കിട്ടാക്കടമായി കണക്കാക്കിയ വായ്പകളില്‍ ആര്‍ജിച്ച പലിശയ്ക്കു മാത്രം കരുതല്‍ വെക്കാനുള്ള നിര്‍ദേശമുണ്ടാകണം -സി.എന്‍. വിജയകൃഷ്ണന്‍

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങില്‍ ഏകീകരണം ഉറപ്പാക്കുംവിധം സുവ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കുടിശ്ശികപ്പലിശയ്ക്ക് കരുതല്‍ വെയ്ക്കുമ്പോള്‍ കിട്ടാക്കടമായി കണക്കാക്കിയ വായ്പകളില്‍ ആര്‍ജിച്ച പലിശക്ക് മാത്രം കരുതല്‍ വെയ്ക്കുംവിധം നിര്‍ദേശമുണ്ടാകണമെന്നും കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സഹകരണ മന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കിട്ടാക്കടം അനുദിനം വര്‍ധിച്ചു വരികയാണെന്നു വിജയകൃഷ്ണന്‍ നിവേദനത്തില്‍ പറയുന്നു. നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും അതിനു പിന്നാലെയുണ്ടായ പ്രളയവും കോവിഡ് മഹാമാരിയുമൊക്കെയായി സാധാരണക്കാര്‍ വലിയ പ്രയാസത്തിലാണ്. ഈ വിഭാഗത്തില്‍ ഏറെപ്പേരും തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സഹകരണ സംഘങ്ങളെയാണ്. എന്നാല്‍, സംഘങ്ങള്‍ നല്‍കുന്ന വായ്പയില്‍ തിരിച്ചടവ് വരാതെ അനുദിനം കിട്ടാക്കടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും എടുത്തേക്കും. കുടിശ്ശികയ്ക്ക് കരുതല്‍ വയ്ക്കുന്നതിന് അടിസ്ഥാനമായി കാണുന്നത് സഹകരണ സംഘം രജിസ്ട്രാറുടെ 40/2007, 34/2020 നമ്പര്‍ സര്‍ക്കുലറുകളാണ്. 34/2020 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം കരുതല്‍ വയ്ക്കുന്നതില്‍ ഏതാനും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും ഇതിന്റെ ആനുകൂല്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘങ്ങള്‍ എടുത്തുകഴിഞ്ഞു. എന്നാല്‍, സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് സാധാരണക്കാര്‍ കരകയറിയിട്ടില്ല. അതിനാല്‍ സഹകരണ സംഘങ്ങളിലെ വര്‍ധിച്ചുവരുന്ന കുടിശ്ശികയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അതല്ലെങ്കില്‍, സംഘങ്ങള്‍ ഫയല്‍ ചെയ്തിട്ടുള്ള ആര്‍ബിട്രേഷന്‍ കേസുകളില്‍ അടിയന്തരമായി ജപ്തിനടപടികള്‍ സ്വീകരിച്ചു തുക വസൂലാക്കിക്കിട്ടണം. ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യസ്ഥാപനങ്ങള്‍ സര്‍ഫാസി നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ സഹകരണ സംഘങ്ങളില്‍ മാത്രം റിക്കവറി നടപടികള്‍ സ്വീകരിക്കാത്തത് ‘ സഹകരണ സംഘങ്ങളില്‍ നിന്നു വായ്പയെടുത്താല്‍ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല’ എന്ന ധാരണയിലേക്ക് പൊതുസമൂഹം എത്തിച്ചേരാനിടയാക്കും – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കുറഞ്ഞ ദിവസങ്ങളേ ബാക്കിയുള്ളു എന്നത് കണക്കിലെടുക്കുമ്പോള്‍ ജപ്തി നടപടികളിലൂടെ തുക ഈടാക്കിയെടുത്തുകൊണ്ട് ഈ വര്‍ഷം കുടിശ്ശിക കുറയ്ക്കുക എന്നത് പ്രായോഗികമല്ല. അതേസമയം, സഹകരണ സംഘങ്ങള്‍ നഷ്ടത്തിലാണെന്നു വരുന്ന സ്ഥിതി ഈ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പ്രസ്ഥാനം നിലനില്‍ക്കണം. ആയതിനാല്‍ അധികമായി കരുതല്‍ വെച്ചതു കൊണ്ട്മാത്രം സഹകരണ സംഘങ്ങള്‍ നഷ്ടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ കരുതല്‍ വെക്കുന്നതില്‍ ഇളവുകള്‍ അനുവദിക്കേണ്ടത് അനിവാര്യമാണ്. കുടിശ്ശികയായിട്ടും നടപടികള്‍ സ്വീകരിക്കാത്ത വായ്പകള്‍, വാല്വേഷനിലും അധികരിച്ചുനല്‍കിയ വായ്പകള്‍ തുടങ്ങിയവയ്‌ക്കൊക്കെ കരുതല്‍ വയ്ക്കേണ്ടതുതന്നെയാണ്. എന്നാല്‍, ജപ്തി നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നു എന്നതുകൊണ്ട് മാത്രം സംഘത്തിന്റെ അക്കൗണ്ടില്‍ കുടിശ്ശികയായി കാണുന്ന അക്കൗണ്ടുകളില്‍ കിട്ടാനുള്ള തുകയ്ക്ക് കരുതല്‍ വയ്ക്കുന്നതില്‍ 2021 – 22 വര്‍ഷം ഇളവനുവദിക്കുകയും അടുത്ത സാമ്പത്തിക വര്‍ഷം പ്രസ്തുത അക്കൗണ്ടുകളില്‍ ജപ്തി നടപടികള്‍ നടത്തി സംഘത്തിന്റ സാമ്പത്തികാടിത്തറ ബലപ്പെടുകയും ചെയ്യണം. 40/2007 നമ്പര്‍ സര്‍ക്കുലറിലെ അവ്യക്തത മൂലം പല സംഘങ്ങളിലും പല രീതിയിലാണ് കുടിശ്ശിക കരുതിവെക്കുന്നത്. കൂടാതെ, ഒരേതരം വായ്പകളുടെ തിരിച്ചടവ് തവണകള്‍ സംബന്ധിച്ച് ഓരോ സംഘത്തിനും വ്യത്യസ്ത വ്യവസ്ഥകളാണ് നിയമാവലിയിലും വായ്പാ ഉപനിബന്ധനകളിലും അംഗീകരിച്ചു നല്‍കിയിരിക്കുന്നത്. ചില സംഘങ്ങളില്‍ തവണകള്‍ മുടങ്ങുമ്പോള്‍ത്തന്നെ കുടിശ്ശികയായി കണക്കാക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ വായ്പാ കാലാവധി അവസാനിക്കുമ്പോള്‍ മാത്രമാണ് വായ്പാകുടിശ്ശികയായി കണക്കാക്കുന്നത്. 34/2020 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം 90 ദിവസത്തില്‍ കൂടുതല്‍ തവണകള്‍ കുടിശ്ശികയായ വായ്പകള്‍ ആര്‍ജിക്കുന്ന പലിശയ്ക്ക് കരുതല്‍ വെയ്ക്കുന്നതിനാണ് നിര്‍ദേശമുളളത്. എന്നാല്‍, കിട്ടാക്കടമായി കണക്കാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ കാലാവധിതന്നെ ഒരു വര്‍ഷമാണ്. ആയതിനാല്‍ സംഘങ്ങളിലെ ഓഡിറ്റിങ്ങില്‍ ഏകീകരണം ഉറപ്പാക്കുംവിധം സുവ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കുടിശ്ശികപ്പലിശയ്ക്ക് കരുതല്‍ വയ്ക്കുമ്പോള്‍ കിട്ടാക്കടമായി കണക്കാക്കിയ വായ്പകളില്‍ ആര്‍ജിച്ച പലിശക്ക് മാത്രം കരുതല്‍ വെയ്ക്കുംവിധം നിര്‍ദേശം ഉണ്ടാവുകയും വേണം – വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News