കലക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം അനുവദിക്കണം

moonamvazhi

സഹകരണ സംഘങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍, ശമ്പളസ്‌കെയില്‍ ഇല്ലാത്ത അപ്രൈസര്‍മാര്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം ( GPAIS ) അനുവദിക്കണമെന്നു കോഴിക്കോട് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിനേഷ് കാരന്തൂര്‍ സഹകരണ മന്ത്രി, ധനകാര്യ മന്ത്രി, ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംഘങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ക്കും ശമ്പളസ്‌കെയില്‍ ഇല്ലാത്ത അപ്രൈസര്‍മാര്‍ക്കും GPAIS ല്‍ അംഗത്വമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ വകുപ്പിന്റെ 15 /7/ 2015 ലെ 87/2015 ഉത്തരവ് പ്രകാരം ഇവര്‍ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിച്ചിരുന്നു. എന്നാല്‍, ശമ്പള സ്‌കെയില്‍ അനുവദിച്ചവര്‍ക്കു മാത്രമേ ഇനിമുതല്‍ ഈ സ്‌കീമില്‍ പണമടച്ച് ചേരാന്‍ സാധിക്കൂ എന്നാണു കേരള ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. അവരുടെ പണം മാത്രമേ ട്രഷറി സ്വീകരിക്കുകയുള്ളൂ. SLI / GIS ല്‍ അംഗത്വമുള്ളവര്‍ക്കേ GPAIS ല്‍ അംഗത്വം നല്‍കാനാകൂ എന്നു സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിലും പറയുന്നുണ്ട്. കലക്ഷന്‍ ഏജന്റുമാര്‍ക്കും കമ്മീഷന്‍ വ്യവസ്ഥയിലെ അപ്രൈസര്‍മാര്‍ക്കും ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടില്ല. ഫീല്‍ഡില്‍ ജോലിക്ക് പോകുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വളരെ ഗുണം ചെയ്യുന്ന ഈ സ്‌കീമില്‍ സര്‍ക്കാറിനും സംഘങ്ങള്‍ക്കും സാമ്പത്തിക ബാധ്യതയൊന്നുമില്ല. അതിനാല്‍, അടുത്ത വര്‍ഷത്തേക്കുള്ള പ്രീമിയം അടയ്ക്കാനുള്ള ഉത്തരവ് ഇറങ്ങുന്നതിനു മുന്‍പ് കളക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും ഈ ഇന്‍ഷുറന്‍സ് ആനുകൂല്യം അനുവദിക്കണം- നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.