റെ സഹായം ലഭിക്കുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ കാര്‍ഷിക അനുബന്ധ പദ്ധതികള്‍ തയ്യാറാക്കണമെന്ന് സഹകരണ വകുപ്പ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ യോഗം വിളിച്ചുചേര്‍ത്ത്. ഇതിലാണ് താലൂക്ക് തലത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്.
ഒരോ സംഘവും തയ്യാറാക്കുന്ന പദ്ധതി രേഖ പരിശോധിച്ചാണ് നബാര്‍ഡ് സഹായം നല്‍കുന്നത്. അതിനാല്‍, വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍.) തയ്യാറാക്കുന്നതിലടക്കം സഹകരണ സംഘങ്ങള്‍ക്ക് സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന് സഹകരണ സംഘം രജിസ്ട്രാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് താലൂക്ക് തലംവരെ ഉദ്യോഗസ്ഥ സഹായം ഉറപ്പാക്കണമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സമിതി രൂപീകരിച്ചത്.
സഹകരണ വകുപ്പ് സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടര്‍, സിവില്‍ സപ്ലൈസ് കമ്മീഷ്ണര്‍, സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍, നബാര്‍ഡ് ചീഫ് ജനറല്‍മാനേജര്‍, കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, കണ്‍സ്യൂമര്‍ഫെഡിലെയും മാര്‍ക്കറ്റ് ഫെഡിലെയും മാനേജിങ് എന്നിവരടങ്ങുന്ന ഒമ്പതംഗ സമിതിയാണ് സംസ്ഥാനതലത്തിലുള്ളത്.
ജില്ലാതലത്തില്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലാണ് സമിതി. ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, നബാര്‍ഡ് പ്രതിനിധി, കേരള ബാങ്ക് ക്രഡിറ്റ് പ്രൊസസിങ് സെന്റര്‍ മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, പാക്‌സ് അസോസിയേഷന്‍ പ്രതിനിധി എന്നിങ്ങനെയാണ് ജില്ലാതല സമിതിയുടെ ഘടന. താലൂക്ക് തലത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഡിറ്റ്, താലൂക്ക് സപ്ലൈ ഓഫീസര്‍, കൃഷി ഓഫീസര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
എന്നാല്‍, മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് നബാര്‍ഡ് സഹായം നിഷേധിക്കുന്നത് തിരുത്താന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളബാങ്കിന്റെ ഭാഗമായില്ലെന്ന കാരണത്തിലാണ് ഈ നിഷേധം. മലപ്പുറം ജില്ലാസഹകരണ ബാങ്കുവഴി കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി പദ്ധതി ഉപയോഗപ്പെടുത്തണമെന്ന് നബാര്‍ഡ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടും അംഗീകരിച്ചിട്ടില്ല. ഒരോ സംസ്ഥാനത്തിനും അനുവദിക്കാവുന്ന ഫണ്ട് നബാര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ പദ്ധതികള്‍ തയ്യാറാക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് സഹായം നിഷേധിക്കുന്നതിലാണ് വൈരുദ്ധ്യം.
[mbzshare]