ഗ്രാമീണ, അര്‍ബന്‍ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 11.34 ലക്ഷം കോടി രൂപ
രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രാമീണ സഹകരണ ബാങ്കുകളിലും ( RCB ) അര്‍ബന്‍ സഹകരണ ബാങ്കുകളിലും കൂടിയുള്ള മൊത്തം നിക്ഷേപം 2021 മാര്‍ച്ച് 31 വരെ 11.34 ലക്ഷം കോടി രൂപയാണെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് ലോക്‌സഭയെ അറിയിച്ചു. ഈ സഹകരണ ബാങ്കുകളെല്ലാം കൂടി നല്‍കിയിട്ടുള്ള വായ്പകളും അഡ്വാന്‍സുകളും 8.31 ലക്ഷം കോടി രൂപവരും.
എം.വി.വി. സത്യനാരായണയുടെ ചോദ്യത്തിനുത്തരമായാണു മന്ത്രി ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സഹകരണ ബാങ്കുകളില്‍ 429 സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയാനും സൈബര്‍ സുരക്ഷ ഉറപ്പാക്കാനും റിസര്‍വ് ബാങ്കും നബാര്‍ഡും നടപടികളെടുത്തിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയെ ശക്തിപ്പെടുത്താനായി സംസ്ഥാന സഹകരണ ബാങ്കുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും വികസന കര്‍മ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ നബാര്‍ഡ് ഒപ്പിട്ടിട്ടുണ്ട് – മന്ത്രി അറിയിച്ചു.