കോവിഡ് – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പാളുന്നു.

adminmoonam

നവകേരളീയം കുടിശ്ശിക നിവാരണം രണ്ടാംഘട്ടം കോവിഡ് പശ്ചാത്തലത്തിൽ പാളുന്നു. വകുപ്പ് ഉദ്ദേശിച്ച രീതിയിൽ കുടിശ്ശിക നിവാരണം നടപ്പാക്കാൻ സഹകരണസംഘങ്ങൾക്ക് സാധിക്കുന്നില്ല. കോവിഡിന്റെ പശ്ചാത്തലമാണ് പ്രധാനകാരണം.ഒപ്പം ഇപ്പോൾ 144 പ്രഖ്യാപിച്ചതും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും കുടിശ്ശിക നിവാരണം നടപ്പാക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നാണ് സഹകാരികളുടെ ആവശ്യം.

വായ്പ എടുത്ത സഹകാരികൾ വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം സഹകരണ സ്ഥാപനങ്ങളിൽ നിഷ്ക്രിയ ആസ്തി വർദ്ധിക്കുകയാണ്. തന്മൂലം സംഘങ്ങൾ കൂടുതൽ നഷ്ടത്തിൽ ആകുന്നു. ഇത് പരിഹരിക്കുന്നതിനു വേണ്ടിയാണ് സർക്കാർ നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി രണ്ടാംഘട്ടം നടപ്പാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 30 വരെയാണ് പദ്ധതി തീരുമാനിച്ചത്. എന്നാൽ വകുപ്പ് ഉദ്ദേശിച്ച രീതിയിൽ പദ്ധതി നടപ്പാക്കാൻ ആകുന്നില്ല. സഹകരണസംഘങ്ങളിൽ അദാലത്ത് നടത്താൻ സാധിക്കാത്തതാണ് ഇതിന് പ്രധാന തടസ്സം. അദാലത്തിനു വരാൻ പലരും വിമുഖത കാണിക്കുന്നു.

നിലവിൽ ഓരോ സംഘങ്ങളിലും ആയിരക്കണക്കിന് വായ്പക്കാരാണ് കുടിശ്ശികയായി ഉള്ളത്. ഇവരെ ബാങ്കുകളിലേക്ക് വിളിച്ച് അദാലത്ത് നടത്തിയാണ് മുൻകാലങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാറുള്ളത്. കോവിഡ് മൂലം വായ്പക്കാർ ബാങ്കിലേക്ക് വരാൻ മടിക്കുന്നതും അഞ്ചിൽ കൂടുതൽ ആളുകൾ ബാങ്കിലേക്ക് വരുന്നതിന് തടസ്സമായതും പദ്ധതി നടപ്പാക്കാൻ വിലങ്ങുതടിയാകുന്നുണ്ട്.

നവകേരളീയം കുടിശ്ശിക നിവാരണം രണ്ടാംഘട്ടം കാര്യക്ഷമമായി നടപ്പാക്കാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഇറക്കണം എന്നാണ് സഹകാരികളുടെ ആവശ്യം. പുതിയ സാഹചര്യത്തിനു യോജിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.

Leave a Reply

Your email address will not be published. Required fields are marked *

Latest News