ഒടുവില്‍ ചക്കിട്ടപ്പാറ വനിത സംഘത്തിന് ശാഖ തുറക്കാന്‍ അനുമതി
ശാഖ തുറക്കാന്‍ അനുമതി നിഷേധിച്ച കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ നടപടി സര്‍ക്കാരിന് മുമ്പില്‍ ചോദ്യം ചെയ്ത് അനുകൂല ഉത്തരവ് നേടി ചക്കിട്ടപ്പാറ വനിത സഹകരണ സംഘം. ഒരുപ്രദേശത്തിന്റെ പൊതു ആവശ്യം പരിഗണിക്കുമ്പോള്‍ സംഘത്തിന്റെ അപേക്ഷ അംഗീകരിക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ശാഖ തുടങ്ങാന്‍ ചക്കിട്ടപ്പാറ വനിത സംഘത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഏഴ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തനപരിധിയുള്ള ചക്കിട്ടപ്പാറ വനിത സഹകരണ സംഘം കൂരാച്ചുണ്ട് പഞ്ചായത്തില്‍ അത്തിയോടി എന്ന സ്ഥലത്ത് പുതിയ ശാഖ തുടങ്ങാനാണ് കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. 2023 ജനുവരി 12ന് ഈ അപേക്ഷ ജോയിന്റ് രജിസ്ട്രാര്‍ തള്ളി. ഇതിനെതിരെയാണ് സംഘം സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്. അപേക്ഷ നിരസിക്കുന്നതിന് ഉചിതമായ ഒരുകാരണവുമില്ലെന്നായിരുന്നു സംഘത്തിന്റെ വാദം. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഡിറ്റ് എന്നിവര്‍ നടത്തിയ ജോയിന്റ് സര്‍വേയില്‍ ശാഖ തുടങ്ങുന്നതിന് അപാകതയുള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നും സംഘം സര്‍ക്കാരിനെ അറിയിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തില്‍ മറ്റൊരു വനിത സംഘം പ്രവര്‍ത്തിക്കുന്നതിനാല്‍ ചക്കിട്ടപ്പാറ സംഘത്തിന് ശാഖ തുടങ്ങാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്. ചക്കിട്ടപ്പാറ സംഘം ശാഖതുടങ്ങിയാല്‍ അത് മറ്റേ സംഘത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഈ വാദം സര്‍ക്കാര്‍ തള്ളി. സഹകരണ നിയമം അനുസരിച്ച് വനിത സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനപരിധി ഓവര്‍ലാപ്പിങ് നടത്തുന്നതിന് തടസ്സമില്ലെന്നതും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജോയിന്റ് രജിസ്ട്രാറുടെ തടസ്സവാദങ്ങള്‍ തള്ളി ചക്കിട്ടപ്പാറ വനിത സംഘത്തിന് ശാഖ തുറക്കുന്നതിന് അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണം ഇങ്ങനെയാണ്. കൂരാച്ചുണ്ട് പഞ്ചായത്ത് ധാരാളം കൃഷിക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, മറ്റ് വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. അവിടുത്തെ പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ഇടപാട് നടത്തുന്നതിന് ചക്കിട്ടപ്പാറയോ പേരാമ്പ്രയോ എത്തിച്ചേരേണ്ടതുണ്ട്. അതിനാല്‍, കൂരാച്ചുണ്ടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ചക്കിട്ടപ്പാറ വനിത സംഘത്തിന് അവിടെ ശാഖ തുടങ്ങാന്‍ അനുമതി നല്‍കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.