‘കൃതി’ പുസ്തകോത്സവത്തിന് മറൈൻഡ്രൈവിൽ കൊടിയിറങ്ങി: എട്ടുലക്ഷംപേർ പുസ്തകോത്സവം സന്ദർശിച്ചതായി സഹകരണ മന്ത്രി.

adminmoonam

പത്തുനാൾ കൊച്ചിയെ അക്ഷരനഗരിയാക്കി മാറ്റിയ ‘കൃതി’ അന്തർദേശീയ പുസ്തകോത്സവത്തിന് കൊടിയിറങ്ങി. 10 രാപ്പകലുകളിലായി ഏകദേശം എട്ട് ലക്ഷത്തോളം പേർ പുസ്തകോൽസവം സന്ദർശിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച കൃതി 2020 അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. യഥാര്‍ത്ഥത്തില്‍ സംഘാടകരുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിക്കുന്ന രീതിയിലാണ്‌ കൃതിയിലേക്ക് പൊതുജനം ഒഴുകിയെത്തിയത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പ്രത്യേകിച്ച് യുവജനങ്ങൾ വൻതോതിൽ പുസ്തകോത്സവത്തിൽ എത്തിച്ചേർന്നത് ശ്രദ്ധേയമായ കാര്യമാണ്.

മൂന്നാമത്തെ വര്‍ഷമാണ്‌ പത്തു രാപ്പകലുകൾ നീളുന്ന സാഹിത്യവൈജ്ഞാനികോത്സവത്തിന് എറണാകുളം ആതിഥ്യമരുളിയത് . ഇത്തവണ 260 സ്റ്റാളുകളിലായി 150-ൽപ്പരം പ്രസാധകരാണ് സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും വലിയ കലവറ അക്ഷരനേഹികൾക്കു മുന്നിൽ തുറന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ സാഹിത്യപ്രതിഭകളോടൊപ്പം കേരളത്തിലെ ഏകദേശം എല്ലാ പ്രമുഖ സാഹിത്യകാരന്മാരും ഈ മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 205 വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. മേളയുടെ ഉദ്ഘാടനദിവസമായ ഫെബ്രുവരി 6 മുതൽ നടക്കുന്ന കലാസന്ധ്യയിൽ കഥകളി, കർണ്ണാടകസംഗീതം, യക്ഷഗാനം, മ്യൂസിക്, നാടൻപാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ കേരളത്തിലെ പ്രഗത്ഭകലാകാരന്മാർ കലാസ്വാദകർക്കു മുന്നിൽ അവതരിപ്പിച്ചു. അടുത്തവർഷം ജനുവരി മാസത്തിലെ അവസാന ദിവസമാണ് കൃതി പുസ്തകോത്സവം എറണാകുളത്ത് വച്ച് തന്നെ നടത്തുക.

മുൻ വർഷങ്ങളിലേതുപോലെതന്നെ ഈ പുസ്തകമേളയുടെ ഏറ്റവും ആകർഷകമായ ഇനം കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം’ എന്ന പദ്ധതിയായിരുന്നു. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങളാണ് കുട്ടികളുടെ കൈയിൽ എത്തിച്ചേരുന്നത്. ഇന്നലെവരെയുള്ള കണക്കുപ്രകാരം ബുക്ക് കൂപ്പൺ പദ്ധതിയിലൂടെത്തന്നെ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഈ മേളയിൽനിന്നും കുട്ടികൾ വാങ്ങിയിട്ടുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം പേർ മേള സന്ദർശിച്ചതായാണ് കണക്കാക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിൽ അരലക്ഷത്തോളം കുട്ടികൾ ഈ പുസ്തകമേള സന്ദർശിച്ച് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ഒരു പുതിയ അനുഭവം പങ്കിട്ടു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വകുപ്പും സാഹിത്യപ്രവർത്തകസഹകരണസംഘവും നേരിട്ടാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News