ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിന് തുടക്കം കുറിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍
സംസ്ഥാനത്ത് ടോഡി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചുവെന്ന് തൊഴിലും നൈപുണ്യവും-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതോടുകൂടി നിലവിലുള്ള സ്ഥിതിഗതികളില്‍ മാറ്റം വരുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാപ്പിനിശ്ശേരി റെയിഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന് വേണ്ടി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം.
ശുദ്ധമായ കള്ള് ഉപഭോക്താവിനു നല്‍കുക, അത്യുത്പാദനശേഷിയുള്ള തെങ്ങ് വെച്ച് പിടിപ്പിക്കുതിനു പ്രോത്സാഹനം നല്‍കുക തുടങ്ങി കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായാണ് ടോഡി ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യാജ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെയും ഉല്‍പ്പാദന പ്രക്രിയയുടെയും അടിസ്ഥാനത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നവീകരണം നടപ്പിലാക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. കേരളം തൊഴില്‍ സൗഹൃദ നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുകയാണ്. തൊഴില്‍ സൗഹൃദാന്തരീക്ഷം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തൊരിടത്തും തൊഴിലാളികള്‍ക്ക് വേണ്ടി ഇത്രയേറെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനം കേരളമാണ്. ഐശ്വര്യ കേരളം സൃഷ്ടിക്കാന്‍ ജനക്ഷേമത്തിന്റെയും സമഗ്ര വികസനത്തിന്റേയും പാതയിലൂടെ സംസ്ഥാനത്തെ നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാജ കള്ള് വിതരണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍കൈയെടുക്കേണ്ടത് തൊഴിലാളികള്‍ തന്നെയാണെന്നും വ്യവസായത്തിന്റെ നിലനില്‍പ്പിനും തൊഴില്‍ സുരക്ഷയ്ക്കും ഈ ഇടപെടല്‍ അനിവാര്യമാണെന്ന ധാരണ കള്ളുചെത്ത് വ്യവസായത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കള്ളുചെത്ത് വ്യവസായം ഉള്‍പ്പെടെ പരമ്പരാഗത മേഖലയിലെ വ്യവസായങ്ങളുടെ സംരക്ഷണത്തിനും തൊഴില്‍ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജോയന്റ് രജിസ്ട്രാര്‍ (ജനറല്‍) സി ഗിരീശന്‍ നിര്‍വ്വഹിച്ചു. സഹകരണ സംഘത്തിലേയും ചെത്തു തൊഴിലാളി സംഘത്തിലേയും അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി വിമല ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. എഞ്ചിനീയര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
സഹകരണ സംഘം പ്രസിഡന്റ് കെ പി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ വി നാരായണന്‍, യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ടി സന്തോഷ്, സംഘാടകസമിതി ചെയര്‍മാന്‍ പി പി ദാമോദരന്‍, മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ പത്മനാഭന്‍, പഴയങ്ങാടി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എം പി ഉണ്ണികൃഷ്ണന്‍, ഏഴോം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം കെ സുകുമാരന്‍, പഴയങ്ങാടി അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കീനേരി വിജയന്‍, വിവധ രാഷ്ട്രീയകക്ഷി-സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.