താല്‍ക്കാലിക ജീവനക്കാര്‍ക്കും കളക്ഷന്‍ ഏജന്റുമാര്‍ക്കും വേതനം ഉറപ്പാക്കണം – രജിസ്ട്രാര്‍
കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും കളക്ഷന്‍ ഏജന്റുമാര്‍ക്കും വേതനം ഉറപ്പു വരുത്തണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
ദിവസ വേതന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു 2021 മെയ് മാസത്തേക്കും ലോക്ഡൗണ്‍ നിലനില്‍ക്കുംവരെയും അതതു മാസത്തെ പ്രവൃത്തിദിവസം കണക്കാക്കി നിലവില്‍ കൊടുക്കുന്ന വേതനം ഉറപ്പു വരുത്തണമെന്നു രജിസ്ട്രാര്‍ ഉത്തരവിട്ടു. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ളവര്‍ക്കു ഈ തുക ഉറപ്പു വരുത്തണം.
കളക്ഷന്‍ ഏജന്റുമാര്‍ക്കു മുകളില്‍ പറഞ്ഞ കാലയളവില്‍ വേതനം / കമ്മീഷന്‍ നല്‍കാന്‍ അതതു സംഘം ഭരണ സമിതി നടപടി സ്വീകരിക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇങ്ങനെ വേതനം / കമ്മീഷന്‍ കണക്കാക്കുമ്പോള്‍ 2021 മേയിലെ യഥാര്‍ഥ കമ്മീഷന്‍ തുക പതിനായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ആ തുകയും കുറവാണെങ്കില്‍ കഴിഞ്ഞ മൂന്നു മാസങ്ങളിലെ കമ്മീഷന്‍ തുകയുടെ ശരാശരി കണക്കാക്കി ആ തുകയും നല്‍കണം. ശരാശരി തുക പതിനായിരത്തില്‍ കൂടരുത്. ഇങ്ങനെ നല്‍കുന്ന തുക മേയിലെ യഥാര്‍ഥ കമ്മീഷന്‍ തുകയേക്കാള്‍ അധികം വരികയാണെങ്കില്‍ അധികം വരുന്ന തുക തുടര്‍ന്നുള്ള മാസങ്ങളില്‍ ഭരണ സമിതിക്കു യുക്തംപോലെ തവണകളായി തിരികെ ഈടാക്കാം. കളക്ഷന്‍ ഏജന്റുമാര്‍ക്കു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഈ ആനുകൂല്യം മുടക്കമില്ലാതെ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കണം – സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
കളക്ഷന്‍ ഏജന്റുമാര്‍ക്കു മൂന്നു മാസത്തെ ശരാശരി വേതനം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സന്തോഷം രേഖപ്പെടുത്തി. ഇക്കാര്യത്തിനായി ഓര്‍ഗനൈസേഷന്‍ നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്നു ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി അറിയിച്ചു.