കാര്‍ഷികമേഖലയില്‍ നൂതന പദ്ധതികള്‍; മുല്ലക്കൊടി റൂറല്‍ ബാങ്കിന് 1.79കോടിരൂപ സഹായം
കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി സഹകരണ റൂറല്‍ ബാങ്കിന് സര്‍ക്കാര്‍ സഹായം. 1.79 കോടിരൂപ സാമ്പത്തിക സഹായമായി അനുവദിക്കാന്‍ സഹകരണ വകുപ്പ് ഉത്തരവിറക്കി. സബ്‌സിഡി, ഓഹരി, വായ്പ എന്നീ രീതിയിലാണ് പണം നല്‍കുക. ഇതില്‍ 86.39 ലക്ഷം രൂപയും സബ്‌സിഡിയായാണ് നല്‍കുക. 75.60ലക്ഷം ഓഹരിയും 17.99 ലക്ഷം വായ്പയുമാണ്. ‘സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുക.
പ്രാദേശികമായി സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് കൃഷിയിലേക്ക് നേരിട്ടിറങ്ങുന്ന പദ്ധതിയാണ് മുല്ലക്കൊടി ബാങ്ക് തയ്യാറാക്കിയത്. നെല്‍കൃഷി, ഉഴുന്ന്, പയര്‍, പച്ചക്കറി എന്നിവ കൃഷി ചെയ്യാനാണ് പദ്ധതി. 2023 നവംബറില്‍ ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം മുല്ലക്കൊടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പണം അനുവദിക്കണമെന്ന് കാണിച്ച് 2023 ഡിസംബര്‍25ന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പണം അനുവദിക്കുന്നതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും സഹകരണ സംഘം രജിസ്ട്രാര്‍ വിലയിരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനത്തിന്റെ ഡോക്യുമെന്റേഷന്‍, ഡാറ്റ എന്‍ട്രി എന്നിവ നടത്തണം. സര്‍ക്കാര്‍ ഫണ്ടില്‍നിന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ വകുപ്പിന്റെ ലോഗോയും വിവരണവും ഉള്‍പ്പെടുത്തണമെന്നും ഇക്കാര്യം രജിസ്ട്രാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പ് 1946-ല്‍ രൂപംകൊണ്ട സഹകരണ സംഘമാണ് മുല്ലക്കൊടി റൂറല്‍ സഹകരണ ബാങ്ക്. കാലോചിതമായ പ്രവര്‍ത്തനത്തിലൂടെ സൂപ്പര്‍ഗ്രേഡ് പദവിയിലാണ് ഇപ്പോള്‍ ബാങ്കുള്ളത്. പ്രാദേശികമായ ഇടപെടലാണ് ജനകീയ ബാങ്ക് എന്ന നിലയിലേക്ക് മുല്ലക്കൊടിയെ ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥികളെ ഇടപാടുകാരാക്കിയ ന്യൂജന്‍ പരീക്ഷണം വിജയകരമായി നടപ്പാക്കിയത് മുല്ലക്കൊടിയുടെ മുഖച്ഛായ മാറ്റുന്ന ഒന്നായി. ഇനി കര്‍ഷകര്‍ക്കിടയില്‍ നേരിട്ടിറങ്ങി പുതിയ പദ്ധതി പരീക്ഷണത്തിനാണ് മുല്ലക്കൊടി തയ്യാറെടുക്കുന്നത്.
[mbzshare]