കേരള ബാങ്കിന്റെ ക്ഷീരമിത്ര വായ്പ: ജില്ലാതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

moonamvazhi

സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പുനരുദ്ധാരണവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക, ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ പ്രയോജനം പരമാവധി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച ക്ഷീരമിത്ര വായ്പകളുടെ ജില്ലാതല വിതരണോദ്ഘാടനവും കേരള ബാങ്ക് പുതുപ്പാടി ശാഖയിലെ ഇടപാടുകാരുടെ സംഗമവും സംഘടിപ്പിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ വായ്പാ വിതരണം നിര്‍വ്വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേശ് ബാബു അധ്യക്ഷത വഹിച്ചു.

സംരംഭങ്ങള്‍ക്കുള്ള കെ ബി സുവിധ വായ്പ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചനും കെ ബി സുവിധ പ്ലസ് വായ്പ കേരള ബാങ്ക് കോഴിക്കോട് റീജണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബും വിതരണം ചെയ്തു. പുതുപ്പാടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.സി.വേലായുധന്‍, കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് രാഹുല്‍ കുട്ടപ്പന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അമല്‍ രാജ്, പുതുപ്പാടി ശാഖാ മാനേജര്‍ എം.കെ.പ്രേമ എന്നിവര്‍ സംസാരിച്ചു. വായ്പാ വിഭാഗം മാനേജര്‍ ടി കെ ജീഷ്മ ക്ലാസെടുത്തു. സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ സ്വാഗതവും മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

ക്ഷീര മിത്ര വായ്പ പ്രകാരം കേരള ബാങ്കില്‍ അംഗത്വമുള്ള ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീര കര്‍ഷകര്‍, ക്ഷീര സംരംഭകര്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി (കെസിസി) പ്രകാരം പലിശ ഇളവോടെ 4 ശതമാനം പലിശ നിരക്കില്‍ പരമാവധി 2 ലക്ഷം രൂപവരെ ഹ്രസ്വകാല വായ്പ ലഭിക്കും. ക്ഷീര മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും വികസിപ്പിക്കാനുമുള്ള ക്ഷീരമിത്ര മദ്ധ്യകാല വായ്പ 2 ലക്ഷം രൂപവരെയും അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News