കര്‍മനിരതമായ 8250 ദിവസങ്ങള്‍ – സി.എന്‍. വിജയകൃഷ്ണന്‍
ഇന്നലെ മാര്‍ച്ച് 13. മിനിഞ്ഞാന്ന് കുന്നംകുളത്തുള്ള എന്റെ സുഹൃത്ത് ലബീബ് ഹസന്റെ വീട്ടില്‍ നിന്നു ഒരുമിച്ച് ഭക്ഷണം കഴിച്ച് കാറില്‍ കയറുമ്പോഴാണ് ഭാര്യ ഉഷ പറയുന്നത് എനിക്ക് 60 വയസ്സായെന്ന്.കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ഞാന്‍ ജനിച്ചതെന്ന് ഭാര്യ പറഞ്ഞു.
60 വയസ്സെന്നു പറയുന്നത് തീര്‍ച്ചയായും വലിയൊരു കാലയളവു തന്നെയാണ്. എന്നാല്‍ , ദിവസങ്ങള്‍ എണ്ണിയെടുക്കുകയാണെങ്കില്‍ 21,900 ദിവസങ്ങള്‍. അതില്‍ത്തന്നെ പതിനായിരം ദിവസങ്ങള്‍ ഉറങ്ങിപ്പോയിക്കാണും. അഞ്ചു വയസ്സുവരെ, 1825 ദിവസങ്ങള്‍ കുട്ടിയായും കടന്നുപോയി. ബാക്കിയുള്ള 8250 ദിവസങ്ങളാണ് ജീവിച്ചിട്ടുണ്ടാവുക. ആ 8250 ദിവസങ്ങളില്‍ ഒരു സാധാരണ മനുഷ്യനു ചെയ്യാന്‍ കഴിയുന്നതിലധികം സമൂഹത്തിന് കൊടുക്കാന്‍ കഴിഞ്ഞു എന്നത് എന്നെ സന്തോഷവാനാക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പഠനത്തിലായിരുന്നില്ല എനിക്ക് താല്പര്യം. സ്‌കൂളില്‍ എസ്.എഫ്.ഐ. പ്രസ്ഥാനം പടുത്തുയര്‍ത്താനായിരുന്നു എനിക്കാവേശം. ഫറോക്ക് ഗണപത് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ കടന്നുചെല്ലുമ്പോള്‍ അവിടെ എസ്.എഫ്.ഐ. ഉണ്ടായിരുന്നില്ല. കെ.എസ്.യു മാത്രമായിരുന്നു അന്നവിടെ പ്രവര്‍ത്തിച്ചിരുന്നത്. രാജന്‍, അശോകന്‍ എന്നീ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ എറ്റവും ജൂനിയര്‍ ആയിരുന്നു ഞാന്‍. പിന്നീട് ഞാന്‍ എട്ടാം ക്ലാസിലെത്തുമ്പോഴേയ്ക്കും ഫറോക്ക് ഗണപത് സ്‌കൂളിലെ 32 ക്ലാസുകളില്‍ ഇരുപത്തിയെട്ടിലും എസ്.എഫ്.ഐ. കടന്നു വന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ബസ് ഡ്രൈവറാവാന്‍ വല്ലാത്ത ആഗ്രഹമായിരുന്നു. എന്റെ നാട്ടിലൂടെ കടന്നു പോകുന്ന ബസ്സുകളുടെ പേരും അതിലെ ഡ്രൈവര്‍മാരുടെ ഇരിപ്പും അവര്‍ വളയം പിടിക്കുന്ന രീതിയുമൊക്കെ ഞാന്‍ സാകൂതം നോക്കുമായിരുന്നു. ബസ് ഡ്രൈവറാവുക എന്ന മോഹം എന്നില്‍ നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടേയിരുന്നു.
എസ്.എസ്.എല്‍.സി ക്ക് തോറ്റപ്പോഴാണ് അച്ഛനോട് ഒരു ബസ് വാങ്ങിത്തരാന്‍ പറയുന്നത്. തല്‍ക്കാലം ബസ് വാങ്ങാന്‍ കഴിയില്ലെന്നും ടാക്സി വാങ്ങിത്തരാമെന്നും അച്ഛന്‍ പറഞ്ഞു. കാറ് വാങ്ങിത്തരാന്‍ എന്റെ ചെറിയ ജ്യേഷ്ഠന്‍ അച്ഛനെ നിര്‍ബന്ധിച്ചു . ടാക്സി വാങ്ങിത്തരുന്നതിനു മുന്‍പ് അച്ഛനൊരു നിബന്ധന വച്ചു – ടാക്സിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ചെലവ് നടത്തിക്കോളണം. പകലും രാത്രിയും ഓരോ ഡ്രൈവറെ വീതം വച്ച് കാറോടിച്ചു . ടാക്സി സ്റ്റാന്റില്‍ ഞങ്ങള്‍ സി.ഐ.ടി.യു. യൂനിറ്റുണ്ടാക്കി. ഞാന്‍ സെക്രട്ടറിയും അപ്പുണ്ണിയേട്ടന്‍ പ്രസിഡന്റുമായി. പക്ഷേ, യൂണിയന്‍ കെട്ടിപ്പടുത്തുയര്‍ത്തിയപ്പോഴേയ്ക്കും കാറു പൊളിഞ്ഞു. അതോടെ, വല്ല്യേട്ടന്‍ എന്നെ വീട്ടില്‍ നിന്നു പുറത്താക്കി. പിന്നീട് അടുത്ത മനയിലെ പടിപ്പുരയുടെ മുകളിലായി താമസം. ഞാന്‍ അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ജാനകിയമ്മ എന്നും രാവിലെ ചായയും ഭക്ഷണവുമൊക്കെ കൊണ്ടുത്തരും. എന്റെ സുഹൃത്തും ഏടത്തിയമ്മയുമായിരുന്ന ലീലേടത്തിയും അപ്പു കുഞ്ഞേട്ടനും അമ്മിണിയും എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വീട്ടില്‍ നിന്ന് പുറത്തായപ്പോഴും ഒരു ബസ്് സ്വന്തമാക്കുക എന്ന മോഹം മനസ്സില്‍ തിളച്ചുനിന്നു. അന്ന് ഡോ. അഹമ്മദ്കുട്ടിയുടെ കുടുംബം അവരുടെ കാറോടിക്കാന്‍ എന്നെ ഇടയ്‌ക്കൊക്കെ വിളിക്കുമായിരുന്നു. അന്നു ജീവിച്ചുപോന്നത് ഇങ്ങനെയാണ്. അവരുടെ വിശ്വസ്തനായിരുന്നു ഞാന്‍. ഡോക്ടര്‍ അമേരിക്കയിലായിരുന്നു. ആ കുടുംബത്തിനുവേണ്ടി കാറോടിക്കുമ്പോഴും എന്റെ ആലോചന എങ്ങനെ ഒരു ബസ്സെടുക്കാം എന്നായിരുന്നു. ഒരവസരം ഒത്തുകിട്ടാന്‍ ഞാന്‍ കാത്തിരുന്നു. ഒടുവില്‍, ആ അവസരം കൈവന്നു. വളരെ റിസ്‌ക് എടുത്ത് ഉണ്ടാക്കിയ പണംകൊണ്ട് അങ്ങനെ ബസ്സെടുത്തു. എന്തായിരുന്നു ആ റിസ്‌ക് എന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്തായാലും ഞാനും സുഹൃത്ത് വല്‍സനും വള്ളിക്കുന്ന് മാധവന്‍നായരും ചേര്‍ന്നു പരപ്പനങ്ങാടി- കോഴിക്കോട് റൂട്ടില്‍ ഓടുന്ന KLM 1685 ബസ്് സ്വന്തമാക്കി. അങ്ങനെ ഞാനൊരു ബസ്് മുതലാളിയായി.
ഇരുപത്തിയൊന്നു വയസ്സു തികയും മുമ്പേ , ഹെവി ഡ്രൈവിങ് ലൈസന്‍സ് കിട്ടുംമുമ്പേ ബസ്സി്ല്‍ ഡ്രൈവറായിപ്പോകാനുള്ള യോഗം എനിക്കുണ്ടായി. അങ്ങനെ എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലമായി. പിന്നീട് പല നാട്ടിലും പുതിയ ബസ്‌റൂട്ടുണ്ടാക്കുക എന്നത് എനിക്കൊരു ഹരമായിരുന്നു. തുടര്‍ന്ന് ബസ്സുടമകളുടെ സംഘടനയില്‍ എക്സിക്യൂട്ടീവംഗമായി ഞാന്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ 1986 ഡിസംബര്‍ 25 ന് ഞാന്‍ വിവാഹിതനായി. 88 ജനുവരി ഒന്നിന് ഞങ്ങള്‍ക്ക് മകനുണ്ടായി.
എന്നെ അതിയായി വേദനിപ്പിച്ച ഒരു സംഭവം ഭാര്യയുടെ വീടും രണ്ടര ഏക്കര്‍ സ്ഥലവും വിറ്റ് അവിടെ നിന്നിറങ്ങിയതാണ്. നടുമുറ്റവും കാവുമൊക്കെയുള്ള, എട്ടുകെട്ടുപോലുള്ള പഴയ തറവാടായിരുന്നു അത്. അന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ ഭാര്യയുടെ അമ്മ അവസാനമായി ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയ ആ രംഗം ഇന്നും എന്റെ മനസ്സിലൊരു നോവായി ശേഷിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് അന്ന് ചെയ്തതെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്.
1990 ല്‍ സി.എം.പി. യില്‍ അംഗമായി. പിന്നീട് സി.പി.എം. എന്നെ കൊല്ലാന്‍ ശ്രമം നടത്തി. അതിന് നേതൃത്വം കൊടുത്തവര്‍ ഇപ്പോള്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ പേര് പറയുന്നില്ല.
എം.വി.രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഫറോക്ക് അര്‍ബന്‍ബാങ്ക് തുടങ്ങുന്നത്. ഞാന്‍ ഒറ്റയ്ക്കത് വിജയിപ്പിച്ചെടുത്തു. അന്നാണ് എം.വി.ആര്‍. ആദ്യമായി എന്നോട് ഇരിക്കാന്‍ പറഞ്ഞത്. പിന്നീട് കരുവന്തുരുത്തി ബാങ്കുണ്ടാക്കി. അതിന്റെ പ്രസിഡന്റായി. അന്നാണ് ഓടു തൊഴിലാളികള്‍ക്ക് ആദ്യമായി സ്വന്തം ജാമ്യത്തില്‍ പത്തായിരം രൂപ ലോണ്‍ കൊടുത്തത്. 2003 ല്‍ എം.വി.ആര്‍. എന്നോട് കരുവന്തുരുത്തി ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഫറോക്കിലെ വീട് വിറ്റ് കോഴിക്കോട്ടേക്ക് താമസം മാറ്റാന്‍ പറഞ്ഞു. കരുവന്തുരുത്തി ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാന്‍ എനിക്കു പ്രയാസമുണ്ടായിരുന്നു. കോഴിക്കോട്ടേക്കു മാറി കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിസമ്മതിച്ചു. മുന്‍ എം.പി പാട്യം രാജന്‍ നിര്‍ബന്ധിച്ചപ്പോഴാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് ബാങ്ക് തുടങ്ങിയത്.
ബാങ്കിന്റെ ഉദ്ഘാടന സമയത്ത് ഞാന്‍ രണ്ടു കാര്യങ്ങള്‍ പറഞ്ഞു. അഞ്ചു കൊല്ലംകൊണ്ട് കാലിക്കറ്റ് സിറ്റി ബാങ്കിനെ മികച്ച ബാങ്കാക്കി മുന്‍നിരയിലെത്തിക്കുമെന്നതായിരുന്നു അതിലൊന്ന്. നിക്ഷേപം ആയിരം കോടി തികയുന്ന സമയത്ത് ബാങ്കിന്റെ പ്രസിഡന്റു സ്ഥാനം ഒഴിയുമെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന എം.വി.ആര്‍. എന്നെ കളിയാക്കി. എന്നാല്‍, അതെല്ലാം സംഭവിച്ചു. കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണബാങ്ക് ആയിരം കോടിയിലെത്തി. ഞാന്‍ പ്രസിഡന്റുസ്ഥാനമൊഴിഞ്ഞു. ഇന്ന് കേരളത്തിലെ മികച്ച ബാങ്കുകളില്‍ ഒന്നാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക്. ഇന്നു ഞാന്‍ പ്രസിഡന്റല്ലെങ്കില്‍പ്പോലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പോകുന്നുണ്ട്. ഞാന്‍ പ്രസിഡന്റായിരിക്കുന്ന കാലത്ത് തുടങ്ങിയതാണ് സൗജന്യ ഡയാലിസിസും സൗജന്യ ഭക്ഷണവും. സിറ്റി ബാങ്കിന്റെ ഡയാലിസിസ് സെന്ററില്‍ 48 പേര്‍ക്കാണ് ആജീവനാന്തം പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്. അതുപോലെ 60 വയസ് കഴിഞ്ഞ 101 പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണവും നല്‍കിവരുന്നു. ചൂടുകാലത്ത് ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ദിവസവും കോഴിക്കോട് നഗരത്തില്‍ അയ്യായിരം പേര്‍ക്ക് മില്‍മയുടെ സംഭാരം സൗജന്യമായി നല്‍കിത്തുടങ്ങിയതും എന്റെ കാലത്തുതന്നെ. ഇതൊക്കെ എന്റെ ജീവിതത്തിലെ വലിയ കാര്യമായി തോന്നുന്നു.
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജര്‍ സാജു ജെയിംസിന്റെ ഭാര്യ അനിലയുടെ മരണമാണ് കാന്‍സര്‍ സെന്ററിനെപ്പറ്റി ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ ആ പെണ്‍കുട്ടി മരിച്ചത് കാന്‍സര്‍ ബാധിച്ചായിരുന്നു. അവരുടെ മൃതദേഹം കണ്ടു മടങ്ങുമ്പോഴാണ് ഒരു കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചത്. ആ ചിന്തയാണ് ഇന്നു കാണുന്ന കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററായി മാറിയത്. കാന്‍സര്‍സെന്റര്‍ തുടങ്ങണമെന്ന് പറഞ്ഞപ്പോള്‍ എം.വി.ആര്‍. അനുവാദം തന്നില്ല. പിന്നീട് പലതും പറഞ്ഞ് സമ്മതിപ്പിച്ചാണ് അനുവാദം വാങ്ങിച്ചത്. സഹകരണ ആശുപത്രി തുടങ്ങണമെന്നായിരുന്നു ആദ്യം. അന്നു സഹകരണ മന്ത്രിയായിരുന്ന ജി. സുധാകരന്റെ അടുത്തുപോയപ്പോള്‍ സഹകരണ ആശുപത്രി വേണ്ട ചാരിറ്റബള്‍ സൊസൈറ്റി മതിയെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തിനുള്ളില്‍ അതിനുള്ള ഉത്തരവും അദ്ദേഹം നല്‍കി. അതാണ് ഇന്ന് കേരളത്തില്‍ത്തന്നെ, ഇന്ത്യയില്‍ത്തന്നെ, ഒരുപക്ഷേ, ലോകത്തില്‍ത്തന്നെ അറിയപ്പെടുന്ന കാന്‍സര്‍ സെന്ററായ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍. എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ക്ലിനിക്ക് ഏപ്രില്‍ അവസാനം ദുബായില്‍ ഉദ്ഘാടനം ചെയ്യും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
അറുപത് വയസ്. ഒരു പൊതുപ്രവര്‍ത്തകന്‍ ആഗ്രഹിച്ചതൊക്കെ നടക്കുന്നു. ദൈവവിശ്വാസിയുടെ വാക്കില്‍ പറഞ്ഞാല്‍ ദൈവാധീനം എന്നു പറയാം. സഹകരണ രംഗത്ത് പലതും ചെയ്യാന്‍ കഴിഞ്ഞു. ആയിരക്കണക്കിനാളുകള്‍ക്ക് ജോലിനല്‍കാന്‍ കഴിഞ്ഞു എന്നതുതന്നെ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.
സഹകണ മേഖലയില്‍ ലോകത്തിലെത്തന്നെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലൊരുക്കിക്കൊണ്ട് കേരളത്തിനു മാതൃകയാവുകയാണ് ഞാന്‍ പ്രസിഡന്റായിട്ടുള്ള ലാഡര്‍. മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നാണ് ആഗ്രഹം. മഞ്ചേരിയില്‍ സഹകരണ മേഖലയിലെ ഷോപ്പിങ് മാളും ലാഡര്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ ഉദ്ഘാടനം ഈ ഏപ്രിലില്‍ നടക്കും.
ഈ കാലയളവിനുള്ളില്‍ വന്നിട്ടുള്ള സഹകരണ മന്ത്രിമാരായ എം.വി.ആര്‍, ജി. സുധാകരന്‍, സി.എന്‍. ബാലകൃഷ്ണന്‍, എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ എന്നോടു കാട്ടിയിട്ടുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്. സി.എന്‍. ബാലകൃഷ്ണന്‍ എന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പേരിനു മുന്നിലുള്ളതുപോലെ എന്റെ പേരിനു മുന്നിലും സി.എന്‍ എന്നുള്ളതുകൊണ്ടായിരിക്കാം.
കടന്നുവന്ന വഴികളില്‍ ദ്രോഹിച്ചവരും കുറ്റപ്പെടുത്തിയവരും അനവധിയുണ്ട്. അതിലേറെ സ്നേഹിച്ചവരുണ്ട്. അറുപതുവയസ്സുവരെ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യമാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ? എന്റെ കൂടെ നില്‍ക്കുന്ന ചെറിയ മനുഷ്യരുടെ കൂട്ടായ്മയും സ്നേഹവുമാണ് എന്നെ മുന്നോട്ടു നടത്തിയത്. ഇതുവരെയുള്ള എന്റെ ജീവിതയാത്രയില്‍ ഞാനെന്നില്‍ തൃപ്തനാണ്. ഇനിയൊരു ആഗ്രഹം മാത്രമാണുള്ളത് . അനായാസേന മരണം. അതുകൂടി ആഗ്രഹംപോലെ നടന്നാല്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തിയായിരിക്കും ഞാന്‍ എന്നാണ് തോന്നുന്നത്.
ഈയവസരത്തില്‍ എന്നെ സ്നേഹിച്ച ആളുകളെക്കാള്‍ കൂടുതല്‍ ദ്രോഹിച്ചവരോടാണ് എനിക്ക് കടപ്പാടുള്ളത്. അവരെന്നെ ഓരോ തവണ ദ്രോഹിക്കുമ്പോഴും അത് മറികടക്കാനുള്ള ഒരു പ്രത്യേക കരുത്തും ഊര്‍ജവവും എനിക്ക് വന്നുചേര്‍ന്നു. ദൈവങ്ങളുടെ കൂട്ടത്തില്‍ എന്റെ ദൈവം ബഹുമാനപ്പെട്ട ഹൈക്കോാടതിയാണ്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഓരോഘട്ടത്തിലും പിടിച്ചു നിര്‍ത്തിയത് ഹൈക്കോടതിയുടെ വിധികളാണ്. ഞാന്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. 2027 എന്നൊരു വര്‍ഷമുണ്ടെങ്കില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനെ ലോകത്തെ മികച്ച കാന്‍സര്‍ റിസര്‍ച്ച് സെന്ററാക്കി മാറ്റും. ആയുസ്സുണ്ടെങ്കില്‍ അതിനുള്ള ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടാകും.
കടന്നുപോയ ദിനങ്ങളൊക്കെ സന്തോഷത്തേക്കാള്‍ കൂടുതല്‍ ദു:ഖിപ്പിച്ചിട്ടുണ്ട്. ജനിച്ചു വീണപ്പോള്‍ തുടങ്ങിയ പ്രയാസങ്ങളാണ്. ഞാന്‍ ജനിച്ചതുകൊണ്ടാണ് അമ്മ കിടന്നുപോയതെന്നും ഞാന്‍ അമ്മയുടെ കാലനാണെന്നും പലരും പറഞ്ഞിട്ടുണ്ട്. അന്നു തുടങ്ങിയ വെല്ലുവിളികളാണ്. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഇതൊക്കെ അതിജീവിച്ചതില്‍ അഭിമാനമുണ്ട്. കഴിഞ്ഞുപോയ എത്രയോ രസകരമായ ദിനങ്ങള്‍, അനുഭവങ്ങള്‍. ഓര്‍ക്കാനും പറയാനും ഇനിയുമുണ്ട് ഏറെ. എം.വി. ആറുമൊത്തുള്ള യാത്രകള്‍ മറക്കാന്‍ കഴിയില്ല. സ്നേഹിച്ചവരോടൊക്കെ കടപ്പാടുണ്ട്. പേരുകള്‍ പിന്നീടൊരവസരത്തില്‍ പറയാം.