കേര കര്‍ഷകര്‍ക്കായി കാസര്‍കോട്ട് ഹൈടെക് കയര്‍ഫാക്ടറി; തൊണ്ട് സംഭരിക്കാന്‍ സഹകരണ സ്ഥാപനങ്ങളും
കാസര്‍കോട് കാഞ്ഞങ്ങാട് പുതുക്കൈയിലെ കയര്‍ഫാക്ടറി കേര കര്‍ഷകര്‍ക്കു കൈത്താങ്ങാവുന്നു. 3.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലെയ്‌സ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് ആണ് ഹൈടെക് കയര്‍ ഡീഫൈബറിംഗ് യൂണിറ്റ് ഒരുക്കിയത്. കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയും സഹകരിക്കുന്നു.
ഒരു ദിവസം ഒരു ഷിഫ്റ്റില്‍ 30,000 തൊണ്ട് അടിക്കാന്‍ കഴിയും. ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ ഫൈബറും മൊത്തമായി കയര്‍ഫെഡ് എടുക്കും . സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളും വഴിയാകും പ്രധാനമായും തൊണ്ട് സംഭരിക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിധവാ സംഘവും തൊണ്ട് ശേഖരിക്കും.
മലബാര്‍ മേഖലയിലെ തെങ്ങ് കര്‍ഷകരെയും ചെറുകിട കയര്‍ സംരംഭകരെയും സൊസൈറ്റികളെയും സഹായിക്കുന്ന കേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.സി.സി.പി. ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ പറഞ്ഞു. കേരകര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതിനൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തൊഴിലും വരുമാനവും നല്‍കാനാകുമെന്നു അദ്ദേഹം വ്യക്തമാക്കി.
ഉപോല്‍പ്പന്നങ്ങളായ ചെറിയ ചകിരി നാരുകളും ചകിരിച്ചോറും ഉപയോഗിച്ച് ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍സ്, നിര്‍മാണ ഫാക്ടറി, വളം ഫാക്ടറി, ബെഡ് നിര്‍മാണ ഫാക്ടറി എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. 16.44 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി വിജയിച്ചാല്‍ സഹകരണ സംഘങ്ങളുടെ സഹായത്തോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.