കേന്ദ്ര സഹകരണ സംഘം മാർക്കിറ്റിങ് സംഘങ്ങളുടെ അംബ്രല്ല ഓർഗനൈസേഷനാക്കും
ജൈവ ഉല്‍പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഈ മേഖലയിലുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ദേശീയ അംബ്രല്ല ഓര്‍ഗനൈസേഷനാക്കി മാറ്റാന്‍ തീരുമാനം. ജൈവ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, സര്‍ട്ടിഫിക്കേഷന്‍, ഉല്‍പാദനം, പരിശോധന, സംസ്‌കരണം, സംഭരണം, ലേബലിങ്, പാക്കേജിങ്, വിതരണ സംവിധാനം എന്നിവയെല്ലാം സംഘത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകും.
സംസ്ഥാന നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ജൈവ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ സംരംഭത്തിനും സംസ്‌കരണത്തിനും ഈ മള്‍ട്ടി സ്റ്റേറ്റ് സംഘം സഹായം നല്‍കും. സഹകരണ മേഖലയിലെ ജൈവ ഉല്‍പന്ന ഉല്‍പാദകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഈ മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി നല്‍കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നാണ് വിവരം.
സംസ്ഥാനങ്ങളിലെ പ്രാഥമിക സഹകരണ സംഘങ്ങളെ ജൈവ കൃഷി മേഖലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പരിശീലനത്തിന് കയറ്റുമതി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം അവസരമുണ്ടാക്കും. സഹകരണ സംഘങ്ങള്‍ക്ക് സാങ്കേതിക-അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള സഹായവും നല്‍കും. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കാണ് വിപണി സാധ്യതയുള്ളത് എന്നത് പ്രദേശിക അടിസ്ഥാനത്തില്‍ പഠിച്ചാകും പദ്ധതി തയ്യാറാക്കുക. ഇത്തരം കൃഷിയിലേക്കും ഉല്‍പാദനത്തിലേക്ക് കടക്കാനുള്ള സാങ്കേതിക-സാമ്പത്തിക സഹായമാവും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നല്‍കുക.
ജൈവ കൃഷി മേഖലയിലും ഉല്‍പന്നങ്ങളും വിപണനത്തിനുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തിന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നേതൃത്വം നല്‍കണമെന്നാണ് ബൈലോയിലെ വ്യവസ്ഥ. ഇതിനൊപ്പം, കേന്ദ്ര വാണിജ്യ മന്ത്രാലയം, കൃഷി മന്ത്രാലയം, ഭക്ഷ്യമന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസന മന്ത്രാലയം എന്നിവുമായി സഹകരിച്ച് ജൈവക്കൃഷി മേഖലയില്‍ ഗവേഷണവും പദ്ധതിതയ്യാറാക്കലും സംഘം ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അമൂലിന്റെ ബ്രാന്‍ഡും വിതരണ-വിപണന ശൃംഖലയും ഇതിനായി ഉപയോഗപ്പെടുത്തിയാകും കയറ്റുമതി മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം.
[mbzshare]