കേരളാബാങ്കിനുമുമ്പേ ജില്ലാബാങ്കുകളുടെ പൊതുനന്മാഫണ്ട് നേടിയെടുക്കാന്‍ തിരക്കിട്ട നീക്കം
കേരളബാങ്ക് രൂപവത്കരണം പടിവാതിക്കലെത്തിയപ്പോള്‍ ജില്ലാബാങ്കുകളിലെ പൊതുനന്മാഫണ്ട് നേടിയെടുക്കാന്‍ തിരക്കിട്ട നീക്കം. പല സ്ഥാപനങ്ങളും ഈ ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് ജില്ലാബാങ്കുകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണറിവ്. കോഴിക്കോട് ജില്ലാബാങ്കില്‍ സഹകരണ സംഘത്തിന് കീഴിലുള്ള ഒരു ട്രസ്റ്റ് 45 ലക്ഷത്തോളം രൂപ അനുവദിക്കണമെന്ന് കാണിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ അപേക്ഷ ബാങ്ക് അധികൃതര്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ജീവനക്കാരുടെ ചികിത്സയ്ക്ക് പോലും പൊതുനന്മാഫണ്ടില്‍നിന്ന് പണം അനുവദിക്കുന്നില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. കോഴിക്കോട് ജില്ലാബാങ്കില്‍ വൃക്കമാറ്റിവെക്കേണ്ട സാഹചര്യത്തിലുള്ള ജീവനക്കാരുണ്ട്. ഇവര്‍ക്കൊന്നും പൊതുനന്മാഫണ്ടില്‍നിന്ന് പണം അനുവദിച്ചിട്ടില്ല. ജപ്തി ഭീഷണി നേരിടുന്ന പാവങ്ങളായ ഇടപാടുകാരുണ്ട്. ഇവരുടെ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇവയൊക്കെ മറികടന്നാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ നേടിയെടുക്കാനുള്ള നീക്കം നടക്കുന്നത്.
പൊതുനന്മാഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരോ ബാങ്കിനും ചട്ടങ്ങളുണ്ട്. ഇത് പാലിച്ചുമാത്രമാണ് ബാങ്കിന് സഹായധനം അനുവദിക്കാനാകുക. എന്നാല്‍, സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ ഇക്കാര്യത്തില്‍ ഇളവുനല്‍കാനാകും. നേരത്തെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഈ ഫണ്ട് കൈമാറാന്‍ ജില്ലാബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓരോ ജില്ലാ ബാങ്കുകളും ലക്ഷങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.
കേരളബാങ്ക് രൂപവത്കരിക്കുന്നതിനായി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ പൊതു നന്മാഫണ്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ഓരോ ജില്ലാ ബാങ്കിനും ഈ ഫണ്ട് ചെലവഴിക്കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. മാത്രവുമല്ല, പൊതുനന്മ ലക്ഷ്യമാക്കി ചെലവഴിക്കാമെന്നതിനാല്‍ ഇത് ബാങ്കിന്റെ ആസ്തിയില്‍ ഉള്‍പ്പെടുന്നുമില്ല. ഇതാണ് ലയനത്തിന് മുമ്പുതന്നെ ഫണ്ട് അനുവദിപ്പിക്കാന്‍ സ്ഥാപനങ്ങളും ട്രസ്റ്റുകളും നീക്കം നടത്തുന്നത്. എല്ലാ ജില്ലാബാങ്കുകളിലുമായി മൂന്നുകോടിക്ക് മുകളില്‍ പൊതുനന്മാഫണ്ട് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
[mbzshare]