കോവിഡ് – സഹകരണ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചകളിൽ അവധി വേണമെന്ന ആവശ്യം ശക്തമാകുന്നു

adminmoonam

കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലേതുപോലെ സഹകരണ സ്ഥാപനങ്ങൾക്കും ശനിയാഴ്ചകളിൽ അവധി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്. കോവിഡ് കേരളത്തിൽ ആരംഭിച്ച സമയത്ത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. പിന്നീട് അതാത് ജില്ലാ ഭരണകൂടങ്ങളുടെ ഉത്തരവുകൾക്ക് അനുസരിച്ച് പ്രവർത്തന അനുമതി നൽകുകയായിരുന്നു.

ലോക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലും സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം ആയിരുന്നില്ല. എന്നാൽ കൂടുതൽ ജനങ്ങൾ വന്നുപോകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ വകുപ്പ് തയ്യാറായതുമില്ല.സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാരെ ഉപയോഗിച്ചാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം ഇളവുകൾ പോലും സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ഇടപാടുകാർ ബാങ്കുകളിൽ എത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാങ്ക് മാനേജർക്ക് ആയിരിക്കുമെന്നും ക്രിമിനൽ നടപടി എടുക്കുമെന്നും പല കോണുകളിൽ നിന്നും നിർദ്ദേശങ്ങൾ വന്നതോടെ ഉദ്യോഗസ്ഥർ ആശങ്കയിലും അതിലേറെ ബുദ്ധിമുട്ടിലും ആയി. ഈ സാഹചര്യത്തിൽ ഭരണസമിതികളും സമ്മർദത്തിലായി. ഇതേ തുടർന്ന് പല സംഘം ഭരണസമിതികളും, ഷെഡ്യൂൾഡ് നാഷണലൈസ്ഡ് ബാങ്കുകളുടേതുപോലെ രണ്ടും നാലും ശനിയാഴ്ചകളിൽ അവധി നൽകാൻ തീരുമാനിച്ചു. ഇത് ഇടപാടുകാരെ അറിയിക്കുകയും ചെയ്തു.ജീനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ പല സഹകരണ സ്ഥാപനങ്ങളും തീരുമാനം കൈക്കൊള്ളുന്നത്. തന്നെയുമല്ല സഹകരണ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ സംബന്ധിച്ച് സഹകരണ രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ, പ്രാദേശികമായി ജില്ലാ ഭരണാധികാരികൾ പ്രഖ്യാപിക്കുന്ന അവധികളിൽമേൽ സംഘം ഭരണ സമിതികൾക്ക്, സംഘങ്ങൾക്ക് അവധി അനുവദിക്കുന്നതിന് തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് പറയുന്നുണ്ടെന്നും സഹകാരികളും ഉദ്യോഗസ്ഥരും ഓർമിപ്പിക്കുന്നു.

നിലവിൽ ഉള്ളതുപോലെ അടിയന്തര സാഹചര്യങ്ങളിലും പൊതുസമൂഹത്തിനും ജീവനക്കാർക്കും ബുദ്ധിമുട്ടും രോഗവ്യാപനവും ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ അവധി നൽകാൻ അതാത് ഭരണ സമിതികൾക്ക് അനുവാദം ഉണ്ടെന്നാണ് സഹകാരികളുടെ പക്ഷം.എന്നാൽ ഇക്കാര്യത്തിൽ സഹകരണ വകുപ്പ് വ്യക്തത വരുത്തി ഉത്തരവ് ഇറക്കണം എന്നാണ് സഹകാരികളുടെ ആവശ്യം. സർക്കാർ സ്ഥാപനങ്ങളെകാൾ കൂടുതൽ ജനങ്ങൾ എത്തുന്ന സഹകരണബാങ്കുകളിൽ ശനിയാഴ്ച ദിവസം അവധി നൽകിയാൽ അത് കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്നും സഹകാരികളും ജീവനക്കാരും പറയുന്നു.തന്നെയുമല്ല ശനിയാഴ്ചകളിൽ താരതമ്യേന ഇടപാടുകൾ ഇപ്പോൾ കുറവുമാണ്. ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിൽ രോഗികളോ അവരുമായി ബന്ധപ്പെട്ടവരോ എത്തിയാൽ 15 ദിവസം സ്ഥാപനം അടച്ചു ഇടേണ്ട സാഹചര്യം ഉണ്ടാവുകയും ജീവനക്കാരും ഇടപാടുകാരും കോറണ്ടയിനിൽ പോകേണ്ട സാഹചര്യവും ഉണ്ടാകുമെന്നത് സജീവമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഇവർ ഓർമിപ്പിക്കുന്നു.

പല ജില്ലകളിലെയും നിരവധി സ്ഥലങ്ങൾ കണ്ടയ്ൻമെന്റ് സോണുകൾ ആവുകയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ സഹകരണസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് ആശങ്ക ഉണ്ടാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ശനിയാഴ്ച ദിവസങ്ങളിലെ അവധി സംബന്ധിച്ച കൂടുതൽ വ്യക്തതയുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് സഹകരണ സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *

Latest News