കല്‍പ്പറ്റ ബാങ്കില്‍ വിദ്യാനിധി നിക്ഷേപ പദ്ധതി തുടങ്ങി
വയനാട് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കമായി. നഗരസഭാപരിധിയിലെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പി.ടി.എ. യുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്. വിദ്യാനിധി അക്കൗണ്ടുകളിലെ ബാക്കിനില്‍പ്പ് തുകയുടെ ഇരട്ടി വരെ നഗരസഭാപരിധിയിലുള്ള വിദ്യാര്‍ഥികളുടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വായ്പയായി രക്ഷകര്‍ത്താവിന്റെ അപേക്ഷപ്രകാരം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിദ്യാര്‍ഥികളുടെ രണ്ട് ഫോട്ടോ, ആധാര്‍ എന്നിവസഹിതം പ്രത്യേക ഫോമിലാണ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്.
ഓരോ സ്‌കൂളിലും പദ്ധതിയുടെ നടത്തിപ്പിനായി കലക്ഷന്‍ ഏജന്റിന്റെ സേവനവും ബാങ്കിലെ ജീവനക്കാര്‍ക്ക് പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തീയതിയില്‍ വീടുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ഹോംസേഫ് ഡെപ്പോസിറ്റ് ബോക്‌സിലെ സമ്പാദ്യം സ്‌കൂളില്‍ വെച്ച് അധ്യാപകരുടെ സാന്നിധ്യത്തില്‍ കലക്ഷന്‍ ഏജന്റുമാര്‍ ശേഖരിക്കുകയും വിദ്യാനിധി അക്കൗണ്ടില്‍ വരവുവെക്കുകയും ചെയ്യും. രക്ഷിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് തുക അടച്ചതിന്റെ വിവരങ്ങള്‍ സന്ദേശമായി അയക്കും.
കല്‍പ്പറ്റ ഗവ. എല്‍. പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഇ കെ ബിജുജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സി. ജയരാജന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം. പി. സജോണ്‍ പദ്ധതി വിശദീകരണം നല്‍കി. ബാങ്ക് വൈസ് പ്രസിഡന്റ് എ. ഗിരീഷ്, ഭരണസമിതി അംഗങ്ങളായ വി.എം. റഷീദ്, പി.പി. അനിത, പി.കെ. വനജ, അസി. സെക്രട്ടറി വി. ഉഷാകുമാരി, മാനേജര്‍ കെ. എം. ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഇ. മുസ്തഫ, അധ്യാപിക എം.എം. മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.