കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഷെയ്ഖ് ജഫ്രീന് ആന്ധ സഹകരണവകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമനം

moonamvazhi
കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ( Deaf  Olympics ) പങ്കെടുത്ത് ഇന്ത്യയ്ക്കുവേണ്ടി ടെന്നിസില്‍ മൂന്നാംസ്ഥാനം ( ഓട്ടു മെഡല്‍ ) നേടിയ ഷെയിഖ് ജഫ്രീനിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സഹകരണവകുപ്പില്‍ നിയമനം നല്‍കി. സഹകരണവകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( കാറ്റഗറി – 4 ) ആയാണു നിയമനം. സര്‍ക്കാര്‍ ശനിയാഴ്ച നിയമനോത്തരവ് പുറപ്പെടുവിച്ചു.കര്‍ണൂല്‍ ജില്ലക്കാരിയായ ഷെയ്ഖ് ജഫ്രീന്‍ എന്ന ഇരുപത്തിയാറുകാരി 2013 ലും 2017 ലുമാണു കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. ടീമിന്റെ ക്യാപ്റ്റനായിരുന്നു ജഫ്രീന്‍. മിക്‌സഡ് ഡബിള്‍സിലാണു ജഫ്രീനും പ്രൃഥ്വി ശേഖറും അടങ്ങിയ ടീം 2017 ല്‍ ഓട്ടുമെഡല്‍ നേടിയത്.

സംസ്ഥാനസര്‍ക്കാരിന്റെ നയമനുസരിച്ച് അന്താരാഷ്ട്ര കായികമേളകളില്‍ വിജയിച്ചവര്‍ക്കു ഗ്രൂപ്പ് – വണ്‍ തസ്തികകളില്‍ നിയമനം നല്‍കാറുണ്ട്. പി.വി. സിന്ധു ( ബാഡ്മിന്റന്‍ ), കിടംബി ശ്രീകാന്ത് ( ബാഡ്മിന്റന്‍ ), വെണ്ണം ജ്യോതി സുരേഖ ( അമ്പെയ്ത്ത് ), സാകേത് മിനേനി ( ടെന്നിസ് ) എന്നിവര്‍ക്കെല്ലാം ഇങ്ങനെ ഗ്രൂപ്പ് – വണ്‍ സര്‍ക്കാര്‍ജോലി കിട്ടിയിട്ടുണ്ട്. ജോലിയില്‍ ചേരുംമുമ്പു ജഫ്രീനു പരിശീലനം നേടേണ്ടതുണ്ട്.

തന്റെ പരിമിതികളെ മറികടന്ന് എട്ടാം വയസ്സില്‍ ടെന്നിസ് കളിക്കാനിറങ്ങിയ ജഫ്രീനെ പ്രോത്സാഹിപ്പിച്ചതു പ്രമുഖ ടെന്നിസ് കളിക്കാരിയായ സാനിയ മിര്‍സയാണ്. ഹൈദരാബാദിലെ സാനിയ മിര്‍സ ടെന്നിസ് അക്കാദമിയില്‍ ജഫ്രീന് സാനിയ പരിശീലനം നല്‍കി. 2013 ല്‍ ജഫ്രീന്‍ തന്റെ ആദ്യത്തെ ഒളിമ്പിക്‌സില്‍ പങ്കെടുത്തെങ്കിലും മെഡലൊന്നും കിട്ടിയില്ല. പക്ഷേ, നാലു കൊല്ലത്തിനുശേഷം ജഫ്രീന്‍ വിജയപീഠത്തിലെത്തി. അങ്ങനെ കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ടെന്നിസില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടുന്ന ആദ്യത്തെ ടീമായി ജഫ്രീന്‍-പൃഥ്വി കൂട്ടുകെട്ട് മാറി.

Leave a Reply

Your email address will not be published.