കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ ശുപാര്‍ശ
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ഡോ.ആര്‍. ശശികുമാര്‍ ചെയര്‍മാനായ സമിതി ബുധനാഴ്ചയാണ് മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ട് നല്‍കിയത്. 15 ശുപാര്‍ശകളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. കേരള ബാങ്കില്‍ ലയിപ്പിക്കാനും കേരള ബാങ്കിന്റെ കാര്‍ഷിക വായ്പാ വിഭാഗമായി ഇതിനെ മാറ്റാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നടപ്പാക്കേണ്ട ആധുനികവല്‍ക്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷ്, അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍, നബാര്‍ഡ് റിട്ട. ജനറല്‍ മാനേജര്‍ കെ.റ്റി. ഉമ്മന്‍, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി എ.ആര്‍. ബിന്ദു, തിരുവനന്തപുരം പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഇ.ജി. മോഹന്‍, ഇരിട്ടി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് റിക്കവറി ഓഫീസര്‍ പി.കെ. ജയരാജന്‍, അഡീഷണല്‍ രജിസ്ട്രാറും കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ എസ്. ശ്രീജയ എന്നിവരാണ് ഉന്നതതല സമിതി അംഗങ്ങള്‍.
സംസ്ഥാനത്ത് 76 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കും അതിന്റെ അപ്പക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുമാണുള്ളത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് കാര്‍ഷിക അനുബന്ധ മേഖലയ്ക്ക് വായ്പ ലഭ്യമാക്കുകയാണ് ഈ സഹകരണ വായ്പാ സംവിധാനത്തിന്റെ ലക്ഷ്യം. പ്രാഥമിക ബാങ്കുകളെ സ്വതന്ത്ര വിഭാഗമായി മാറ്റാനും അപ്പക്സ് ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാനുമാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക വായ്്പാ സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളുമാണ് നിലവില്‍ കേരള ബാങ്കിലെ അംഗങ്ങള്‍. ലയനം സാധ്യമായാല്‍ ഇവയ്ക്കൊപ്പം പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തേണ്ടിവരും.