തേങ്ങയും കൊപ്രയും സഹകരണ മേഖലയും
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
(2020 ജൂണ്‍ ലക്കം)
തിരുവിതാംകൂറില്‍ തകര്‍ന്നുകൊണ്ടിരുന്ന നാളികേര വ്യവസായത്തെ എങ്ങനെ സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി രക്ഷപ്പെടുത്തിയെടുക്കാം എന്നത് 1932 ലെ സഹകരണ അന്വേഷണ സമിതിയുടെ ചുമതലകളിലൊന്നായിരുന്നു. ഇതിനായി സമിതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കൂടാതെ, നാളികേര മേഖലയെക്കുറിച്ച് സമഗ്രമായി പഠിച്ച ജെ.എ.ഡി. നവറോജിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളും അന്വേഷണ സമിതി സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിക്കുകയുണ്ടായി.
കേരളത്തിലെ തെങ്ങുകൃഷി വികസിപ്പിച്ചത് ശരിക്കു പറഞ്ഞാല്‍ യൂറോപ്യന്മാരാണ്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇവിടേക്ക് പലതരത്തിലുള്ള തെങ്ങിന്‍ തൈകള്‍ കൊണ്ടുവരുകയും തെങ്ങിന്‍ തോട്ടങ്ങള്‍ പലേടത്തും ഉണ്ടാക്കുകയും ചെയ്തു. ഡച്ചുകാര്‍ കൊണ്ടുവന്ന ഒരിനം തെങ്ങാണ് ‘ജാപ്പാണന്‍’ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. സിലോണിലെ ( ഇന്നത്തെ ശ്രീലങ്ക ) ജാഫ്‌നയില്‍ നിന്നു കൊണ്ടുവന്നതുകൊണ്ടാണ് ഈ പേര്
ലഭിച്ചത്. കേരളത്തിലെ കയറുല്‍പ്പന്നങ്ങള്‍ക്ക് ലോക കമ്പോളത്തില്‍ പ്രിയമുണ്ടാക്കിയത് ഡച്ചുകാരും പോര്‍ട്ടുഗീസുകാരുമാണ്.
കപ്പലിലെ ഉപയോഗത്തിനാണ് ഒരു കാലത്ത് കയര്‍ ആവശ്യമായി വന്നത്. ഈ രംഗത്ത് കൂടുതല്‍ പ്രചാരണം നല്‍കിയത് ഡച്ചുകാരാണ്. അവര്‍ കേരളത്തിന്റെ കടലോരങ്ങളിലും കായലോരങ്ങളിലും തെങ്ങിന്‍ തോട്ടങ്ങളുണ്ടാക്കി. ശാസ്ത്രീയമായി തെങ്ങുകൃഷി എങ്ങനെ നടത്തണമെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത് ഈ തോട്ടങ്ങള്‍ കണ്ടപ്പോഴാണ്. തിരുവിതാംകൂറില്‍ സ്വാതിതിരുനാളിന്റെ അനുജന്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ഭരിക്കുന്ന സമയത്താണ് ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്‍ ആലപ്പുഴയില്‍ 1859 ല്‍ ആദ്യമായി നവീന രീതിയിലുള്ള കയര്‍ ഫാക്ടറി തുടങ്ങിയത്. അതോടെ കേരളത്തിലെ കയര്‍ വ്യവസായം കുടുതല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു.
ഇത്രയും പറഞ്ഞത് തിരുവിതാംകൂറില്‍ 1932 ല്‍ നിയമിതരായ സഹകരണ അന്വേഷണ സമിതി രണ്ടു വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭാവിയില്‍ കേരളത്തിലെ തെങ്ങുകള്‍ക്കുണ്ടാകുന്ന ദുര്‍വിധിയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ്. തിരുവിതാംകൂറിലെ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി നിയമിക്കപ്പെട്ട അന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ സഹകരണ കയര്‍ സംഘങ്ങളെയോ തെങ്ങുകൃഷി നടത്തുന്ന സംഘങ്ങളെയോക്കുറിച്ചൊന്നും അധികം പറയുന്നില്ല. എന്നാല്‍, അനുബന്ധമായി ചേര്‍ത്ത ലേഖനത്തില്‍ തെങ്ങു കൃഷി നേരിടാന്‍ പോകുന്ന പ്രതിസന്ധികളേയും അതിന്റെ പ്രതിവിധികളേയും പറ്റി പ്രതിപാദിക്കുന്നുണ്ട്.
തെങ്ങുകൃഷി വേണ്ടവിധം പരിഷ്‌കരിക്കാനോ തെങ്ങില്‍ നിന്നു പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കു പകരം പുതിയവ ഉണ്ടാക്കാനോ ആരും തയാറായില്ല. കേരളീയ സംസ്‌കാരത്തില്‍ വന്ന മാറ്റം തെങ്ങുകൃഷിയേയും ബാധിച്ചു. ഉദാഹരണത്തിന,് മുമ്പ് വീടുകള്‍ മേയാന്‍ ഉപയോഗിച്ചിരുന്നത് ഓലയായിരുന്നു. ക്രമേണ ഈ സ്ഥാനത്ത് ഓടുകള്‍ വന്നു. പിന്നീട് ഓടും മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി. അതോടെ ഓലയെ നമ്മള്‍ മറന്നു. തെങ്ങുള്ളവര്‍ ഓല എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. പാചകവാതകം പ്രചാരത്തിലായതോടെ ഓലയും മടലും കൊതുമ്പും ചിരട്ടയും ആര്‍ക്കും വേണ്ട. കൊപ്രയുണ്ടാക്കുന്ന സ്ഥലങ്ങളില്‍ ഓരോ ദിവസവും ഒഴുക്കിക്കളയുന്ന തേങ്ങാവെള്ളത്തിന് കണക്കില്ല. ഇതില്‍ നിന്നു പലതരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്തിനേറെ, കൊട്ടിഗ്‌ഘോഷിച്ചു കൊണ്ടുവന്ന നീര ഉല്‍പാദനം പോലും ഇന്നു പെരുവഴിയിലാണ്.
തിരുവിതാംകൂര്‍ സഹകരണ മേഖലയിലെ പ്രശ്ങ്ങളെക്കുറിച്ചന്വേഷിച്ച സമിതിയെ ഏല്‍പ്പിച്ച ചുമതലകളിലൊന്ന് നാളികേര വ്യവസായത്തെ എങ്ങനെ സഹകരണ മേഖലയുമായി ബന്ധപ്പെടുത്താം എന്നതായിരുന്നു. ഇക്കാര്യത്തില്‍ സമിതിക്ക് അനുഗ്രഹമായി മാറിയത് ബോംബെ ടാറ്റ ഓയില്‍ മില്‍സ് കമ്പനി ലിമിറ്റഡ് ഡയരക്ടര്‍ ജെ.എ.ഡി. നവറോജിയുടെ കനപ്പെട്ട റിപ്പോര്‍ട്ടാണ്. അന്വേഷണ സമിതി ആ റിപ്പോര്‍ട്ട് വേറെത്തന്നെ തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അനുബന്ധമായി ചേര്‍ക്കുകയും ചെയ്തു. നവറോജിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തങ്ങള്‍ ആവര്‍ത്തിക്കുന്നില്ലങ്കിലും പൊതു താല്‍പ്പര്യം മനസ്സിലാക്കി തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിലെ നിര്‍ദേശങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നാളികേരക്കൃഷിയിലേര്‍പ്പെട്ടിട്ടുള്ളവരില്‍ ഭൂരിഭാഗവും ചെറുകിടക്കാരാണെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ കൊപ്ര, കയര്‍ വ്യവസായ രംഗങ്ങളില്‍ ഉല്‍പ്പാദന, വിപണന കാര്യങ്ങളില്‍ സഹകരണ മേഖലയ്ക്ക് വലിയൊരു പങ്കു വഹിക്കാന്‍ കഴിയും. എന്നാല്‍, ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിക്കണം. അതുപോലെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടും അനുവദിക്കണം. മടിച്ചുനില്‍ക്കാതെ ഇതിനാവശ്യമായ പണം മുടക്കണം. ആ പണം ഒരിക്കലും വൃഥാവിലാവില്ലെന്നാണ് സമിതിയുടെ അഭിപ്രായം.
സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു; പക്ഷേ, ഫലമുണ്ടായില്ല
കൊപ്രയുടെയും കയറിന്റെയും വിപണനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ഏതാനും വര്‍ഷം മുമ്പ് ട്രാവന്‍കൂര്‍ സെന്‍ട്രല്‍ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍, അതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക സഹായം ഉണ്ടാകണം. ഇതിനാവശ്യമായ ചില നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെക്കുകയുണ്ടായി. അവ ഇവയാണ് :
1. സൊസൈറ്റിയുടെ പ്രവര്‍ത്തനം ഭംഗിയായി നടക്കാന്‍ ആദ്യത്തെ രണ്ടു വര്‍ഷത്തേക്ക് സഹകരണ വകുപ്പില്‍ നിന്ന് യോഗ്യനായ ഒരുദ്യോഗസ്ഥന്റെ സേവനം സര്‍ക്കാര്‍ സൗജന്യമായി വിട്ടുകൊടുക്കണം.
2. സൊസൈറ്റിയുടെ ഓഹരി മൂലധനത്തിനു തുല്യമായ സംഖ്യ സര്‍ക്കാര്‍ വായ്പയായി അനുവദിക്കണം.
3. സൊസൈറ്റിയുടെ തുടക്കത്തില്‍ വേണ്ടിവരുന്ന ചെലവിലേക്കും ഗോഡൗണിന്റെ വാടകയിലേക്കും 2,500 രൂപ സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കണം.
ഇന്ത്യയിലെ കൊപ്ര വ്യവസായത്തെക്കുറിച്ച് വളരെ വിശദമായ ഒരു റിപ്പോര്‍ട്ടാണ് നവറോജി സമര്‍പ്പിച്ചത്. അക്കാലത്ത് രാജ്യത്ത് കൊപ്രവിലയില്‍ വന്‍ ഇടിവാണുണ്ടായിരുന്നത്. അതിനുള്ള പ്രധാന കാരണം സിലോണില്‍ നിന്നുള്ള ഇറക്കുമതിയായിരുന്നു. ഇന്ത്യന്‍ കൊപ്ര വ്യവസായത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണമെന്ന് നവറോജി ചൂണ്ടിക്കാട്ടുന്നു. രാജ്യം ക്രമേണ വ്യവസായവല്‍ക്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ വെളിച്ചെണ്ണക്കുള്ള ഡിമാന്റ് ഇവിടെ കൂടിവരികയാണ് എന്നതാണ് ഒന്നാമത്തെ കാര്യം. കൂടിവരുന്ന ആവശ്യത്തിനനുസരിച്ച് വേണ്ടത്ര ഉല്‍പ്പാദനം ഇവിടെയുണ്ടാകുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം. രാജ്യത്ത് അക്കാലത്ത് 21.7 കോടി ഏക്കറിലാണ് കൃഷിയുണ്ടായിരുന്നത്. ഇതില്‍ 14 ലക്ഷം ഏക്കറിലായിരുന്നു തെങ്ങുകൃഷി. ഇത് തീരെ അപര്യാപ്തമായിരുന്നു എന്നാണ് നവറോജിയുടെ പക്ഷം. വെളിച്ചെണ്ണക്കു വര്‍ധിച്ചുവരുന്ന ഡിമാന്റ് നേരിടാന്‍ നമുക്ക് സാധിച്ചിരുന്നില്ല. അന്നത്തെ തെങ്ങുകൃഷിയില്‍ 12 ലക്ഷം ഏക്കറും മലബാറിലായിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലാവട്ടെ അഞ്ച് ഏക്കറിലായിരുന്നു തെങ്ങുകൃഷി. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കര്‍ഷകരുടെ വരുമാനത്തില്‍ വലിയൊരു പങ്കും തെങ്ങുകൃഷിയില്‍ നിന്നാണ് കിട്ടിയിരുന്നത്.
കൊപ്ര, വെളിച്ചെണ്ണ ഇറക്കുമതി നിലയ്ക്കുന്നു
ഒന്നാം ലോകയുദ്ധത്തിനു മുമ്പ് ലോക വിപണിയില്‍ കൊപ്രയും വെളിച്ചെണ്ണയും വില്‍ക്കുന്നതില്‍ ഇന്ത്യക്ക് വലിയൊരു പങ്കുണ്ടായിരുന്നു. 1913-14 കാലത്ത് ഇന്ത്യയില്‍ നിന്നു പ്രതിവര്‍ഷം 30,000 ടണ്‍ കൊപ്രയും ഏഴായിരം ടണ്‍ വെളിച്ചെണ്ണയും കയറ്റി അയച്ചിരുന്നു. എന്നാല്‍, ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും രാജ്യത്തു നിന്നുള്ള കൊപ്ര, വെളിച്ചെണ്ണ കയറ്റുമതി ഏതാണ്ട് നിലച്ചു. പകരം, 30,000 ടണ്‍ കൊപ്രയും 24,000 ടണ്‍ വെളിച്ചെണ്ണയും പ്രതിവര്‍ഷം നമ്മള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതില്‍ വലിയൊരു പങ്കും വന്നത് സിലോണില്‍ നിന്നായിരുന്നു.
നാളികേരത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കുണ്ടായ ഈ ദുരവസ്ഥക്ക് നാലു കാരണങ്ങളാണ് നവറോജി എടുത്തുപറയുന്നത്. അവ ഇനി പറയുന്നു :
1. വ്യവസായ രംഗത്തും മറ്റുമുണ്ടായ വളര്‍ച്ച കാരണമായി വെളിച്ചെണ്ണക്ക് കൂടുതല്‍ ആവശ്യമുണ്ടായപ്പോള്‍ തെങ്ങുകൃഷി വേണ്ട രീതിയില്‍ വ്യാപിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞില്ല.
2. അശാസ്ത്രീയമായ കൃഷിരീതികള്‍. ഇതോടൊപ്പം, തെങ്ങിന്‍തോപ്പുകളെ അവഗണിച്ചതിനാല്‍ തേങ്ങയുല്‍പ്പാദനവും തേങ്ങയുടെ ഗുണനിലവാരവും കുറയാനിടയാക്കി.
3. ഉല്‍പ്പാദനം കൂട്ടാനായി തെങ്ങുകൃഷിയില്‍ പുതുരീതികള്‍ കൊണ്ടുവരുന്നതില്‍ രാജ്യത്തെ സര്‍ക്കാരുകള്‍ അലംഭാവം കാണിച്ചു.
4. കൊപ്രയില്‍ നിന്ന് കൂടുതല്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നവീന രീതികള്‍ അവലംബിക്കുന്നതില്‍ കൊച്ചിയിലെയും തിരുവിതാംകൂറിലെയും എണ്ണയാട്ടു മില്ലുകള്‍ കാണിച്ച അവഗണന.
രണ്ടാം ലോകയുദ്ധാവസാന കാലത്തുണ്ടായ വ്യവസായവത്കരണത്തിന്റെ ഫലമായി രാജ്യത്ത് വെളിച്ചെണ്ണക്കുള്ള ആവശ്യം കൂടിവന്നു. ഉല്‍പ്പാദനത്തേക്കാള്‍ ആവശ്യം കൂടിയപ്പോള്‍ സ്വാഭാവികമായും നമുക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു. 1929 മുതല്‍ ഇന്ത്യ വര്‍ധിച്ച തോതില്‍ കൊപ്രയും വെളിച്ചെണ്ണയും സിലോണില്‍ നിന്നു ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയെന്ന് നവറോജി ചൂണ്ടിക്കാട്ടുന്നു. ലോകവിപണിയില്‍ ഒരു കാലത്ത് കൊപ്രയും വെളിച്ചെണ്ണയും കയറ്റി അയച്ചിരുന്ന ഇന്ത്യ തെങ്ങുകൃഷി വ്യാപിപ്പിക്കാനും പുതുരീതികള്‍ കൈക്കൊള്ളാനും തയാറായിരുന്നെങ്കില്‍ ഈ ദുര്യോഗം വരുമായിരുന്നില്ലെന്ന് അദ്ദേഹം പരിതപിക്കുന്നു.
ഇന്ത്യ പഴഞ്ചന്‍ രീതികളില്‍ അഭിരമിച്ചപ്പോള്‍ ഭൂവിസ്തൃതി കുറവായ ചില ചെറിയ രാജ്യങ്ങള്‍ തെങ്ങുകൃഷിയില്‍ ഏറെ മുന്നോട്ടുപോയെന്ന് നവറോജി വ്യക്തമാക്കുന്നു. അതിന്റെ കണക്കുകളും അദ്ദേഹം റിപ്പോര്‍ട്ടില്‍ നിരത്തുന്നു. ഇന്ത്യയില്‍ 14 ലക്ഷം ഏക്കറിലാണ് അക്കാലത്ത് തെങ്ങുകൃഷിയുണ്ടായിരുന്നത്. തൊട്ടു പിന്നില്‍ ഫിലിപ്പെന്‍സാണ്. 12 ലക്ഷം ഏക്കറിലാണ് അവിടെ തെങ്ങുകൃഷി. അടുത്ത സ്ഥാനം ഡച്ച് ഈസ്റ്റ് ഇന്‍ഡീസിനും സിലോണിനുമാണ്. 10 ലക്ഷം ഏക്കര്‍ വീതം.
ഇന്ത്യയിലെ തെങ്ങിന്‍തോപ്പുകള്‍ ചെറുതാണെന്ന് നവറോജി എടുത്തുപറയുന്നു. ഇവയാകട്ടെ നന്നായി പരിപാലിക്കുന്നുമില്ല. ഫലമോ, തെങ്ങുകൃഷി നഷ്ടക്കച്ചവടമായി മാറുന്നു. മലബാര്‍ തീരത്തെ തെങ്ങുകൃഷിയിലെ അശാസ്ത്രീയതയെപ്പറ്റി അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ തെങ്ങുകള്‍ തിങ്ങിനിറഞ്ഞ് വളരുകയാണ്. മണ്ണിനും മരത്തിനും ഒരു ശ്രദ്ധയും കിട്ടുന്നില്ല. ഓരോ ഏക്കറിലും കൂടുതല്‍ തെങ്ങുകള്‍ വെച്ചുപിടിപ്പിച്ചാല്‍ കൂടുതല്‍ വിളവു കിട്ടുമെന്നാണ് കര്‍ഷകരുടെ മൂഢവിശ്വാസം. രോഗം വന്നാല്‍ നോക്കാനോ കീടനാശിനികള്‍ പ്രയോഗിക്കാനോ ആരും ശ്രദ്ധിക്കുന്നില്ല. ഒരു കണക്കനുസരിച്ച് തിരുവിതാംകൂറില്‍ ഒരേക്കറില്‍ 1163 തേങ്ങയാണ് ശരാശരി വിളവ്. അതേസമയം, സിലോണില്‍ ഇത് 3000 മുതല്‍ 5600 വരെയാണ്.
ഗുണം കൂടിയ മലബര്‍ കൊപ്ര
മലബാര്‍ കൊപ്രയുടെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നുണ്ട് നവറോജിയുടെ റിപ്പോര്‍ട്ടില്‍. ലോകവിപണിയില്‍ അന്ന് മലബാര്‍ കൊപ്രയായിരുന്നു കേമന്‍. നന്നായി വെയിലത്തിട്ട് ഉണക്കുന്ന ഈ കൊപ്രയില്‍ നിന്ന് 70 ശതമാനത്തോളം വെളിച്ചെണ്ണ കിട്ടിയിരുന്നു. 1915 ല്‍ കൊച്ചി രാജ്യത്തെ ടാറ്റാപുരത്ത് തുടങ്ങിയ മില്ലുകളില്‍ മലബാറിനു തുല്യമായ ഗുണനിലവാരമുള്ള വെളിച്ചെണ്ണ കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ( 1930 കളിലെ ) അവസ്ഥ മോശമാണെന്ന് നവറോജി ചൂണ്ടിക്കാട്ടുന്നു. നന്നായി വിളഞ്ഞാലേ അക്കാലത്ത് തേങ്ങ പറിച്ചിരുന്നുള്ളു. കഴിയുന്നത്ര നന്നായി ഉണക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരാഴ്ചവരെ ഉണക്കുമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് വിളയാത്ത തേങ്ങയും പറിക്കാന്‍ തുടങ്ങി. നല്ല വേനലില്‍പ്പോലും തേങ്ങ പുകയിട്ട് ഉണക്കാനും തുടങ്ങി. ഇതാണ് ഗുണനിലവാരം ഇടിയാനുള്ള കാരണം.
നാളികേര മേഖലയുടെ തകര്‍ച്ചയ്ക്ക് വേറെയും കാരണങ്ങള്‍ നവറോജി എടുത്തുപറയുന്നുണ്ട്. ഇടനിലക്കാരുടെ ഇടപെടലും നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് തിരുവിതാംകൂര്‍ ചുമത്തിയ കനത്ത കയറ്റുമതിച്ചുങ്കവും കയര്‍ വ്യവസായത്തിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ചെറുകിട കേര കര്‍ഷകരെ ഇടനിലക്കാര്‍ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. മിക്ക കര്‍ഷകര്‍ക്കും തേങ്ങ കയറ്റിയയക്കാനോ കൊപ്രയാക്കാനോ കഴിയുന്നില്ല. അവരത് കിട്ടിയ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് വില്‍ക്കുന്നു. ഈ ഇടനിലക്കാരാണ് ലാഭമെടുത്ത് മില്ലുടമകള്‍ക്ക് കൊടുക്കുന്നത്. ഇവിടെ സഹകരണ സംഘങ്ങള്‍ക്ക് ഇടപെടാനാവുമെന്നാണ് നവറോജിയുടെ അഭിപ്രായം. സഹകരണ സംഘങ്ങള്‍ വഴി കൊപ്ര മില്ലുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ ചെറുകിട കര്‍ഷകര്‍ക്ക് അത് ഗുണം ചെയ്യും.
എല്ലാ പ്രശ്‌നങ്ങള്‍ക്കും നവറോജി കമ്മിറ്റി പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. അവ ഇങ്ങനെ ചുരുക്കാം :
1. പ്രായം ചെന്നതും രോഗം ബാധിച്ചതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റുക. തിങ്ങിനിറഞ്ഞ തെങ്ങിന്‍തോപ്പുകളില്‍ അകലമിട്ട്
തെങ്ങുകള്‍ മാറ്റി നടുക.
2. തെങ്ങിന്‍തോട്ടങ്ങളില്‍ ശ്രദ്ധാപൂര്‍വമായ മേല്‍നോട്ടവും ഇടവിട്ടിടവിട്ട് വളംചെയ്യലും ഉണ്ടാവണം. ആദ്യത്തെ മൂന്നു വര്‍ഷം സര്‍ക്കാര്‍
കുറഞ്ഞ ചെലവില്‍ വളം വിതരണം ചെയ്യണം.
3. ഏറ്റവും പുതിയ കൃഷിരീതികള്‍ പ്രാവര്‍ത്തികമാക്കിയ മാതൃകാ തെങ്ങിന്‍ തോട്ടങ്ങള്‍ എങ്ങും സ്ഥാപിക്കണം.
4. മലബാറിലെ പാരമ്പര്യം നിലനിര്‍ത്തുംമട്ടില്‍ കൊപ്രയുടെ ഗുണനിലവാരം കൂട്ടണം.
5. കൊപ്ര വ്യാപാരത്തിലെ ഇടനിലക്കാരുടെ എണ്ണം കുറയ്ക്കണം. കഴിയുന്നതും സ്വന്തമായി കൊപ്രയുണ്ടാക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കണം. ചെറുകിട കര്‍ഷകരായതിനാല്‍ കൊപ്ര വിപണനം അത്ര എളുപ്പമല്ല. ഇതിനായി കേന്ദ്ര മാര്‍ക്കറ്റിങ് ബോര്‍ഡ് സ്ഥാപിക്കണം. ഈ ബോര്‍ഡ് സഹകരണാടിസ്ഥാനത്തിലായിരിക്കണം. കര്‍ഷകില്‍ നിന്ന് കൊപ്ര ശേഖരിക്കുക, വേണ്ടിവന്നാല്‍ അവരുടെ സ്റ്റോക്ക് കരുതിവെയ്ക്കുക, എത്തുന്ന കൊപ്ര ഗുണമനുസരിച്ച് ഗ്രേഡായി തിരിക്കുക, നിലവിലുള്ള വിപണി നിരക്കനുസരിച്ച് കൊപ്ര നേരിട്ട് മില്ലുകാര്‍ക്കോ കയറ്റുമതിക്കാര്‍ക്കോ നല്‍കുക . കേന്ദ്ര മാര്‍ക്കറ്റിങ് ബോര്‍ഡ് രൂപവത്കരിച്ചാല്‍ കൊപ്രയുടെ ഗുണനിലവാരം കൂട്ടാനാവും. മാത്രവുമല്ല, ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉല്‍പ്പാദകരും ഉത്സാഹിക്കും.
6. നാളികേര ഉല്‍പ്പന്നങ്ങളിന്മേല്‍ ചുമത്തിയ കയറ്റുമതിച്ചുങ്കം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉടനടി നീക്കണം. സര്‍ക്കാരിന്റെ വരുമാനത്തെ കുറച്ചൊക്കെ ബാധിക്കുമെങ്കിലും കൊപ്ര വ്യവസായത്തിന് ഉണര്‍വേകാന്‍ ഈ നടപടി സഹായിക്കും. കയറ്റുമതിച്ചുങ്കം ഒഴിവാക്കിയാല്‍ താന്‍ ഡയരക്ടറായ ടാറ്റാ ഓയില്‍ മില്‍സ് പ്രതിമാസം ആയിരം ടണ്‍ കൊപ്ര അതത് കാലത്തെ വിലയ്ക്കനുസരിച്ച് തിരുവിതാംകൂറില്‍ നിന്ന് എടുത്തോളാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് നവറോജി തന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.