കൊവിഡ് വാക്സിന്‍ ചലഞ്ച്: സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും

Deepthi Vipin lal

കൊവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണമേഖലയും ധനസമാഹരണം നടത്തും. ആദ്യഘട്ടമായി 200 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം.

പ്രാഥമിക വായ്പാ സംഘങ്ങള്‍ ഗ്രേഡിംഗ് പ്രകാരം രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കും. പ്രാഥമിക വായ്‌പേതര സംഘങ്ങള്‍ 5000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. കേരള ബാങ്ക് അഞ്ച് കോടി രൂപയും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് രണ്ട് കോടി രൂപയും, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നല്‍കും. സംഘങ്ങളുടെ പൊതുനന്മ ഫണ്ട്, വിഭജിക്കാത്ത ലാഭം എന്നിവയില്‍ നിന്നും ,സംഘം ഭരണ സമിതിയുടെയോ, പൊതുയോഗ തീരുമാന പ്രകാരമോസംഭാവന നല്‍കാവുന്നതാണ്.

സഹകരണ ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ഏപ്രില്‍, മെയ്മാസങ്ങളിലെ ഓരോ ദിവസത്തെ ശമ്പളമാവും നല്‍കുക. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാര്‍ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. സഹകരണ ആശുപത്രികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ,വി.ജോയ് എം. എല്‍. എ, പി. അബ്ദുള്‍ ഹമീദ് എം. എല്‍. എ, കോലിയക്കോട് കൃഷ്ണന്‍ നായര്‍ (സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍), ഗോപി കോട്ടമുറിക്കല്‍ ( കേരള ബാങ്ക് പ്രസിഡന്റ് ), സോളമന്‍ അലക്‌സ് (കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്്), എം. മെഹബൂബ് (ചെയര്‍മാന്‍, കണ്‍സ്യൂമര്‍ഫെഡ്), സംഘടനാ നേതാക്കളായ എ. രമേഷ്, അനില്‍, മുഹമ്മദലി, വി.ബി. പദ്മകുമാര്‍ തുടങ്ങിയവരും പ്രമുഖ സഹകാരികളും,സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും, വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, സഹകരണ ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News