ജീവനക്കാര്‍ പാരപണിയുന്നു; സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വകുപ്പുതല അന്വേഷണം
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അഗ്രികള്‍ച്ചര്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എ.സി.എസ്.ടി.ഐ.) വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. സ്ഥാപനത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്ന വിധത്തില്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. ഇതിനായി പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷ് ചെയര്‍മാനായ നാലംഗ സമിതിയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാര്‍, അണ്ടര്‍ സെക്രട്ടറി എല്‍.സുനിത, സെക്ഷന്‍ ഓഫീസര്‍ പി.രാധിക എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.
എ.സി.എസ്.ടി.ഐ.യില്‍ കുറച്ചുനാളായി പുകയുന്ന പ്രശ്‌നങ്ങളാണ് വകുപ്പുതല അന്വേഷണത്തിലേക്ക് നീങ്ങിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തില്‍ വനിത ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രവര്‍ത്തനങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. ഡയറക്ടര്‍ക്കെതിരെ ചില ജീവനക്കാരും സഹകരണ വകുപ്പിന് പരാതി നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍, ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ജീവനക്കാരില്‍ ചിലരെ കേരള ബാങ്കിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ഒരാളുടെ ഡെപ്യൂട്ടേഷനുള്ള അനുമതിയായിട്ടുണ്ട്. സഹകരണ വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിലും രാഷ്ട്രീയ-വ്യക്തി ബന്ധങ്ങള്‍ ഉപയോഗിച്ച് അമിതാധികാര പ്രവണത പ്രകടിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് മന്ത്രി സ്വീകരിച്ച നിലപാട്. അതുകൊണ്ടാണ് എ.സി.എസ്.ടി.ഐ. ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി അധ്യക്ഷനായി അന്വേഷണ സമിതി രൂപീകരിച്ചതും.
[mbzshare]