കൊല്ലൂര്‍വിള ബാങ്ക് സേവനത്തിന്റെ അറുപതിലേക്ക്
(2020 ജൂണ്‍ ലക്കം)
പി.ആര്‍. അതീന
1961 ല്‍ 103 അംഗങ്ങളുമായി തുടക്കം. നിക്ഷേപം 5000 രൂപ. ഇന്നിപ്പോള്‍ അംഗങ്ങള്‍ 16,646. നിക്ഷേപം 220 കോടി. ആറു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വിദ്യാഭ്യാസ രംഗത്തേക്കു കടക്കാനാണ് പദ്ധതി. സി.ബി.എസ്.ഇ. സ്‌കൂളാണ് ബാങ്ക് ഇനി ലക്ഷ്യമിടുന്നത്.
5000 രൂപയുടെ നിക്ഷേപവുമായി സേവനപാതയിലേക്കിറങ്ങി സഹകരണത്തിന്റെ തൂവെളിച്ചം പകര്‍ന്ന് ഒരു നാട്ടിലെ മുഴുവന്‍ സാധാരണക്കാരുടെയും ഹൃദയം കവര്‍ന്ന് മുന്നേറുകയാണ് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുന്‍നിര ബാങ്കുകളിലൊന്നായ കൊല്ലൂര്‍വിള ബാങ്ക് അടുത്ത വര്‍ഷം സേവനത്തിന്റെ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്.
കേരളപ്പിറവി പിന്നിട്ട് അഞ്ചു വര്‍ഷം തികഞ്ഞപ്പോള്‍ 1961 ല്‍ 103 അംഗങ്ങളുമായാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ഒരു ദേശസാല്‍കൃത ബാങ്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഇവിടെ കിട്ടും. പുതുതലമുറയെ ഉള്‍പ്പടെ സഹകരണ ബാങ്കിങ്ങിലേക്ക് കൈപിടിച്ചു നടത്തുന്ന ഈ സ്ഥാപനത്തിന്റെ ആദ്യകാല സാരഥികള്‍ തോപ്പില്‍ വീട്ടില്‍ മൈതീന്‍കുഞ്ഞും കല്ലുംമൂട്ടില്‍ അലിയാരുകുഞ്ഞും പൊരുന്നുവിളയിലെ ഹൈദ്രോസ് സാഹിബും ഇസ്മയില്‍കുഞ്ഞ് വൈദ്യരും മണക്കാട് ബാലകൃഷ്ണപിള്ളയുമൊക്കെയായിരുന്നു. അംഗങ്ങളായി ചേര്‍ന്ന 103 പേരില്‍ നിന്നായി കിട്ടിയ 5,000 രൂപ നിക്ഷേപവുമായാണ് പ്രവര്‍ത്തനത്തുടക്കം.
സുവര്‍ണ കാലത്തേക്ക്
20 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന എ. അന്‍സാര്‍ അസീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാരണം ബാങ്കിന് സാധാരണക്കാരുടെ മനസ്സില്‍ ഇടം പിടിക്കാനായി. ഭരണസമിതിയുടെ കാര്യക്ഷമമായ നേതൃത്വത്തിനൊപ്പം സെക്രട്ടറി പി. എസ.് സാനിയയുടെ ഊര്‍ജസ്വലതയും ജീവനക്കാരുടെ കൂട്ടായ്മയും ഒത്തുചേരുമ്പോള്‍ ജനങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നതായി അന്‍സാര്‍ അസീസ് പറഞ്ഞു. ഈ ഒത്തൊരുമയും അംഗങ്ങളുമായുള്ള ഇഴയടുപ്പവുമാണ് ബാങ്കിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും മുതല്‍ക്കൂട്ടാവുന്നത്.
എ.ടി.എമ്മും സഞ്ചരിക്കുന്ന ബാങ്കും
സംസ്ഥാനത്ത് ആദ്യമായി എ.ടി.എം. സൗകര്യം ഏര്‍പ്പെടുത്തിയ സഹകരണ ബാങ്കുകളില്‍ കൊല്ലൂര്‍വിള ബാങ്കും ഉള്‍പ്പെടുന്നു. 20 വര്‍ഷമായി ഇവിടെ ഈ സംവിധാനം നിലവില്‍ വന്നിട്ട് . സംസ്ഥാനത്ത് സഞ്ചരിക്കുന്ന ബാങ്കിങ് സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയത് കൊല്ലൂര്‍വിള ബാങ്കാണ്. നിത്യവും 15 കേന്ദ്രങ്ങളിലെത്തി സാമ്പത്തിക ഇടപാട് നടത്തുന്ന മൊബൈല്‍ ബാങ്കിങ് സൗകര്യം സ്ത്രീകള്‍ക്കും വയോധികര്‍ക്കും ഏറെ സഹായകരമാണ്. ഹെഡ്ഓഫീസ് കൂടാതെ അയത്തില്‍, ചകിരിക്കട, തെക്കേവിള എന്നിവിടങ്ങളിലെ ബ്രാഞ്ചുകളും ഹെഡ് ഓഫീസും സഞ്ചരിക്കുന്ന ബാങ്കും തമ്മില്‍ ബന്ധിപ്പിച്ച് കോര്‍ബാങ്കിങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, സേവിങ്സ്് ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ എസ്.എം.എസ.് അലര്‍ട്ട് ലഭ്യമാക്കി പൊതുമേഖലാ ബാങ്കുകള്‍ക്കും പുതുതലമുറ ബാങ്കുകള്‍ക്കും ഒപ്പം നില്‍ക്കുന്നു കൊല്ലൂര്‍വിള ബാങ്ക്. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിന്റെയും ബാങ്കിന്റെയും എല്ലാ വിവരങ്ങളും തല്‍സമയം കിട്ടുന്നു. എസ.്ബി.ഐ. യുടെയും ഐ.സി.ഐ.സി.ഐ. യുടെയും ഓണ്‍ലൈന്‍ സംവിധാനം, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. വഴി ഇന്ത്യയിലെവിടേക്കും പണം അയയ്ക്കാനുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാറ്റത്തിന്റെയും കാര്യക്ഷമതയുടെയും മറ്റൊരു സംഭാവനയാണ് സഞ്ചരിക്കുന്ന ബാങ്ക്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പെട്ട 15 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നാലര വരെ അംഗങ്ങളെത്തേടി മൊബൈല്‍ ബാങ്ക് എത്തുന്നു. ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണപ്പണയം ഇതില്‍ നടത്താം. വായ്പകളുടെ തിരിച്ചടവും നിക്ഷേപവും തുടങ്ങി ബാങ്കിന്റെ ശാഖയിലെത്തി ചെയ്യാവുന്ന ഒട്ടുമിക്ക ഇടപാടുകളും ഈ മൊബൈല്‍ ബാങ്കില്‍ നടത്താം.
സ്‌കൂളിലെത്തും ബാങ്ക്
കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ഥികള്‍ക്കായി മികച്ച സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ പ്പെടുന്ന അയത്തില്‍ വേലായുധവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളുമായി ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുകയും എല്ലാ ചൊവ്വാഴ്ചയും സ്‌കൂളിലെത്തി ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങാനായി പലിശ യില്ലാതെ വായ്പയും നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കൂള്‍ക്കിറ്റും വിതരണംചെയ്തു.
അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 2012 ല്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. ഇതുവഴി പൊതുവിപണിയില്‍ മരുന്നിന്റെ വില നിയന്ത്രിക്കാന്‍ കഴിയുന്നു. അതുപോലെ, സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാനും കഴിയുന്നു.
കാര്‍ഷിക മേഖലയിലും സഹായം
വീട്ടമ്മമാരെയും ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മട്ടുപ്പാവ്കൃഷിയില്‍ വീട്ടമ്മമാരെ പങ്കെടുപ്പിക്കുകവഴി കാര്‍ഷിക മേഖലയിലും തങ്ങളുടെ ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കുകയാണ് ബാങ്ക്. മട്ടുപ്പാവിലെ കൃഷിക്കായി ബാങ്ക് 10,000 രൂപ വീതം വ്യക്തിഗത വായ്പ നല്‍കുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പച്ചക്കറിയുടെ കാര്യത്തില്‍ നാട്ടിടങ്ങളെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്താന്‍ ബാങ്കിനായി . കുടുംബശ്രീയുമായി യോജിച്ചും കാര്‍ഷിക വായ്പകള്‍ നല്‍കുന്നുണ്ട്. വ്യക്തികള്‍ക്കു 10,000 രൂപ വച്ച് ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വായ്പ ലഭിക്കുന്ന വിധത്തിലാണ് വായ്പാ പദ്ധതി ഏര്‍പ്പെടുത്തിയത്.
ദേശീയ പാതയില്‍ പള്ളിമുക്ക് ജംങ്ഷനില്‍ സ്വന്തമായുള്ള 39 സെന്റ് ഭൂമിയില്‍ 21,000 ചതുരശ്ര അടിയില്‍
രണ്ടു നിലകളിലായി പണിതിട്ടുള്ള ബാങ്കിന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിലാണ് ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ മന്ദിരത്തിന്റെ താഴെ നില വിവിധ സ്ഥാപനങ്ങള്‍ക്കു വാടകക്ക് നല്‍കി ആസ്തിവര്‍ധനയും ബാങ്ക് ലക്ഷ്യമിടുന്നു.
നിലവില്‍ 16,646 അംഗങ്ങളുള്ള ബാങ്കിന്റെ ഓഹരി മൂലധനം 3.54 കോടി രൂപ വരും. 220 കോടി രൂപയോളം നിക്ഷേപമുണ്ട്. ബാങ്ക് വായ്പയായി നല്‍കിയിരിക്കുന്നത്ത് 158കോടി രൂപയോളമാണ്.
പുരസ്‌കാരങ്ങള്‍
പ്രവര്‍ത്തന മികവില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട് 2016 ല്‍ കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച സര്‍വീസ് സഹകരണ ബാങ്കിനുള്ള സഹകരണ ശതാബ്ദി അവാര്‍ഡ് കൊല്ലൂര്‍വിള ബാങ്കിനായിരുന്നു. മികച്ച ബാങ്ക് പ്രസിഡന്റിനുള്ള എ. പാച്ചന്‍ അവാര്‍ഡ്, കടപ്പാള്‍ ശശി അവര്‍ഡ്, തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം എന്നിവ ബാങ്ക് പ്രസിഡന്റ് അന്‍സാര്‍അസീസിന് നേടിയെടുക്കാന്‍ കഴിഞ്ഞതു ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലെ തിളക്കം കൊണ്ടാണ്.
ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്‍മയേറിയ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണ സമിതി. സി.ബി.എസ്. ഇ. സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ അംഗീകാരം കിട്ടിയാലുടന്‍ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് പ്രസിഡന്റ് എ. അന്‍സാര്‍ അസീസ് പറഞ്ഞു.