കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

[mbzauthor]

രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിരയില്‍ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിനാകെ അഭിമാനകരമായ നേട്ടം കൈവരിച്ചതിന് ഈ വിദ്യാലയത്തിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഈ സര്‍ക്കാര്‍ സ്കൂളിനെ ഉയര്‍ത്താന്‍ പിന്തുണ നല്‍കിയ പൊതുസമൂഹവും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

എജൂക്കേഷന്‍ വേള്‍ഡ് എന്ന ഏജന്‍സി തയ്യാറാക്കിയ ഇന്ത്യാ സ്കൂള്‍ റാങ്കിങ്-2019 ലാണ് നടക്കാവ് സ്കൂള്‍ രണ്ടാം സ്ഥാനം കൈവരിച്ചത്. പഠനകാര്യങ്ങളും പാഠ്യേതര പ്രവര്‍ത്തനവും അധ്യാപകരുടെ കാര്യക്ഷമതയും പരിശീലനവും എല്ലാം കണക്കിലെടുത്താണ് ‘സര്‍ക്കാര്‍ ഡേ സ്കൂള്‍’ എന്ന വിഭാഗത്തില്‍ റാങ്ക് നിര്‍ണയിച്ചത്. കഴിഞ്ഞവര്‍ഷം നടക്കാവ് ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനമായിരുന്നു. ഈ റാങ്കിങ്ങിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുമുള്ള മറ്റ് സ്കൂളുകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

നടക്കാവ് സ്കൂള്‍ കൈവരിച്ച നേട്ടം, ഈ സര്‍ക്കാര്‍ വന്നശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ സൂചനയാണ്. പ്രിസം പദ്ധതിയിലൂടെ ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യവും പഠനനിലവാരവും ഉയര്‍ത്താന്‍ സ്ഥലം എം.എല്‍.എയുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം 5.04 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. അത്ഭുതകരമായ നേട്ടമാണിത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും മക്കള്‍ക്ക് കൂടി നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അതിന്‍റെ ഗുണഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

4752 സെക്കന്‍ററി / ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ 44,705 ക്ലാസ് മുറികള്‍ ഇതിനകം ഹൈടെക്കായി മാറ്റിക്കഴിഞ്ഞു. പ്രൈമറി വിദ്യാലയങ്ങളില്‍ കൂടി നൂതന സാങ്കേതികവിദ്യാ സങ്കേതങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.