കോ – ഓപ് കേരള സഹകരണ മാര്‍ക്കിന്റെ കാലാവധി മൂന്നു വര്‍ഷം
സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കുന്ന ‘ കോ – ഓപ് കേരള ‘ എന്ന ഏകീകൃത സഹകരണ മാര്‍ക്കിന്റെ കാലാവധി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചു. അപേക്ഷക്കുള്ള ഫീസും തീരുമാനിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ മുന്‍കൈയെടുത്തു സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് പുതുക്കണം.
സഹകരണ മാര്‍ക്കിനു അപ്പക്‌സ് / ഫെഡറല്‍ സംഘങ്ങള്‍ 5000 രൂപയാണു അപേക്ഷാ ഫീസ് കെട്ടേണ്ടത്. മൂന്നു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ ആയിരം രൂപ അടയ്ക്കണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷാ ഫീസ് ആയിരം രൂപയാണ്. പുതുക്കാന്‍ 250 രൂപ. അപേക്ഷാ ഫീസ് കേരള ബാങ്കില്‍ സഹകരണ സംഘം രജിസ്ട്രാറുടെ 020761202030001 നമ്പര്‍ അക്കൗണ്ടില്‍ ഒടുക്കി അതിന്റെ തെളിവു സഹിതം അപേക്ഷിക്കണം. അപേക്ഷയും എഗ്രിമെന്റിന്റെ രണ്ടു പകര്‍പ്പും ഫീസടച്ചതിന്റെ തെളിവും നിര്‍ദിഷ്ട അനുബന്ധങ്ങളും സഹിതമാണു സഹകരണ സംഘം രജിസ്ട്രാര്‍ക്കു നല്‍കേണ്ടത്.
അപേക്ഷാ ഫീസ് തിരുവനന്തപുരത്തു മാറാവുന്ന വിധത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റായോ ട്രഷറി രശീതിയായോ മാനേജിങ് കമ്മിറ്റിയുടെ പേരിലെടുത്തതാവണം. അക്രഡിറ്റഡ് ഏജന്‍സിയില്‍ നിന്നുള്ള അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹകരണ സംഘത്തിന്റെ ബൈലോയും രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങളുടെ കോപ്പിയും അപേക്ഷക്കൊപ്പം വെക്കണം. സംഘം ലിക്വിഡേഷനിലോ രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കരിമ്പട്ടികയിലോ പെട്ടിട്ടില്ലെന്നു ഉറപ്പു നല്‍കുന്ന രേഖയും നല്‍കണം. സംഘത്തിന്റെ ഭരണ സമിതിയംഗങ്ങളുടെയോ ചീഫ് എക്‌സിക്യുട്ടീവിന്റെയോ പേരില്‍ കേരള സഹകരണ സംഘം നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കാനുണ്ടെങ്കില്‍ / നടക്കുന്നുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അറിയിക്കണം. ( അപേക്ഷാ ഫോറത്തിന്റെയും എഗ്രിമെന്റിന്റെയും മാതൃക അനുബന്ധം 1, 2 എന്നിവയില്‍ കാണാം )
കേരളത്തിലെ സഹകരണ സംഘങ്ങള്‍ തനതായി ഉല്‍പ്പാദിപ്പിക്കുന്നതും നിലവില്‍ കേന്ദ്ര , കേരള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന എഫ്.എസ്.എസ്.എ.ഐ, അഗ് മാര്‍ക്ക്, ഐ.എസ്.ഐ. മാര്‍ക്ക്, എഫ്.പി.ഒ. മാര്‍ക്ക്, ഹാന്റ്‌ലൂം മാര്‍ക്ക്, ഇക്കോ മാര്‍ക്ക്, ബി.ഐ.എസ്. മാര്‍ക്ക്, എന്‍.ഡി.ഡി.ബി. തുടങ്ങിയ അധികാരപ്പെടുത്തല്‍ / സാക്ഷ്യപ്പെടുത്തല്‍ ഉള്ളതുമായ ഉല്‍പ്പന്നങ്ങള്‍ക്കാണ് ആദ്യമായി കോ-ഓപ് കേരള എന്ന ഏകീകൃത സഹകരണ മാര്‍ക്ക് നല്‍കുന്നത്.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/09/BRANDING-CIRCULAR-40-2021.pdf”]