കാർഷിക മേഖലയിലെ ഉത്പാദനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് സഹകരണസംഘങ്ങൾ നേതൃത്വം നൽകണമെന്ന് കോലിയക്കോട് കൃഷ്ണൻ നായർ.
കാർഷിക മേഖലയിലെ ഉത്പാദനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് സഹകരണസംഘങ്ങൾ നേതൃത്വം നൽകണമെന്ന് സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സഹായം ആവശ്യമാണ്. ഒപ്പം ഈ മേഖലയിൽ സഹകരണ വിദ്യാഭ്യാസവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെയും സംഘങ്ങളുടെയും നിലനിൽപ്പിനുവേണ്ടി പ്രവർത്തന രീതിയിൽ മാറ്റം വരുത്തണം. കാർഷിക മേഖലയിലെ ഉൽപാദന വർദ്ധനവ് ലക്ഷ്യംവെച്ച് ആയിരിക്കണം ഇത്. സംസ്ഥാനം സ്വയം പര്യാപ്തത നേടാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സഹകരണസംഘങ്ങൾ നേതൃത്വം കൊടുക്കണം. ഇതിനായി തരിശു ഭൂമികളിൽ കൃഷി ചെയ്യുകയും പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയും വേണം. കാർഷിക മേഖലയിലേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനായി കുറഞ്ഞ പലിശയിൽ പണം നൽകി സഹായിക്കണം. ഇതിന് നേതൃത്വം കൊടുക്കാൻ സഹകരണ സംഘങ്ങൾ തയ്യാറാകുന്നതോടൊപ്പം തന്നെ സഹകരണ സംഘങ്ങളുടെ നിലനിൽപ്പ് കൂടി പരിഗണിച്ചുകൊണ്ട് പദ്ധതികൾ ഉണ്ടാക്കാൻ സർക്കാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.