കേരള ബാങ്കിന്റെ നിലപാടിനെതിരെ സഹകരണ ജീവനക്കാര്‍ സമരത്തിന്
Deepthi Vipin lalJuly 27 2021,4:07 pm
സഹകരണ മേഖലയേയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന കേരള ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ പ്രാഥമിക മേഖലയിലെ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കേരള ബാങ്ക് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
ഇടതുപക്ഷ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കഴിഞ്ഞ ദിവസം കേരള ബാങ്ക് ശാഖകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
പ്രൈമറി സംഘങ്ങളില്‍ നിന്നു ഈടാക്കുന്ന അന്യായമായ സര്‍വ്വീസ് ചാര്‍ജുകള്‍ നിര്‍ത്തലാക്കുക, പി എഫ് നിക്ഷേപത്തിന് പലിശ കുറച്ച നടപടി പിന്‍വലിക്കുക, 8.5 ശതമാനം പലിശ പുന:സ്ഥാപിക്കുക, സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പ നല്‍കാനായി കൊടുക്കുന്ന വായ്പയ്ക്ക് മുന്‍കൂര്‍ പലിശ കേരള ബാങ്ക് ഈടാക്കുന്നത് അവസാനിപ്പിക്കുക, സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ട്രഷറി നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുക,
സഹകരണ ജീവനക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കിലുണ്ടായിരുന്ന 50 ശതമാനം തൊഴില്‍ സംവരണം കേരള ബാങ്കിലും നല്‍കുക, കേരള ബാങ്കിന് മൂലധന പര്യാപ്തതയ്ക്ക് വേണ്ടി പ്രാഥമിക സംഘങ്ങളില്‍ നിന്നു പിരിച്ചെടുത്ത ഓഹരികള്‍ക്ക് ന്യായമായ ലാഭവിഹിതം നല്‍കുകയോ അല്ലാത്തപക്ഷം ഓഹരികള്‍ തിരിച്ച് വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ് ) ഉന്നയിക്കുന്നത്. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള ബാങ്ക് ആസ്ഥാനത്ത് നടത്തുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉത്ഘാടനം ചെയ്യും. കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു ,സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.