കൊ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചുരുക്കപ്പട്ടിക ചുരുങ്ങുന്നതിൽ പരക്കെ ആക്ഷേപം.
ജൂനിയർ കൊ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കു പി.എസ്.സി നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക ചുരുങ്ങുന്നതിൽ പരക്കെ ആക്ഷേപം. ഫെബ്രുവരി ഒന്നിന് നടന്ന പരീക്ഷയുടെ ചുരുക്കപ്പട്ടികയുടെ മുഖ്യ പട്ടികയിൽ 400 പേരെ മാത്രമേ പി.എസ്.സി ഉൾപ്പെടുത്തുന്നുള്ളൂ എന്നതാണ് ആക്ഷേപത്തിന് കാരണം.ഈ തസ്തികയിലേക്ക് വേണ്ടി 17.08.2015 ൽ നിലവിൽ വന്ന മുൻ ലിസ്റ്റിൽ മുഖ്യ പട്ടികയിൽ മാത്രം 992 പേരും അതിന് ആനുപാതികമായ ഉപ പട്ടികയും ഉൾപ്പെടെ രണ്ടായിരത്തോളം പേർ ഉണ്ടായിരുന്നു . ആ ലിസ്റ്റിൽ നിന്നും 935 പേർക്ക് നിയമനവും ലഭിച്ചു . ഈ സാഹചര്യത്തിൽ ഇനി വരാൻ പോകുന്ന ലിസ്റ്റ് മുൻ ലിസ്റ്റിലെ നിയമനത്തിന്റെ പകുതി യിൽ താഴെയായി ചുരുക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇവർ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.2015 ലെ ലിസ്റ്റിന്റെ കാലാവധി 16.08.2018 ൽ അവസാനിച്ചു. അതിനുശേഷം 109 ഒഴിവുകൾ പി.എസ്.സി യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . നിലവിൽ ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുംഉണ്ട്. മാത്രവുമല്ല ഇനി ഈ തസ്തികയ്ക്ക് വേണ്ടിയുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഇന്റർവ്യൂ നടത്തി അന്തിമപട്ടിക പ്രസീദ്ധീകരിച്ച് ഈ വർഷം തന്നെ നിയമനം ആരംഭിച്ചാലും അതുവരെയുള്ള ഒഴിവുകളും ലിസ്റ്റ് നിലവിൽ വന്നതിനുശേഷമുള്ള മൂന്നു വർഷ കാലാവധി വരെയുള്ള ഒഴിവുകളും എല്ലാം കൂടി പരിഗണിച്ചാൽ അഞ്ചുവർഷത്തോളമോ അതിൽ കൂടുതലോ ഉള്ള സമയത്തെ ഒഴിവുകൾ, നിലവിൽ വരാൻ പോകുന്ന ലിസ്റ്റിൽ നിന്നും നികത്തേണ്ടിവരുമെന്നും ഉദ്യോഗാർഥികൾ പറയുന്നു. അതുകൊണ്ട് തന്നെ 400 പേരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ലിസ്റ്റ് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു.
നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഇനി റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകൾക്കും പുറമേ റിട്ടയർമെൻറ്, പ്രമോഷൻ എന്നിവയും വരും. അങ്ങനെവരുമ്പോൾ ലിസ്റ്റിന്റെ മൂന്ന് വർഷ കാലാവധിക്കുള്ളിൽ ആയിരത്തിലധികം നിയമനങ്ങൾ വരാൻ പോകുന്ന ലിസ്റ്റിൽ നിന്നും നടത്തേണ്ടിവരുമെന്നും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു . അതിനാൽ ഈ ലിസ്റ്റിൽ ആയിരത്തിലധികം പേരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തുകയും അതിന് ആനുപാതികമായി ഉപ പട്ടികയും തയ്യാറാക്കി വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മാത്രമേ ലിസ്റ്റിന്റെ മൂന്ന് വർഷ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന മുഴുവൻ ഒഴിവുകളിലേക്കും ഈ പട്ടികയിൽ നിന്നും നിയമനം നടത്താൻ കഴിയുകയുള്ളൂയെന്ന് ഇവർ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറഞ്ഞു.
തന്നെയുമല്ല ഫെബ്രുവരിയിലെ പരീക്ഷ മറ്റ് അഞ്ച് തസ്തികയ്ക്കും വേണ്ടിയുള്ള പൊതുപരീക്ഷയായിരുന്നു . ആ അഞ്ച് തസ്തികകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ ഇതിലേയും മുഖ്യപട്ടികയിൽ ഉൾപ്പെടും എന്നതിനാൽ ധാരാളം എൻ.ജെ.ഡി ഒഴിവുകളും ഉണ്ടാകും.കൂടാതെ 2:2:1 എന്ന അനുപാതത്തിൽ നിയമനം നടത്തുന്ന ഈ തസ്തികയിൽ പ്രമോഷൻ , തസ്തികമാറ്റ നിയമനത്തിനായി യോഗ്യതയുള്ളവർ ഇല്ലാതെ വന്നാൽ ആ ഒഴിവുകളും നേരിട്ടുള്ള നിയമനത്തിനായി തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നും നികത്തേണ്ടിവരുമെന്നതിനാൽ മുഖ്യ ലിസ്റ്റിൽ 1000 പേരെയെങ്കിലും ഉൾപ്പെടുത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. അതിനായി സഹകരണ വകുപ്പ് ഒഴിവുള്ളതും വരുന്നതുമായ തസ്തികകളെല്ലാം തന്നെ പി. എസ്. സി കു റിപ്പോർട്ട് ചെയ്യണം എന്നാണ് ഇവരുടെ എളിയ അപേക്ഷ. എന്നാൽ ലിസ്റ്റിൽ 400 പേരെ ഉള്ളൂ എന്നതരത്തിൽ ഇതുവരെയും പിഎസ്‌സി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.