ചെറുതാഴത്ത് കാര്‍ഷിക സംസ്‌കരണ കേന്ദ്രമുയരും; സര്‍ക്കാര്‍ സഹായം നല്‍കി

moonamvazhi

പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സംസ്‌കരണ കേന്ദ്രം ഒരുക്കുന്നതിന് ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന് സര്‍ക്കാര്‍ സഹായം നല്‍കി. ‘സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയില്‍ നൂതന പദ്ധതി’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സഹായം. പഴം, പച്ചക്കറി, നെല്ല് എന്നിവ സംസ്‌കരിക്കുന്നതിന് പ്രത്യേക യൂണിറ്റ് സ്ഥാപിക്കുന്നതിനും കര്‍കരില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ സംഭരണം വിപണനം എന്നിവ ഒരുക്കുന്നതിനും ബാങ്ക് സമര്‍പ്പിച്ച പ്രപ്പോസല്‍ അംഗീകരിച്ചാണ് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

91.80 ലക്ഷം രൂപയുടെ സഹായമാണ് സര്‍ക്കാര്‍ അനുവദിക്കുക. ബാങ്കിന്റെ പ്രപ്പോസല്‍ അനുസരിച്ച് സഹായം ലഭ്യമാക്കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജനുവരി 19 ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗവും ഇക്കാര്യം അംഗീകരിച്ചു. ഇതനുസരിച്ചാണ് നാല് ശീര്‍ഷകങ്ങളില്‍ ഉള്‍പ്പെടുത്തി പദ്ധതി സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സമഗ്രകാര്‍ഷിക വികസന പദ്ധതി അനുസരിച്ച് 20ലക്ഷം രൂപ സബ്‌സിഡിയായും രണ്ടുലക്ഷം രൂപ വായ്പയായും അനുവദിക്കും. കാര്‍ഷിക ഉല്‍പാദനം, ഉല്‍പന്നങ്ങളും സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കുള്ള പദ്ധതിയില്‍നിന്ന് 20ലക്ഷരൂപ ഓഹരിയായി അനുവദിക്കും. കാര്‍ഷിക വിപണന മേഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയില്‍നിന്നും ഓഹരിയായി 27ലക്ഷം രൂപ അനുവദിക്കും. കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതി അനുസരിച്ച് 23.80 ലക്ഷം രൂപയും അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഈ തുകയില്‍ 15ലക്ഷം സബ്‌സിഡിയും 7.80 ലക്ഷം ഓഹരിയുമായിരിക്കും.

ഫണ്ട് വിനിയോഗം പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേകം കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ചെയര്‍മാനായിട്ടായിരിക്കും കമ്മിറ്റി. ഈ കമ്മിറ്റി ഫണ്ട് വിനിയോഗവും പദ്ധതി നിര്‍വഹണവും സംബന്ധിച്ച് മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News